ദ്യം നാല് കാലുകളിലും ആടിയുലഞ്ഞ് ഒന്ന് നിലയുറപ്പിച്ച്, ഒരു ചുവട് മുന്നോട്ട് വെച്ച് പിന്നെയും ആടിയുലഞ്ഞ് മൂക്കുംകുത്തി അല്ല തുമ്പിക്കൈ കുത്തി വീണ്, വീണിടത്ത് നിന്നെണീറ്റ്... ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിവര്‍ന്ന് നടക്കാന്‍ ശ്രമിക്കുന്ന ഒരു ആനക്കുട്ടിയുടെ ആദ്യചുവടുവെയ്പുകളില്‍ വിസ്മയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 

വന്യജീവിലോകത്തിലെ കൗതുകക്കാഴ്ചകള്‍ സ്ഥിരമായി പങ്കുവെയ്ക്കുന്ന ഐഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാനാണ് ഹൃദയഹാരിയായ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. 'ഒരാനക്കുട്ടിയുടെ ആദ്യത്തെ ചുവടുവെയ്പുകള്‍. ആടിയുലഞ്ഞ്, മെല്ലെ. ഒരു നാള്‍ 6000 കിലോഗ്രാം ഭാരമുള്ള ഒരു ഭീമനായി മാറുന്ന ഇവന്‍ നടക്കുമ്പോള്‍ ഭൂമി കുലുങ്ങും. അതാണ് ജീവിതം'. എന്ന അടിക്കുറിപ്പോടെയാണ് കസ്വാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

തുമ്പിക്കൈ കൊണ്ട് കുട്ടിയാനയെ നിവര്‍ന്ന് നില്‍ക്കാന്‍ അമ്മയാന സഹായിക്കുന്ന വീഡിയോയും കസ്വാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉറയ്ക്കാത്ത കാലുകളില്‍ ആ കുഞ്ഞന്റെ ഭാരം താങ്ങാന്‍ അമ്മയാന സഹായിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ആനക്കുടുംബത്തില്‍ വലിയ സംഭവമാണ്. കുട്ടിയാനയുടെ സംരക്ഷണം കൂട്ടത്തിലെ എല്ലാ ആനകളും ഏറ്റെടുക്കുകയാണ് പതിവ്. 

എന്തായാലും കുട്ടിയാനയുടെ നടപ്പും മുക്കുകുത്തി വീഴലും മെഗാ ഹിറ്റായിരിക്കുകയാണ്. ആനപ്രേമികള്‍ക്കൊപ്പം കുട്ടിയാനയോട് സ്‌നേഹപ്രകടനവുമായെത്തിയവര്‍ നിരവധി. ആനകളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അവയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ജീവിതപാഠങ്ങള്‍ സ്വയം പഠിക്കുന്ന കുട്ടിയാനയ്ക്ക് കയ്യടി നല്‍കുകയാണ് മറ്റൊരാള്‍. 

കുട്ടിയാനയുടെ കൗതുകകരമായ വീഡിയോ ഒരു ലക്ഷത്തിലധികം പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. 14,500 ത്തോളം പേര്‍ ട്വീറ്റിനോട് പ്രതികരിച്ചു. 3000 ലധികം പേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു. 

 

Content Highlights:  Baby Elephant Trying To Take First Steps Wins Social Media, Viral Video