ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തിയപ്പോഴാവണം ആധുനിക മനുഷ്യന്‍ ഒരു പക്ഷെ, ആദ്യമായി ചരിത്രാതീതകാല ജീവജാലത്തെ കുറിച്ച് ആശ്ചര്യത്തോടെ ചിന്തിക്കാന്‍ തുടങ്ങിയത്. അക്കാലത്തെ ജീവികളുടെ രൂപഭാവങ്ങളെ കുറിച്ച് ശാസ്ത്രജ്ഞരും സാധാരണമനുഷ്യരും പലവിധത്തില്‍ സങ്കല്‍പിച്ച് നോക്കിയിട്ടുണ്ടാവണം. വലിപ്പമേറിയ ദിനോസറുകള്‍ക്കൊപ്പം കഴിയുന്ന ജീവികളുടെ വലിപ്പത്തെ കുറിച്ചോ ദിനോസറുകളില്‍നിന്ന് രക്ഷ നേടാനായി പരക്കം പായുന്ന ജീവികളെ കുറിച്ചോ പലവിധ ആശയങ്ങളിലേക്കും അനുമാനങ്ങളിലേക്കും അവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവണം. ദിനോസറുമായി ബന്ധമുള്ള പല ജീവികളും ദശലക്ഷക്കണക്കിന് വര്‍ഷത്തിനിപ്പുറം നമ്മോടൊപ്പം ഭൂമിയിലിടം പങ്കിടുന്നുണ്ടെന്നത് ഏറ്റവും കൗതുകകരമായ സംഗതിയാണ്. വലിപ്പത്തിലും രൂപഘടനയിലും  വ്യതിയാനം വന്നവയും അന്നത്തേതില്‍നിന്ന് തികച്ചും രൂപാന്തരം സംഭവിച്ചവയും അക്കൂട്ടത്തിലുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

1. മുതല(Crocodile)

ദിനോസോറുമായി പാരമ്പര്യബന്ധം ഏറെയുള്ള ജീവിയാണ് മുതല. ഏകദേശം 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ട്രയാസ്സിക് കാല(Triassic period)ത്തിന്റെ ആദ്യഘട്ടത്തില്‍ ഉത്ഭവചരിത്രമുള്ള ആര്‍കൊസോര്‍സ്(archosaurs) അഥവാ 'ruling reptiles'എന്ന ഉരഗവര്‍ഗ്ഗത്തില്‍ പെടുന്നവയാണ് ദിനോസോറും മുതലയും. ക്രെറ്റേഷ്യസ് യുഗത്തി(Cretaceous period)ലാണ് ആദ്യത്തെ  മുതലവര്‍ഗജീവി ഉണ്ടായത്, ഏകദേശം 9.5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്. നാമാവശേഷമായ Deinosuchus എന്ന മുതുമുത്തച്ഛനില്‍ നിന്നാണ് ഇന്ന് കാണുന്ന മുതല ഉണ്ടായത്. ജലത്തില്‍ അധിവസിച്ചിരുന്ന, നീണ്ട മൂക്കുള്ള, ശക്തിയേറിയ  വാലുള്ള ഉരഗങ്ങളായിരുന്നു ഡൈനോസുച്ചസ്. പക്ഷികളും മുതലകളും മാത്രമാണ് ആര്‍കൊസോറസിന് ഇന്നുള്ള പിന്‍ഗാമികള്‍. പക്ഷികളുമായി വളരെയടുത്ത പാരമ്പര്യം പങ്കുവെക്കുന്ന ജീവിയാണ് മുതലയെന്നത് ഏറെ കൗതുകകരമായ വസ്തുതയാണ്.Crocodile

2. കസോവരി(Cassowary) അഥവാ അഗ്നിവിഴുങ്ങിപ്പക്ഷി

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയാണ് കസോവരി. വിലോസിറാപ്ടേര്‍സ്(Velociraptors) എന്ന ദിനോസോറുകളുടെ പിന്‍ഗാമികളാണ് കസോവരികള്‍. വലിപ്പത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമുള്ള കസോവരി മനുഷ്യനെ ആക്രമിക്കാറുണ്ട്. ഓസ്ട്രേലിയ, പാപുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് കസോവരിയെ കണ്ടുവരുന്നത്. മനോഹരമായ നീലക്കഴുത്ത് കസോവരിയെ ആകര്‍ഷകമാക്കുന്നു. പച്ച നിറത്തിലുള്ള മുട്ടകളിടുന്ന കസോവരികള്‍ നല്ല നീന്തല്‍ക്കാരാണ്.

