കൊച്ചി: പറമ്പിക്കുളം കടുവാസങ്കേതത്തില്‍ തൂണക്കടവിലെ വിജനപ്രദേശത്ത് വന്യജീവി ഫോട്ടോഗ്രാഫറായ ഷെഫീഖ് ബഷീര്‍ അഹമ്മദാണ് ആ കൊമ്പുകള്‍ കണ്ടെത്തിയത്. കഥ കഴിഞ്ഞ ഒരു മ്ലാവിന്റെ കൊമ്പുകളായിരുന്നു ഇവ. 

കാട്ടിലെ മണ്ണില്‍ ഇത്തരം കാഴ്ചകള്‍ സാധാരണമാണ്. പക്ഷേ, ഇവ ഓരോന്നിനും ഓരോ കഥയുണ്ട് പറയാന്‍. 

ഈ കൊമ്പുകള്‍ക്കുമുണ്ട് ഇത്തരമൊരു കഥ. മ്ലാവിനെ പതിയിരുന്ന് പിടിച്ച കടുവയ്ക്ക് അത് മൃഷ്ടാന്നഭോജനമായിരുന്നു. മ്ലാവിന്റെ അസ്ഥിക്കൂടവും കൊമ്പും മാത്രം അവശേഷിച്ചു. 

അത് വറ്റിയ നീര്‍ച്ചാലിലെ മണ്ണില്‍ കിടന്നു. മഴ പെയ്ത് വെള്ളം അല്പം കൂടിയപ്പോള്‍ അസ്ഥികള്‍ ഒഴുകി ഒരു മണ്‍തിട്ടയില്‍ അടിഞ്ഞുകയറി. മണ്ണ് വരണ്ടപ്പോള്‍ കൊമ്പുകള്‍ ക്രമേണ വേര് പിടിച്ചതുപോലെയായി.

തുണക്കടവില്‍ ഒരൊഴിഞ്ഞ ഭാഗത്ത് ഇത് കണ്ട ഷെഫീഖ് ബഷീര്‍ അഹമ്മദ് ഇത് ക്യാമറയില്‍ പകര്‍ത്തി. ഇവിടെ നിന്ന് ഒരു കടുവയുടെ ചിത്രവും അദ്ദേഹത്തിന് കിട്ടി.

പറമ്പിക്കുളം 2010 ലാണ് കടുവാസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്. അന്നത്തെ കേന്ദ്രവനംമന്ത്രി ജയറാം രമേഷ് പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു.

Content Highlites: Antelope, Parambikulam Tiger Reserve, Biodiaversity, Kerala Wildlife