ഏറ്റവും വിനാശകാരിയായ ജീവികളില്‍ ഒന്നായി ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച കടുവാ കൊതുകുകളെ ഒരു പ്രദേശത്തുനിന്ന് കൂട്ടത്തോടെ ഇല്ലാതാക്കിയ കഥ 

ലോകത്ത് രണ്ടു ജീവിവര്‍ഗങ്ങളേ കണക്കില്ലാതെ പെരുകുന്നുള്ളൂ എന്നു പറയാറുണ്ട്-മനുഷ്യനും കൊതുകും! മനുഷ്യര്‍ക്കൊപ്പം പെരുകുക മാത്രമല്ല, മനുഷ്യരെ വല്ലാതെ ദ്രോഹിക്കുകയും ചെയ്യുന്ന ജീവിയാണ് കൊതുക്, പ്രത്യേകിച്ചും 'ഏഷ്യന്‍ കടുവാ കൊതുക്'. ലോകത്ത് പ്രതിവര്‍ഷം ഏഴുലക്ഷം പേരുടെ മരണത്തിന് കടുവാ കൊതുകുകള്‍ പരത്തുന്ന വൈറസുകള്‍ കാരണമാകുന്നു എന്നാണ് കണക്ക്. 

'ലോകത്തെ ഏറ്റവും വിനാശകാരിയായ ജീവികളില്‍ ഒന്ന്' എന്നാണ് ലോകാരോഗ്യസംഘന (WHO) കടുവാ കൊതുകിനെ വിശേഷിപ്പിക്കുന്നത്! മലമ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാന്‍ ജ്വരം, സിക വൈറസ്, ചിക്കുന്‍ഗുനിയ തുടങ്ങിയവയെല്ലാം പരത്തുന്നതില്‍ മുഖ്യപ്രതി കടുവാ കൊതുകാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വദേശിയായ ഇവയുടെ ശരീരത്തിലെ വരകളാണ് കടുവാ കൊതുക് എന്ന ചെല്ലപ്പേര് നേടിക്കൊടുത്തത്. ശാസ്ത്രീയ നാമം: 'ഈഡീസ് ആല്‍ബൊപിക്റ്റസ്' (Aedes albopictus). 

കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ ലോകത്തെ മിക്ക ഭൂഖണ്ഡങ്ങളിലും എത്തിയ അധിനിവേശയിനമാണ് ഏഷ്യന്‍ കടുവാ കൊതുക് (Asian tiger mosquito). തെക്കന്‍ ചൈനയില്‍ ഗോന്‍ജവു (Guangzhou) നഗരപരിസരത്തെ രണ്ടു ദ്വീപുകളില്‍ നിന്ന്, കടുവാ കൊതുകുകളെ ഉന്‍മൂലനം ചെയ്യാന്‍ ഗവേഷകര്‍ക്ക് സാധിച്ചുവെന്ന വാര്‍ത്ത ശ്രദ്ധേയമാണ്. വന്ധ്യംകരിച്ച കൊതുകു പടയെ, ഷാസായി (Shazai), ദദാവോഷ (Dadaosha) എന്നീ ഡല്‍റ്റാ ദ്വീപുകളില്‍ 'വിന്യസിച്ച്' നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. 

പരീക്ഷണത്തിന്റെ ഭാഗമായി, വന്ധ്യംകരിച്ച 20 കോടി കടുവാ കൊതുകുകളെ രണ്ടുവര്‍ഷത്തിനിടെ ആ ദ്വീപുകളില്‍ ഗവേഷകര്‍ തുറന്നുവിട്ടു. അതുവഴി ഇരുദ്വീപുകളിലെയും ടൈഗര്‍ കൊതുകുകളില്‍ 94 ശതമാനവും ഉന്‍മൂലനം ചെയ്യപ്പെട്ടു. മാത്രമല്ല, അവിടെ ആളുകള്‍ക്കേല്‍ക്കുന്ന കൊതുകു കടിയുടെ തോത് 97 ശതമാനം കുറഞ്ഞു. 'നേച്ചര്‍ ജേര്‍ണലി'ല്‍  (Nature, July 17, 2019) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 

Xi Zhiyong
ഷീ ചിയോങ്, പരീക്ഷണശാലയില്‍. Pic Credit: Michigan State University

ഒരു ജനവാസകേന്ദ്രത്തില്‍ നിന്ന് ജൈവസങ്കേതം വഴി അപകടകാരികളായ കൊതുകുകളെ ഏതാണ്ട് പൂര്‍ണമായി ഇല്ലാതാക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കുന്നത് ആദ്യമായാണ്. യു.എസില്‍ മിഷിഗണ്‍ സ്‌റ്റേറ്റ് സര്‍വകാലാശാലയിലെ ഗവേഷകന്‍ ഷീ ചിയോങ് (Xi Zhiyong) ആണ്, ചൈനീസ് ഗവേഷകരുടെ സഹായത്തോടെ പരീക്ഷണം നടത്തിയത്. തെക്കന്‍ ചൈനയില്‍ ഒരു 'കൊതുകുഫാക്ടറി' തന്നെ നടത്തുന്ന ഗവേഷകനാണ് ചിയാങ്. കൊതുകു ഗവേഷണരംഗത്തെ അതികായന്‍.

