തേങ്ങ പൊളിച്ച് തിന്നാന്‍ ശേഷിയുള്ള ജീവികളാണ് വിക എലിയും തേങ്ങാ ഞണ്ടും എങ്കിലും, ഈ രണ്ട് വര്‍ഗ്ഗങ്ങളും കടുത്ത വംശനാശഭീഷണി നേരിടുന്നവയാണെന്ന് ഗവേഷകര്‍ പറയുന്നു

Vika Rat
പുതിയ എലിവര്‍ഗ്ഗമായ ഉറോമിസ് വിക. ചിത്രം കടപ്പാട്: Velizar Simeonovski, The Field Museum

 

ഴക്കാടുകളില്‍ മരങ്ങള്‍ക്ക് മുകളില്‍ പാര്‍ക്കുകയും തേങ്ങാ കടിച്ചുതുരന്ന് തിന്നുകയും ചെയ്യുന്ന ഒരു വിചിത്ര മൂഷികനെക്കുറിച്ച്, വാന്‍ഗുനു ദീപിലുള്ളവര്‍ക്ക് മുമ്പേ അറിയാമായിരുന്നു. തെക്കന്‍ ശാന്തസമുദ്രത്തിലെ സോളമന്‍ ദീപുകളില്‍ ഉള്‍പ്പെട്ടതാണ് വാന്‍ഗുനു. 2010ല്‍ അവിടം സന്ദര്‍ശിക്കുമ്പോള്‍, ഷിക്കാഗോ ഫീല്‍ഡ് മ്യൂസിയത്തിലെ ടൈറോണ്‍ ലാവെറി ആ നിഗൂഢജീവിയെക്കുറിച്ച് തദ്ദേശവാസികളില്‍ നിന്നറിഞ്ഞു. 

വാന്‍ഗുനു ദീപ് നിവാസികളുടെ അറിവില്‍ അതൊരു ഭീമന്‍ എലിയാണ്. 'വിക' ('vika') എന്നാണ് അവരതിനെ വിളിക്കുന്നത്. അവിടുത്ത നഴ്‌സറിഗാനങ്ങളില്‍ വരെ ആ ഭീമന്‍ മൂഷികനെക്കുറിച്ച് പരാമര്‍ശമുണ്ട്. 

പതിറ്റാണ്ടുകളായി ഗവേഷകര്‍ ഇങ്ങനെയൊരു എലിയെക്കുറിച്ച് കേട്ടിരുന്നു എങ്കിലും, ആ ജിവിയെ കണ്ടുപിടിക്കാന്‍ കാര്യമായ ശ്രമം നടന്നില്ല. പക്ഷേ, ടൈറൊണ്‍ ലാവെറി അതിനെ കണ്ടെത്താന്‍ തീരുമാനിച്ചു. ക്യാമറ കെണികളും, ജീവികളെപ്പിടിക്കാനുള്ള സാധാരണ കെണികളുമൊക്കെ കാട്ടിലൊരുക്കി കാത്തിരുന്നു. ഏഴുവര്‍ഷം നീണ്ട ആ പരിശ്രമത്തിന് കാര്യമായ ഫലം ഉണ്ടായില്ല! ഒടുവില്‍, മറിഞ്ഞുവീണ ഒരു മരത്തില്‍ നിന്ന് ചാടിയോടിയ 'വിക' എലിയെ ഹികുന ജഡ്ജ് എന്ന വൈള്‍ഡ്‌ലൈഫ് റേഞ്ചര്‍ പിടികൂടി. 

സാധാരണ എലികള്‍ക്ക് 200 ഗ്രാം ഭാരമാണുള്ളതെങ്കില്‍, വികയ്ക്ക് ഒരു കിലോഗ്രാം വരെ ഭാരമുണ്ട്. 'ഉറോമിസ് വിക' (Uromys vika) എന്നാണ് പുതിയ എലിവര്‍ഗ്ഗത്തിന് ഗവേഷകര്‍ നല്‍കിയ പേര്. സോളമന്‍ ദീപുകളില്‍ നിന്ന് 80 വര്‍ഷത്തിന് ശേഷം പുതിയൊരു മൂഷികവര്‍ഗ്ഗത്തെ കണ്ടെത്തിയ കാര്യം 'ജേര്‍ണല്‍ ഓഫ് മാമലോജി'യില്‍ പ്രസിദ്ധീകരിച്ചു.  

