ദേശാടന പക്ഷിയായ കുറിത്തലയന്‍ വാത്ത് (Bar headed goose) ഇപ്പോള്‍ തൃശ്ശൂര്‍ കോള്‍നിലത്ത് ഒരു ചെറിയ കൂട്ടമായി എത്തി. സമീപത്തായി മറ്റ് ദേശാടകരായ ഫ്ലാമിങ്ങോയും പെലിക്കനുമുണ്ട്.

കുറിത്തലയനെ കണ്ടാല്‍ പറക്കാന്‍ കഴിയുമോ എന്ന് സംശയിച്ചുപോകും. കാരണം താറാവിനേക്കാള്‍ അല്‍പം വലുതാണ്. പക്ഷെ ഈ പക്ഷി അനായാസമായി പറക്കും. ലഡാക്കില്‍ നിന്നും ചൈനയില്‍ നിന്നും തെക്കേ ഇന്ത്യയില്‍ പലയിടങ്ങളിലുമെത്തും. ഇത്തവണ തൃശ്ശൂര്‍ കോള്‍ നിലത്തും എത്തി.

അഫ്ഗാനിസ്ഥാന്‍, മംഗോളിയ, ചൈന, കിര്‍ഗിസ്ഥാന്‍, റഷ്യയുടെ തെക്കേ ഭാഗങ്ങള്‍, തിബറ്റ് തുടങ്ങിയ രാജ്യങ്ങളാണ് കുറിത്തലയന്റെ പ്രധാന ആവാസ പ്രദേശങ്ങള്‍. ഈ രാജ്യങ്ങളില്‍ അതിശൈത്യമാകുമ്പോള്‍ പക്ഷി ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും ദേശാടനത്തിനിറങ്ങും. ഏപ്രില്‍ മാസത്തോടെ സ്വദേശത്തേക്ക് തിരിച്ചുപോകും. 

bar headed goose

പറക്കുക മാത്രമല്ല എവറസ്റ്റ് കൊടുമുടിയുടെ ഭാഗങ്ങളില്‍പ്പോലും കുറിത്തലയനെ പര്‍വതാരോഹകര്‍ കണ്ടെത്തിയതായി രേഖകളുണ്ട്. അതിനാല്‍ പറക്കലില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പക്ഷിക്ക് ഇപ്പോഴും കഴിയുന്നു. 

1987 നവംബറിലാണ് കുറിത്തലയനെ കേരളത്തില്‍ ആദ്യമായി രേഖപ്പെടുത്തിയതെന്ന് പ്രമുഖ പക്ഷി ഗവേഷകനായ സി. ശശികുമാര്‍ പറയുന്നു. അന്ന് കടലുണ്ടിയില്‍ പക്ഷിയെ കണ്ടിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പാലക്കാട് വാളയാറിലും പുറത്തൂരും മറ്റും പക്ഷിയെ രേഖപ്പെടുത്തി.

ഈയിടെ തൃശ്ശൂര്‍ കോള്‍ നിലത്തിലെത്തിയ വന്യജീവി ഫോട്ടോഗ്രാഫര്‍ കെ. ഐ. ബിജോയിക്കാണ് കുറിത്തലയനെ ക്യാമറയില്‍ പകര്‍ത്താന്‍ അവസരം കിട്ടിയത്.