ആഫ്രിക്കന്‍ മുഷി പോലെ കേരളത്തിന്റെ പരിസ്ഥിതിക്കും ആവാസവ്യവസ്ഥകള്‍ക്കും നാശംവിതയ്ക്കുന്ന ഒട്ടേറെ അധിനിവേശയിനങ്ങളുണ്ട്. അത്തരം ജീവികള്‍ക്കും സസ്യങ്ങള്‍ക്കുമെതിരെ നമ്മള്‍ ജാഗ്രത പാലിച്ചേ മതിയാകൂ 

Bioinvasion
ആഫ്രിക്കന്‍ മുഷി. ചിത്രം: Kalapeedia / Pinterest

കേരളത്തില്‍ ആഫ്രിക്കന്‍ മുഷിയെ കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ചുകൊണ്ട് ദക്ഷിണ മേഖലാ ഫിഷറീസ് ജോയന്റ് ഡയറക്ടര്‍ ഉത്തരവിട്ടത് കഴിഞ്ഞയാഴ്ചയാണ്. ജലാശയങ്ങളിലെത്തുന്ന ആഫ്രിക്കന്‍ മുഷികള്‍ ചെറിയ മീനുകളെ കൊന്നൊടുക്കുന്നു. അതിനാല്‍, ഇവ സംസ്ഥാനത്തെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് കാണിച്ചാണ്, ആഫ്രിക്കന്‍ മുഷിയോട് 'കടക്കു പുറത്ത്' എന്ന് ഉത്തരവുണ്ടായിരിക്കുന്നത്. 

ഈ ഉത്തരവ് കേള്‍ക്കാന്‍ ശേഷിയുണ്ടായിരുന്നെങ്കില്‍ തിലോപ്പിയ മത്സ്യവും ആഫ്രിക്കന്‍ പായലുമൊക്കെ ചിരിച്ചു മരിക്കുമായിരുന്നു! കാരണം, ആഫ്രിക്കന്‍ മുഷിക്കും മുമ്പ് കേരളത്തില്‍ കടന്നുകയറി, ഇവിടുത്തെ ആവാസവ്യവസ്ഥകള്‍ക്കും ജൈവവൈവിധ്യത്തിനും ഭീഷണിയായി മാറിയ ഇനങ്ങളാണ് അവ. ഇതുപോലെ എത്രയെത്ര അധിനിവേശ ഇനങ്ങള്‍ കേരളത്തിന്റെ ജൈവവൈവിധ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നു.

ഈ ലേഖകന്‍ കുട്ടിക്കാലത്ത് വളര്‍ന്നത്, തെക്കന്‍ കേരളത്തില്‍ നെയ്യാര്‍ തടാകത്തിനടുത്ത് അമ്പൂരിയിലാണ്.  വന്യജീവി സംരക്ഷണനിയമങ്ങള്‍ അത്ര കര്‍ക്കശമല്ലാതിരുന്നതിനാല്‍, നാട്ടുകാര്‍ക്ക് തടാകത്തില്‍ വലകെട്ടി മീന്‍പിടിക്കാന്‍ കഴിയുമായിരുന്നു. ഒരു പെരുമഴക്കാലത്ത് അമ്മാവന്‍മാര്‍ പോയി വലകെട്ടി കൊണ്ടുവന്നതില്‍ പത്തിലേറെ വ്യത്യസ്തയിനം മത്സ്യങ്ങളെ എണ്ണി നോക്കിയ കാര്യം ഇന്നും എനിക്കോര്‍മയുണ്ട്. കറ്റി, കുറുവ, കൂരല്‍, ചൊട്ടാവാള എന്നിങ്ങനെ പേരുകളുള്ള മത്സ്യങ്ങള്‍. അവയെല്ലാം കേരളത്തിലെ തനതായ ശുദ്ധജല മത്സ്യയിനങ്ങളായിരുന്നു. പക്ഷേ, ഇന്ന് നെയ്യാര്‍ഡാം തടാകത്തിലുള്ളത് തിലാപ്പിയയും കട്‌ലയും പോലുള്ള ചില അധിനിവേശയിനങ്ങള്‍ മാത്രം. 

സസ്യങ്ങളും മത്സ്യങ്ങളും ആഫ്രിക്കന്‍ ഒച്ച് പോലുള്ള ജീവികളും മാത്രമല്ല, മാരക വൈറസുകളും മറ്റ് രോഗാണുക്കളും ജൈവഅധിനിവേശത്തിന്റെ ഭാഗമായി വലിയ ഭീഷണിയാകാറുണ്ട്. ഒരു ഉദാഹരണം നോക്കാം. ബ്രിട്ടനില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ച ഒന്നായിരുന്നു 2001 ല്‍ രാജ്യത്ത് കന്നുകാലികള്‍ക്ക് പടര്‍ന്നുപിടിച്ച കുളമ്പുരോഗം. ബ്രിട്ടന്റെ കാലിവ്യവസായം തകര്‍ച്ച നേരിട്ടു. എഴുപത് ലക്ഷത്തോളം ആടുകളെയും മാടുകളെയും നശിപ്പിക്കേണ്ടി വന്നു. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് പോലും ഒരു മാസത്തേക്ക് മാറ്റിവെച്ചു. 1600 കോടി ഡോളറിന്റെ നഷ്ടമാണ് ആ മൃഗരോഗം ബ്രിട്ടന് വരുത്തിയത്. 