'മോശം കൊതുകുകളെ നേരിടാന്‍ നല്ല കൊതുകുകളെ സൃഷ്ടിക്കുകയാണ് കൊതുകു ഫാക്ടറിയില്‍ ചെയ്യുന്ന'തെന്ന് 2016-ല്‍ അദ്ദേഹം പറയുകയുണ്ടായി. 

ഈഡിസ് പെണ്‍കൊതുകുകളെ ചെറിയ തോതില്‍ ഗാമ കരണങ്ങള്‍ എല്‍പ്പിച്ചും, ആണ്‍കൊതുകുകളെ 'വോള്‍ബാക്കിയ പിപ്പിയെന്റിസ്' (Wolbachia pipientis) എന്ന ബാക്ടീരിയയുടെ മൂന്നു വകഭേദങ്ങള്‍ ഉപയോഗിച്ചും വന്ധ്യംകരിക്കുക. കൊതുകു ഫാക്ടറിയില്‍ വെച്ച് ഇങ്ങനെ ദ്വിമുഖ തന്ത്രത്തില്‍ പരുവപ്പെടുത്തിയ കൊതുകുകളെ ഇരുദ്വീപുകളിലും ഘട്ടംഘട്ടമായി തുറന്നുവിടുക. ഇതാണ് ചിയോങും സംഘവും ചെയ്തത്. ഗവേഷകര്‍ തുറന്നുവിട്ട ആണ്‍കൊതുകുകളുമായി ദ്വീപുകളിലെ ഈഡിസ് പെണ്‍കൊതുകുകള്‍ ഇണചേര്‍ന്നാലും, തുറന്നുവിട്ട പെണ്‍കൊതുകുകളുമായി ദ്വീപുകളിലെ ആണ്‍കൊതുകുകള്‍ രമിച്ചാലും ഫലം ഒന്നുതന്നെ-അടുത്ത തലമുറ ഉണ്ടാകില്ല! 

സ്വാഭാവിക പരിസ്ഥിതിയില്‍ തന്നെ ആണ്‍കൊതുകുകളെ ബാധിച്ച് പ്രത്യുത്പാദന ശേഷി കുറയ്ക്കുന്ന സൂക്ഷ്മജീവിയാണ് വോള്‍ബാക്കിയ ബാക്ടീരിയം. പ്രകൃതിയില്‍ അവയുടെ രണ്ടു വകഭേദങ്ങള്‍ ഈഡിസ് ആണ്‍കൊതുകുകളെ ബാധിക്കാറുണ്ട്. ചിയോങും സംഘവും മൂന്നാമതൊരു വകഭേദം കൂടി രൂപപ്പെടുത്തി. എന്നിട്ട്, ആണ്‍കൊതുകുകളെ വേര്‍തിരിച്ച് വളര്‍ത്തി അവയ്‌ക്കെല്ലാം ആ സൂക്ഷ്മജീവിയുടെ ബാധയേല്‍ക്കുന്നു എന്നുറപ്പു വരുത്തി. മാത്രമല്ല, ആണ്‍കൊതുകുകളെ പഞ്ചസാര തീറ്റിച്ച് തടിവെപ്പിക്കാനും ഗവേഷകര്‍ മറന്നില്ല. പ്രകൃതിയിലേക്ക് തുറന്നുവിടുമ്പോള്‍, പെണ്‍കൊതുകുകളെ ഇണചേരാന്‍ കൂടുതല്‍ ആകര്‍ഷിക്കാനായിരുന്നു ആ ഉപായം! 

'ഗോന്‍ജവു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനി'ലെ ജീവനക്കാര്‍ക്കൊപ്പം ഈ പരീക്ഷണ പദ്ധതി നടപ്പാക്കാന്‍ ചിയോങ് ആദ്യം എത്തുമ്പോള്‍, ദ്വീപുനിവാസികള്‍ സംശയത്തോടെയാണ് അവരെ കണ്ടത്. ചൈനയില്‍ ഏറ്റവുമധികം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന ഗോന്‍ജവു നഗരത്തിനു സമീപമാണ് പരീക്ഷണ മേഖല എന്നോര്‍ക്കണം. ആളുകള്‍ കൊതുകിനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോള്‍, ഗവേഷകര്‍ കൂടുതല്‍ കൊതുകുകളെ തുറന്നു വിടുന്നത് സ്വാഭാവികമായും ആളുകള്‍ക്ക് ആശങ്കയുണ്ടാക്കി.