മരങ്ങള്‍ക്ക് മുകളില്‍ രഹസ്യജീവിതം നയിക്കുകയും തേങ്ങാ മോഷ്ടിച്ച് തിന്നുകയും ചെയ്യുന്ന കക്ഷിയാണ് ഇപ്പോള്‍ കണ്ടെത്തിയ മൂഷികനെങ്കില്‍, പരസ്യമായി തെങ്ങില്‍ കയറി, തേങ്ങാ പറിച്ചിട്ട് താഴെയിറങ്ങി തേങ്ങായുടെ ചകിരി പൊളിച്ച് ചിരട്ടപൊട്ടിച്ച് ആസ്വദിച്ച് തിന്നുന്ന മറ്റൊരു ജീവിയുണ്ട്. ഇതു കേള്‍ക്കുമ്പോള്‍ നമ്മള്‍ മനുഷ്യരും ഇതല്ലേ ചെയ്യുന്നതെന്ന് തോന്നാം. ശരിയാണ്. പക്ഷേ, ഞാനിവിടെ പറയുന്നത് ഒരിനം ഞണ്ടിനെക്കുറിച്ചാണ് - തേങ്ങാ ഞണ്ട് ( Coconut crab ) എന്ന് പേരുള്ള വര്‍ഗ്ഗം ('കള്ളന്‍ ഞണ്ട്', 'പാം തീഫ്' തുടങ്ങിയ പേരുകളും ഈ കക്ഷിക്കുണ്ട്). ശാസ്ത്രനാമം-'ബിര്‍ഗസ് ഇറ്റാറൊ' ( Birgus ltaro). 

Cocunut Crab
തേങ്ങാ ഞണ്ട്. ചിത്രം കടപ്പാട്: BBC Earth 

 

ആള് ചില്ലറക്കാരനല്ല. കൈകള്‍ വിരിച്ചുവെച്ചാല്‍ ഏതാണ്ട് ഒരു മീറ്ററിലേറെ നീളം വരും, ശരീരഭാരം നാല് കിലോഗ്രാം വരെ. കരയില്‍ കാണുന്ന ഏറ്റവും വലിയ 'ആര്‍ത്രോപോഡ്' ആണ് തേങ്ങാ ഞണ്ട്. ഈ ലേഖകനോട് തേങ്ങാ ഞണ്ടിനെക്കുറിച്ച് ആദ്യം പറയുന്നത് പ്രശസ്ത കടലാമ വിദഗ്ധന്‍ സതീഷ് ഭാസ്‌കര്‍ ആണ്. തേങ്ങാ ഞണ്ടിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നേരിട്ട് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഗവേഷകനാണ് അദ്ദേഹം. 'തെങ്ങില്‍നിന്ന് തേങ്ങാ പറിച്ചിട്ട് താഴെയിറങ്ങി ഇവന്‍ തേങ്ങയുടെ ചകിരി പൊളിക്കുന്നത് ഒരു കാഴ്ച്ചയാണ്''-സതീഷ് ഓര്‍ക്കുന്നു. ആന്‍ഡമാനിലെ ആള്‍പ്പാര്‍പ്പില്ലാത്ത സൗത്ത് സെന്റിനല്‍ ദ്വീപ് തേങ്ങാ ഞണ്ടുകളുടെ ഒരു താവളമാണ്. അവിടെ കടലാമകളെ തേടി പോയപ്പോഴെല്ലാം സതീഷ് ഭാസ്‌ക്കര്‍ ഈ ഞണ്ടുകളെയും നിരീക്ഷിച്ചിട്ടുണ്ട്. 'തേങ്ങയുടെ തൊണ്ടിലെ ചകിരിനാരുകള്‍ ഒന്നൊന്നായി തന്റെ ബലിഷ്ഠമായ നുറുക്കുകാല്‍ കൊണ്ട് പറിച്ചെടുക്കും, ഒടുവില്‍ ചിരട്ടയും അറുത്തു മുറിച്ച് തേങ്ങാ തിന്നും'-അദ്ദേഹം വിവരിക്കുന്നു. 

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും ശാന്തസമുദ്രത്തിലെയും തെങ്ങുകളുള്ള ദ്വീപുകളാണ് ഈ ഭീമന്‍ ഞണ്ടുകളുടെ വാസഗേഹം. തേങ്ങായിട്ട് തിന്നുമെങ്കിലും, തേങ്ങ മാത്രമല്ല ഇവയുടെ ഭക്ഷണം. കായ്കളും കനികളും ഉണങ്ങി വീഴുന്ന മരത്തിന്റെ ദ്രവിച്ച ഭാഗങ്ങളും ചത്ത ജീവികളുമൊക്കെ ഇവ ഭക്ഷണമാക്കും. കാഴ്ച്ച അത്ര മികച്ചതല്ലെങ്കിലും, തേങ്ങാ ഞണ്ടുകള്‍ക്ക് മണംപിടിക്കാനുള്ള കഴിവ് അപാരമാണ്, ഭക്ഷണം കണ്ടെത്തുന്നത് മണംപിടിച്ചാണ്. 

