ചീറ്റപ്പുലി ആഫ്രിക്കയില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ മണ്ണിലേക്ക് വരുന്നു. ഇന്ത്യയില്‍ വംശനാശം നേരിട്ട ചീറ്റപ്പുലി ആഫ്രിക്കന്‍ മണ്ണില്‍നിന്നു പറിച്ചു നടുന്ന പ്രക്രിയയാണിത്. എട്ട് ചീറ്റപ്പുലികളെ ദക്ഷിണാഫ്രിക്കയില്‍നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഈ വര്‍ഷം നവംബറോടെ എത്തിക്കുമെന്നാണ് പ്രതീക്ഷ. അതിനുള്ള ഒരുക്കങ്ങള്‍ മധ്യപ്രദേശ് വനംവകുപ്പ് നടത്തിക്കഴിഞ്ഞു.

ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇതിനുള്ള പഠനം നടന്നത്. കുനോ നാഷണല്‍ പാര്‍ക്ക് അതിന് യോജിച്ച വാസസ്ഥലമായി അംഗീകരിക്കുകയും ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വൈ.വി. ജലയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പദ്ധതി നവംബറോടെ പ്രാവര്‍ത്തികമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

ആഫ്രിക്കയില്‍നിന്നു ചീറ്റപ്പുലിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള പദ്ധതിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. പദ്ധതി അവലോകനം ചെയ്യാന്‍ വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചു. സമിതിയുടെ അംഗീകാരത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്.

വേട്ടയാടലിനെ തുടര്‍ന്നാണ് 1950 മുതല്‍ ചീറ്റപ്പുലിയുടെ വംശം ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമായത്.

Content Highlights: Cheetahs from South Africa will reach India in November