Neyyar Dam Lake
കേരളത്തിലെ ജലാശയങ്ങളിലും കായലുകളിലും കരയിലും അധിനിവേശയിനങ്ങള്‍ ഭീഷണിയുയര്‍ത്തുന്നു. നെയ്യാര്‍ തടാകം. ചിത്രം: ജോസഫ് ആന്റണി

 

ആ മൃഗരോഗത്തിന്റെ വേരുകള്‍ തേടിപ്പോയ ഗവേഷകര്‍ എത്തിയത് എവിടെയായിരുന്നെന്നോ, ഇന്ത്യയില്‍-ശരിക്കുപറഞ്ഞാല്‍ ഉത്തര്‍പ്രദേശില്‍! തൊണ്ണൂറുകളില്‍ ഉത്തര്‍പ്രദേശില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്ത ആടുകളിലൂടെ ഇവിടെനിന്ന് പോയ വൈറസാണത്രേ, പല വഴികളിലൂടെ ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലെത്തി നാശംവിതച്ചത്! 

ചിക്കുന്‍ഗുനിയ ഉള്‍പ്പടെ ഇരുപതിലേറെ മാരക വൈറസുകളുടെ വാഹകരാണ് കേരളമടക്കം ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ടൈഗര്‍ കൊതുക്. 

അന്യജീവജാതികള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെരുകി അവിടുത്തെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിനെയാണ് ജൈവഅധിനിവേശം (bioinvasion) എന്ന് വിളിക്കുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്‌നങ്ങളിലൊന്നായി ജൈവഅധിനിവേശം ഇന്ന് മാറിയിരിക്കുന്നു. ഗതാഗതത്തിലുണ്ടായ വര്‍ധനയും ആഗോളവ്യാപാരവുമെല്ലാം ജൈവഅധിനിവേശത്തിന് ആക്കംകൂട്ടുന്നതായി 'വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്' പറയുന്നു. 

African Payal
ആഫ്രിക്കന്‍ പായല്‍. ചിത്രം കടപ്പാട്: കാക്കര/വിക്കിപീഡിയ 

 

ഉള്‍നാടന്‍ മത്സ്യകൃഷിക്കായി 1980കളുടെ തുടക്കത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിച്ച ആഫ്രിക്കന്‍ മുഷി (Clarias gariepinus ) യാണ്, ഇപ്പോള്‍ നിരോധിക്കേണ്ട അധിനിവേശയിനമായി മാറിയിരിക്കുന്നത്. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളില്‍ വളര്‍ത്താനും വില്‍പ്പനയ്ക്കുമായി 1940കളില്‍ ഏഷ്യയിലേക്കും മറ്റും എത്തിയ സസ്യയിനമാണ് ആഫ്രിക്കന്‍ പായല്‍ (Salvinia molesta). പേര് ഇതാണെങ്കിലും, ഇവയുടെ സ്വദേശം തെക്കുകിഴക്കന്‍ ബ്രസ്സീലും വടക്കന്‍ അര്‍ജന്റീനയുമാണ്. ആഫ്രിക്കന്‍ പായല്‍ നമ്മുടെ കൃഷിയിടങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും എത്ര ഭീഷണിയായി മാറി എന്നാലോചിക്കുക.

രണ്ടാംലോകമഹായുദ്ധകാലത്ത്, വ്യോമതാവളങ്ങള്‍ ശത്രുക്കളുടെ കണ്ണില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ ഉപയോഗിച്ച സസ്യയിനമാണ് ധൃതരാഷ്ട്ര പച്ച (Mikania micrantha). ഒരിടത്ത് എത്തിയാല്‍, ഭ്രാന്തമായ വേഗത്തില്‍ വളര്‍ന്നുപടര്‍ന്ന് വ്യാപിക്കുന്ന സസ്യമാണിത്. തെക്കേയമേരിക്കയും മധ്യ അമേരിക്കയുമാണ് ഇതിന്റെ ജന്മദേശം. നമ്മുടെ നാട്ടില്‍ തേയിലകൃഷിക്ക് ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുന്ന മൂന്ന് കളകളില്‍ ഒന്നാണ് ഇന്ന് ധൃതരാഷ്ട്ര പച്ച. ഇതുപോലെ, തെക്കേയമേരിക്കയില്‍ ആമസോണില്‍ നിന്നെത്തിയ കളവാഴ, കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ ആഫ്രിക്കന്‍ ഒച്ച്,  മധ്യഅമേരിക്കയില്‍ നിന്നുള്ള ഗാംബൂസിയ മത്സ്യം, തെക്കേയമേരിക്കന്‍ സ്വദേശിയാ കമ്മ്യൂണിസ്റ്റ് പച്ച, മധ്യഅമേരിക്കന്‍ സ്വദേശിയായ പാര്‍ത്തനീയം, മെക്‌സിക്കന്‍ സ്വദേശിയെന്ന് കരുതുന്ന മണ്ഡരി കീടം ഒക്കെ കേരളത്തിലെ തനത് ജീവിവര്‍ഗ്ഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ഭീഷണിയാണ്. 

Mandari
മണ്ഡരി കീടം. ചിത്രം കടപ്പാട്: യു.എസ്.ഡി.എ

 

പല കാലങ്ങളില്‍ പല കാരണങ്ങളാല്‍ നമ്മുടെ നാട്ടിലെത്തിയ അധിനിവേശയിനങ്ങള്‍ ശരിക്കും കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് എത്ര ആഘാതമേല്‍പ്പിക്കുന്നു എന്നത് പഠിക്കേണ്ട വിഷയമാണ്. ഈ ഭീഷണിക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. (ജൈവഅധിനിവേശം ഒരു ഭൂഖണ്ഡത്തെ തന്നെ മരുഭൂവത്ക്കരിച്ച ചരിത്രമുണ്ട്. അതെപ്പറ്റി അടുത്ത ലക്കത്തില്‍)

* കടപ്പാട്: സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ.

*  മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്