Asian tiger mosquitom feeding sugar
തടിവെയ്ക്കാന്‍ ആണ്‍ കടുവാ കൊതുകുകളെ പഞ്ചസാര തീറ്റിക്കുന്ന ദൃശ്യം. Pic Credit: AFP

മൂന്നു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഷാസായി ദ്വീപില്‍ മാത്രം വന്ധ്യംകരിച്ച 14 കോടി കൊതുകുകളെ ഗവേഷകര്‍ രണ്ടുവര്‍ഷം കൊണ്ട് തുറന്നുവിട്ടു. ഏതാണ്ട് 2000 ആളുകള്‍ താമസിക്കുന്ന ആ ദ്വീപില്‍, ഓരോരുത്തര്‍ക്കും 72,000 കൊതുകുകള്‍ വീതം! തുടക്കത്തില്‍ ഷാസായി ദ്വീപിലെ വെറും 13 ശതമാനം പേരാണ് പദ്ധതിയെ അനുകൂലിച്ചത്. പരീക്ഷണം കഴിയുമ്പോഴേക്കും കഥ മാറി. 96 ശതമാനം ആളുകളും പിന്തുണയ്ക്കുന്ന സ്ഥിതിയിലെത്തി അത്. കൊതുകുകടി ഏതാണ്ട് പൂര്‍ണമായി ഇല്ലാതായതാണ് കാരണം! 

കൊതുകു നിവാരണ രംഗത്ത് ഇന്നുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വിജയകരമായ പരീക്ഷണം എന്നാണ്, ഈ രംഗത്തെ വിദഗ്ധനും വാഷിങ്ടണ്‍ ഡി സി യില്‍ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ഇക്കോളജിസ്റ്റുമായ പീറ്റര്‍ ആംബ്രസ്റ്റര്‍ (Peter Armbruster), ചിയോങിന്റെയും സംഘത്തിന്റെയും മുന്നേറ്റത്തെപ്പറ്റി അഭിപ്രായപ്പെട്ടത്.

ഒരു പ്രദേശത്തെ കീടങ്ങളെ അകറ്റാന്‍ റേഡിയേഷന്‍ വഴി വന്ധ്യംകരിച്ച കീടങ്ങളെ ഉപയോഗിക്കുക എന്ന ആശയം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഗവേഷകര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ തുടക്കമെന്ന് വിലയിരുത്തപ്പെടുന്ന 'സൈലന്റ് സ്പ്രിങ്' (1962) എന്ന തന്റെ ഗ്രന്ഥത്തില്‍ റേച്ചല്‍ കാഴ്‌സണ്‍ ഇക്കാര്യം ചര്‍ച്ചചെയ്യുന്നുണ്ട്. കീടബാധയകറ്റാന്‍ ഡി ഡി റ്റി പോലുള്ള രാസകീടനാശിനികള്‍ക്ക് പകരം, വന്ധ്യംകരണം പോലുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാനാണ് കാഴ്‌സണ്‍ ആവശ്യപ്പെട്ടത്. 

Asian tiger mosquito
വന്ധ്യംകരിച്ച ആണ്‍കൊതുകള്‍ പ്ലാസ്റ്റിക് പാത്രങ്ങളിള്‍-കൊതുകു ഫാക്ടറിയില്‍ നിന്നുള്ള ദൃശ്യം. Pic Credit: Kevin Frayer / Getty 

ഇങ്ങനെ കീടനിവാരണം നടത്തുന്ന വിദ്യയ്ക്ക് പിന്നീട്  'സ്റ്റെറൈല്‍ ഇന്‍സെക്ട് ടെക്‌നിക്ക്' (Sterile insect technique - SIT) എന്ന പേരു കിട്ടി. വന്ധ്യംകരിച്ച ആണ്‍കീടങ്ങളെ വന്യതയില്‍ തുറന്നുവിട്ട്, അടുത്ത തലമുറ കീടങ്ങള്‍ ഉണ്ടാകുന്നത് തടയുകയാണ് എസ്.ഐ.റ്റി. വിദ്യ വഴി ചെയ്യുക. എന്നാലിത് കൊതുകുകളുടെ കാര്യത്തില്‍ അത്ര പ്രായോഗികമല്ല, ഭാഗികമായ വിജയമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. അത്തരം പരീക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചിയോങും സംഘവും പ്രയോഗിച്ച ദ്വിമുഖതന്ത്രം വലിയ വിജയമായി. കടുവാ കൊതുകുകളുടെ നിവാരണം വഴി വൈറസ് രോഗങ്ങളുടെ വ്യാപനം തടയുന്ന കാര്യത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്ന പരീക്ഷണമാണിത്. 