* തേങ്ങാ ഞണ്ടിനെക്കുറിച്ചുള്ള വീഡിയോ കാണാം

തേങ്ങാ ഞണ്ടിന്റെ ഇറുക്കുകാലിന്റെ ശക്തി അപാരമാണ്. അതൊന്ന് പരീക്ഷിച്ചറിയാന്‍ തനിക്ക് അവസരം കിട്ടിയ കാര്യം സതീഷ് ഭാസ്‌കര്‍ ഓര്‍മിക്കുന്നു. തെക്കന്‍ നിക്കോബാര്‍ ദ്വീപുകളിലൊന്നില്‍ നിന്ന് ഒരു തേങ്ങാ ഞണ്ടിനെ പിടികൂടി, 'സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ'യുടെ പോര്‍ട്ട് ബ്ലെയറിലെ ഓഫീസിലെത്തിക്കാന്‍ സതീഷ് ഭാസ്‌ക്കര്‍ തീരുമാനിച്ചു. കപ്പലില്‍ അതിനെയുംകൊണ്ട് കയറിയപ്പോള്‍, അതിന്റെ ഇറുക്കുകാലിന്റെ ശക്തി നോക്കണമെന്നായി സഹയാത്രികര്‍. 'ഒരു അലുമിനിയം കമ്പി വെച്ചുകൊടുത്തപ്പോള്‍, ഇറുക്കുകാല്‍ കൊണ്ട് ഒറ്റ പിടിത്തമേ വേണ്ടിവന്നുള്ളൂ, കമ്പി നിഷ്പ്രയാസം മുറിഞ്ഞു!' തേങ്ങാ ഞണ്ടിന് അതിന്റെ പെരുങ്കാല്‍കൊണ്ട് 28 കിലോഗ്രാം ഭാരം വരെ പൊക്കിയെടുക്കാന്‍ കഴിയുമെന്ന് വരുമ്പോള്‍, അതിന്റെ ശക്തി എത്രയെന്ന് ആലോചിച്ചു നോക്കുക.

തേങ്ങ പൊളിച്ച് തിന്നാന്‍ ശേഷിയുള്ള ജീവികളാണ് വിക എലിയും തേങ്ങാ ഞണ്ടും എങ്കിലും, ഈ രണ്ട് വര്‍ഗ്ഗങ്ങളും കടുത്ത വംശനാശഭീഷണി നേരിടുന്നവയാണെന്ന് ഗവേഷകര്‍ പറയുന്നു. തേങ്ങാ ഞണ്ടിന്റെ കാര്യത്തില്‍ അതിന്റെ വലുപ്പം തന്നെയാണ് വില്ലനാകുന്നത്. സ്വാദിഷ്ടമായ ഞണ്ടിറച്ചി ആഗ്രഹിക്കുന്നവര്‍ക്ക് തേങ്ങാ ഞണ്ട് ഒരു വിരുന്ന് തന്നെയാണ്. ഞണ്ടിറച്ചിക്കായി ഇവയെ കൊന്നൊടുക്കുന്നതിന് കണക്കില്ല. അതിന്റെ ഫലമായി 'ഇന്‍ര്‍നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി'ന്റെ (ഐ.യു.സി.എന്‍) ചുവപ്പ് പട്ടികയിലാണ് തേങ്ങാ ഞണ്ടിന്റെ സ്ഥാനം. 

വിക എലിയുടെ കാര്യത്തില്‍ വാന്‍ഗുനു ദീപിലും മറ്റും നടക്കുന്ന വനനശീകരണമാണ് വെല്ലുവിളിയാകുന്നത്. ആ എലി വര്‍ഗ്ഗത്തിന്റെ ആവാസവ്യവസ്ഥ ഇല്ലാതാവുകയാണ്. ലാവെറിയും ജഡ്ജും ആ ജീവിയെ കണ്ടെത്തിയിരുന്നില്ലെങ്കില്‍, ഒരുപക്ഷേ ശാസ്ത്രലോകത്തിന് മനസിലാക്കാന്‍ കഴിയുംമുമ്പ് അവ എന്നന്നേക്കുമായി അപ്രക്ഷമാകുമായിരുന്നു.

അവലംബം -

1. Giant, tree-dwelling rat discovered in Solomon Islands. Nature.
2. Coconut crabs are the biggest anthropods living on land. BBC Earth.