ലയില്‍ കറുത്ത തൊപ്പി പോലെയുള്ള അടയാളം, ചുവന്ന കൊക്ക്- ഈ പക്ഷിയുടെ പേരാണ് കരിന്തലയന്‍ മീന്‍കൊത്തി. കക്ഷി ഒരു പൊന്മാനാണ്. പക്ഷേ അതിനെ കണ്ടുകിട്ടുക പലപ്പോഴും പ്രയാസമാണ്. ബ്ലാക്ക് കാപ്പ്ഡ് കിങ്ഫിഷര്‍  (Black Capped Kingfisher) എന്നാണ് ഇംഗ്ലീഷിലെ പേര്.

വളരെ കാലമായി ഈ കരിന്തലയന്റെ ചിത്രം വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കിട്ടിയിട്ടില്ല. എന്നാല്‍ കൊച്ചിയിലെ കെ. ഐ. ബിജോയിക്ക് കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ എഴുപുന്നയ്ക്ക് അടുത്തുള്ള ചങ്ങാരം നീര്‍തടങ്ങളില്‍ നിന്ന് കരിന്തലയനെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞു.

കേരളത്തിന്റെ പലഭാഗങ്ങളിലായി അപൂര്‍വമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ള ഈ പൊന്മാനെക്കുറിച്ച് ഡോ. സി. ശശികുമാര്‍ തയ്യാറാക്കിയ 'കേരളത്തിലെ പക്ഷികളില്‍' പ്രതിപാദിക്കുന്നുണ്ട്.

കരിന്തലയന്‍ അപൂര്‍വമാണെങ്കില്‍ ബ്ലൈത്ത് പൊന്മാന്‍ അത്യപൂര്‍വമാണ്. നാഗാലാന്റ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമേ ഇങ്ങനെയൊരു പൊന്മാനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യയില്‍ താമസിച്ചിരുന്ന ഇംഗ്ലീഷുകാരനായ ശാസ്ത്രജ്ഞന്‍ എഡ്‌വേര്‍ഡ് ബ്ലൈത്തിന്റെ പേരാണ് ഈ പൊന്‍മാന് നല്‍കിയിരിക്കുന്നത് (Edward Blythe). വന്യജീവി ഫോട്ടോഗ്രാഫറായ ജൈനി കുര്യാക്കോസിനാണ് ഈയിടെ നാഗാലാന്റ്-ബര്‍മ്മ അതിര്‍ത്തിയില്‍ നിന്ന് ഈ പൊന്മാനെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത്.

കാക്കമീന്‍കൊത്തി (Spotted Bill Kingfisher) പുള്ളി മീന്‍കൊത്തി (Lesser pied Kingfisher) മീന്‍കൊത്തി ചാത്തന്‍ (White Breasted Kingfisher) എന്നിവയാണ് കേരളത്തില്‍ സാധാരണയായി കാണുന്ന പൊന്മാനുകള്‍.