ബ്രിട്ടീഷ് വംശജനായ ഓസ്‌ട്രേലിയന്‍ ഗവേഷകന്‍ ഫ്രെഡറിക് എ.ആസ്‌ക്യു സ്‌ക്യൂസ് ആണ് 1894-ല്‍ കടുവാ കൊതുകുകളെ ആദ്യമായി  വിശദീകരിച്ചത്. 'ക്യൂലക്‌സ് അല്‍ബോപിക്റ്റസ്' (Culex albopictus) എന്ന ശാസ്ത്രീയ നാമം അദ്ദേഹം ഇവയ്ക്ക് നല്‍കിയെങ്കിലും, പിന്നീട് പേര് 'ഈഡീസ് ആല്‍ബൊപിക്റ്റസ്' എന്നായി. ഇവയുടെ പ്രജനനം നടക്കുന്നത് കെട്ടിക്കിടക്കുന്ന മലിനജലത്തിലല്ല. ടയറുകളുടെ കഷണങ്ങള്‍, പൊട്ടിയ കുപ്പികള്‍, പൂപ്പാത്രങ്ങള്‍, മഴവെള്ളം ചെറിയതോതില്‍ നില്‍ക്കുന്ന ഉണങ്ങിയ ഇലകള്‍, ചിരട്ടകള്‍ തുടങ്ങിയവയിലാണ്.

Asian tiger mosquito
രക്തംകുടിക്കുന്ന ഏഷ്യന്‍ ടൈഗര്‍ കൊതുക്. Pic Credit: Pic Credit: Wikimedia Commons

2006-ല്‍ കേരളത്തില്‍ ആദ്യമായി ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ചപ്പോഴത്തെ കാര്യം ഓര്‍ക്കുക. നഗരങ്ങളിലും പട്ടണങ്ങളിലും ശുചീകരണം തകൃതിയായി നടക്കുമ്പോള്‍, കടുവാ കൊതുകുകള്‍ റബ്ബര്‍ തോട്ടങ്ങളിലും മറ്റും മുട്ടയിട്ട് പെരുകുകയായിരുന്നു! റബ്ബര്‍ തോട്ടങ്ങളുള്ള മലയോര മേഖലകളിലാണ് ചിക്കുന്‍ഗുനിയ കൂടുതല്‍ പടര്‍ന്നതെന്നോര്‍ക്കുക. അല്ലാതെ, മലിനജലം കെട്ടിനില്‍ക്കുന്ന നഗരങ്ങളിലല്ല. 

ഈ പ്രത്യേകതകൊണ്ട്, കടുവാ കൊതുകുകള്‍ പെരുകുന്നത് ചെറുക്കാന്‍, സാധാരണ കൊതുകുനിവാരണ മാര്‍ഗ്ഗങ്ങള്‍ (കീടനാശിനികള്‍ വഴിയും വെള്ളം കെട്ടിനില്‍ക്കാതെ നോക്കിയും) അത്ര സഹായിക്കില്ല. കടുവാ കൊതുകുകള്‍ പരത്തുന്ന മിക്ക വൈറസ് രോഗങ്ങള്‍ക്കും ഫലപ്രദമായ വാക്‌സിനോ ചികിത്സയോ ഇല്ല എന്നകാര്യവും ഓര്‍ക്കുക. നൂതനമായ കൊതുകു നിവാരണ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിച്ചേ തീരൂ. ആ ദിശയിലുള്ള പ്രതീക്ഷയേകുന്ന ചുവടുവെപ്പാണ് ചിയോങും സംഘവും ചൈനീസ് ദ്വീപുകളില്‍ നടത്തിയത്.

അവലംബം -

* Incompatible and sterile insect techniques combined eliminate mosquitoes. By Xiaoying Zheng, et al. Nature, July 17, 2019
* World's most invasive mosquito nearly eradicated from two islands in China. By Giorgia Guglielmi. Nature, July 17, 2019.
* Chinese scientists' new technique to wipe out mosquito populations may provide vital new weapon against range of deadly diseases. By Stephen Chen. South China Morning Post, 18 July 2019.
* Inside China's 'mosquito factory' fighting Zika and dengue. By Emiko Jozuka. CNN, December 28, 2016.  

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Mosquito Eradication, Asian tiger mosquito, Xi Zhiyong, Mosquito Factory, Shazai and Dadaosha islands