ആറളം: ആറളം വന്യജീവിസങ്കേതത്തില്‍ പുതിയ മൂന്നിനം പക്ഷികളെ കണ്ടെത്തി. ഇവയടക്കം 150 പക്ഷികളെയാണ് മൂന്നുദിവസങ്ങളിലായി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. ചാരക്കണ്ടന്‍ ബണ്ടിങ് (Gray-necked Bunting), പോതപ്പൊട്ടന്‍ (Zitting Cisticola), മഴക്കൊച്ച (Cinnamon Bittern) എന്നിവയാണ് നവാതിഥികള്‍.

അനുരാജ്, ബിജു തേന്‍കുടി, രവി പാറയ്ക്കല്‍ മുണ്ടയാംപറമ്പ് എന്നിവരാണ് ഇവയെ ക്യാമറയില്‍ പകര്‍ത്തിയത്. ഇതോടെ ആറളം വന്യജീവിസങ്കേതത്തില്‍ കണ്ടെത്തിയ മൊത്തം പക്ഷികള്‍ 224 ആയെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. സജികുമാര്‍ അറിയിച്ചു.

ആറളത്ത് 18-ാമത്തെ പക്ഷിസര്‍വേയാണ് ഞായറാഴ്ച സമാപിച്ചത്. വനം-വന്യജീവി വകുപ്പിന്റെയും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും നേതൃത്വത്തിലായിരുന്നു സര്‍വേ.

പക്ഷിനിരീക്ഷകരായ സത്യന്‍ മേപ്പയ്യൂര്‍, മനോജ് ഇരിട്ടി, രവി പാറക്കല്‍, റോഷ്‌നാഥ്, സുശാന്ത് മടപ്പുരക്കല്‍ തുടങ്ങിയവരും ദക്ഷിണേന്ത്യയിലെയും ലക്ഷദ്വീപിലെയും എഴുപത് പക്ഷിസ്‌നേഹികളും പങ്കെടുത്തു. സങ്കേതത്തിലെ അഞ്ചിടങ്ങളില്‍ താമസിച്ചാണ് പക്ഷികളുടെ കണക്കെടുപ്പ് നടത്തിയത്.