മറയൂർ: പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന, വംശനാശഭീഷണി നേരിടുന്ന ചോലക്കറുമ്പി തവളകളെ സംരക്ഷിക്കാൻ പദ്ധതിയുമായി വനം വകുപ്പ്. ഇനിമുതൽ മതികെട്ടാൻഷോലയുടെ ദേശീയോദ്യാനപ്രധാനിയും ഔദ്യോഗിക ചിഹ്നവും ഈ കുഞ്ഞൻതവളയായിരിക്കും. ഇതിന്റെ ഭാഗമായി അവശേഷിക്കുന്ന തവളകളെ സംരക്ഷിക്കാനും നിരീക്ഷിക്കാനും പരിപാലിക്കാനുമായി മൂന്നാർ വന്യജീവിസങ്കേതത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഇവയുടെ സംരക്ഷണപ്രവത്തനങ്ങളിലൂടെ മതികെട്ടാൻഷോല ദേശീയോദ്യാനത്തിലെ മറ്റു ജീവികളെയും ചെടികളെയും മുഴുവനായും സംരക്ഷിക്കുക എന്ന വലിയ ലക്ഷ്യവുമുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു ഉഭയജീവി ഒരു വന്യജീവിസങ്കേതത്തിന്റെ ചിഹ്നമാകുന്നതെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി പറഞ്ഞു.

ഉദ്യോഗസ്ഥർ നിരീക്ഷിക്കും

ചോലക്കറുമ്പി തവളകളെ ഇനിമുതൽ മതികെട്ടാൻഷോല ദേശീയോദ്യാനത്തിലെ വനംവകുപ്പുദ്യോഗസ്ഥർ സ്ഥിരമായി നിരീക്ഷിക്കും. അവ നേരിടുന്ന പ്രശ്നങ്ങളും അതിൽനിന്ന് അവരെ സംരക്ഷിക്കാൻ വേണ്ടി ചെയ്യാവുന്ന മുൻകരുതലുകളും വംശനാശത്തിൽനിന്ന് സംരക്ഷിക്കാൻ വേണ്ട പ്രവർത്തനങ്ങളും അവർ ഏറ്റെടുക്കും. കൂടാതെ മറ്റു തവളകളെയും പാമ്പുകളെയും പല്ലികളെയും കുറിച്ചുള്ള വിവരശേഖരണവുമുണ്ടാകും. ഇവ രേഖപ്പെടുത്തുന്നതിനായി മൊബൈൽ ആപ്പും തയ്യാറാക്കി ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു. ഇതിനു മുന്നോടിയായി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അരുൺ കെ.നായരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കായി ക്സാസുകളും നൽകി.

ഭംഗിയിൽ മുൻപൻ തവള

ലോകത്തിൽതന്നെ ചുരുക്കംചിലയിടങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ തവളകൾ ഭംഗിയുടെ കാര്യത്തിൽ മറ്റു തവളകളേക്കാൾ മുന്നിലാണ്. കേവലം മൂന്ന് സെന്റിമീറ്ററിനടുത്തുമാത്രം വലുപ്പം വരുന്ന ഇവ വംശനാശഭീക്ഷണി നേരിടുന്ന ജീവികളിൽ ഐ.യു.സി.എൻ. ചുവപ്പുപട്ടികയിൽ ഉൾപ്പെടുന്നവയാണ്.

പരിണാമപരമായി വളരെ വ്യത്യസ്തരായ ഇവരുടെ അടുത്ത ബന്ധുക്കൾ ആഫ്രിക്കയിലാണുള്ളത്. കേൾവിശക്തിയില്ല എന്നു കരുതപ്പെടുന്ന ഇവയുടെ ശരീരത്തിലെ ചെറിയ നീലകുത്തുകൾ ആകാശഗംഗയ്ക്ക് സമാനമായതുകൊണ്ട് ഇവയെ ഗാലക്സി ഫ്രോഗ് എന്നും വിളിക്കുന്നുണ്ട്.