ക്ഷദ്വീപില്‍ വര്‍ധിക്കുന്ന എലിശല്യം നേരിടാന്‍ കേരളത്തില്‍നിന്നുള്ള വെള്ളിമൂങ്ങകള്‍. എലിയെ പിടികൂടാന്‍ വൈദഗ്ധ്യമുള്ള പക്ഷികളായതിനാലാണ് കേരളത്തില്‍ നിന്നുള്ള വെള്ളിമൂങ്ങകളെ ലക്ഷദ്വീപില്‍ എത്തിക്കുന്നത്.

ലക്ഷദ്വീപില്‍ എലികള്‍ വര്‍ധിക്കാന്‍ കാരണമുണ്ട്. ജൈവകൃഷിക്കാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ പ്രാമുഖ്യം. കൃഷിക്ക് കീടനാശിനികള്‍ ഉപയോഗിക്കുന്നില്ല. മുപ്പതോളം ദ്വീപുകള്‍ ലക്ഷദ്വീപില്‍ ഉണ്ടെങ്കിലും പത്തെണ്ണത്തില്‍ മാത്രമേ ജനവാസമുള്ളൂ. എല്ലാ ദ്വീപുകളിലും തെങ്ങ് ധാരാളം വളരുന്നു. തേങ്ങകളും സുലഭമായി കിട്ടും. ഈ സാഹചര്യം മുതലെടുത്ത് എലികളും ഷഡ്പദങ്ങളും ചെല്ലികളും മറ്റും ക്രമേണ വര്‍ദ്ധിച്ചു. അവ തെങ്ങിനും മറ്റ് വിളകള്‍ക്കും ശല്യമായിത്തീര്‍ന്നു.

ഇതിനെ എങ്ങനെ നേരിടാമെന്ന് ആലോചിച്ചതില്‍നിന്നാണ് വെള്ളിമൂങ്ങകളെ ഉപയോഗിക്കാമെന്ന ആശയത്തിലേയ്ക്ക് ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്. ഇതിനുള്ള പദ്ധതി ലക്ഷദ്വീപ് ഭരണകൂടം തയ്യാറാക്കി. അതിന്റെ ഭാഗമായാണ് വെള്ളിമൂങ്ങകളെ ലക്ഷദ്വീപില്‍ കൊണ്ടുവരാനുള്ള തീരുമാനം. പദ്ധതി നടപ്പിലാക്കുന്നതിന് രൂപരേഖ തയ്യാറാക്കി വരുന്നു.

tortoise

ആമകള്‍ക്കും ഇപ്പോള്‍ ലക്ഷദ്വീപില്‍ സംരക്ഷണമുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആമകളെ പിടിക്കാന്‍ പാടില്ല. ആമയുടെ ഇറച്ചിക്ക് പ്രിയമാണ്. കൂടാതെ ഇറച്ചിയില്‍നിന്ന് കിട്ടുന്ന ദ്രാവകം ഉപയോഗിച്ചാണ് വള്ളങ്ങളും ബോട്ടുകളും പെയിന്റ് ചെയ്തിരുന്നത്. ഇന്നിപ്പോള്‍ അതിന് പകരമായി മറൈന്‍ പെയിന്റുകള്‍ ലഭ്യമാണ്. 

അറബിക്കടലില്‍ കാണുന്ന റെഡ് ബില്‍ഡ് ട്രോപിക് എന്ന പക്ഷി ലക്ഷദ്വീപിലുണ്ട്. ഇന്ത്യാസമുദ്രത്തിലും ഈ പക്ഷിയെ കാണാം. ലക്ഷദ്വീപില്‍ നൂറ് പക്ഷി ഇനങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവയുടെ പൂര്‍ണ പട്ടിക തയ്യാറാക്കാന്‍ സര്‍വെ നടത്താനും ഭരണകൂടം പദ്ധതി തയ്യാറാക്കുന്നു.