cassowary

പാപ്പുവന്‍ ഭാഷയില്‍ കൊമ്പുള്ളത് എന്നര്‍ഥമുള്ള kasu എന്ന പദവും ശിരസ്സ് എന്ന അര്‍ഥമുള്ള weri എന്ന പദവും ചേര്‍ന്നതാണ് കസോവരി എന്ന നാമം. തലയിലെ കിരീടം പോലെയുള്ള തോല്‍ക്കൊമ്പാണ് കസോവരിയെ ദിനോസറുമായി ബന്ധിപ്പിക്കുന്ന പ്രധാന സവിശേഷത. ശരീരോഷ്മാവ് കുറക്കാന്‍ കസോവരിയെ സഹായിക്കുന്ന അവയവമാണ് ഈ കിരീടമെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, മനുഷ്യര്‍ക്ക് ശ്രവ്യയോഗ്യമല്ലാത്ത താഴ്ന്ന ആവൃത്തിയില്‍ ശബ്ദമുളവാക്കാന്‍ കസോവരിയെ സഹായിക്കുന്ന അവയവമാണിതെന്നാണ് മറ്റു വിദഗ്ധരുടെ അഭിപ്രായം.

3. ടുവറ്റാര(Tuatara)

ട്രയാസ്സിക് യുഗത്തിന്റെ ആദ്യകാല ഭീമന്‍ ഉരഗവര്‍ഗമായ Rhynchocephalia യിലെ ആധുനികകാല അംഗമാണ് ടുവറ്റാര. പ്രധാനമായും ന്യൂസിലന്‍ഡിലെ ദ്വീപുകളില്‍ ജീവിക്കുന്ന ടുവറ്റാര വണ്ടുകള്‍, ചിലന്തികള്‍, ഒച്ചുകള്‍, ചെറിയ പക്ഷികള്‍ എന്നിവയെ മൂര്‍ച്ചയേറിയ പല്ലുകള്‍ കൊണ്ട് പിടികൂടി ഭക്ഷണമാക്കുന്നു. നൂറ് കൊല്ലത്തോളം ആയുര്‍ദൈര്‍ഘ്യമുള്ള ഇവയ്ക്ക് താണ അന്തരീക്ഷ ഊഷ്മാവിലും പ്രവര്‍ത്തനക്ഷമമായിരിക്കാന്‍ സാധിക്കും. ജീവിച്ചിരിക്കുന്ന ദിനോസര്‍ എന്നാണ് സാധാരണയായി ടുവറ്റാരയുടെ വിളിപ്പേര്.

Tuatara
By Stewart Nimmo - Released under a CC BY-SA 4.0 licence by Development West Coast as part of the West Coast Wikipedian at Large project.,
CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=94641120

4. സ്രാവ്(Shark)

ആധുനികകാല ദിനോസറുകളെന്ന് മുദ്രകുത്തുന്നത് സ്രാവുകള്‍ക്ക് അപമാനമാണ്. കാരണം സ്രാവുകളുടെ സമാനാകൃതിയുള്ള ജീവികളുടെ ഉത്ഭവത്തിന് 45 കോടി വര്‍ഷം പഴക്കമുണ്ട്. പല വംശനശീകരണ ഘട്ടങ്ങളും കടന്ന് നിലനില്‍ക്കുന്ന ജീവി വര്‍ഗ്ഗമാണ് സ്രാവുകള്‍, അതേസമയം, ദിനോസറുകളാവട്ടെ ഒന്നടങ്കം നാമാവശേഷമായ ജീവിവര്‍ഗ്ഗവും. സ്രാവ് വര്‍ഗ്ഗത്തിലെ ജീവികളുടെ ശരീരഘടനയിലെ (ശിരസ്സിന്റെ, പല്ലിന്റെ, ചിറകിന്റെ) പ്രത്യേകതകള്‍- എല്ലാം അവയെ വേറിട്ടു നിര്‍ത്തുന്നതും ചരിത്രാതീതകാലത്തെ ഓര്‍മിപ്പിക്കുന്നവയാണ്. 

hammerhead shark
By suneko - Flickr, CC BY 2.0, https://commons.wikimedia.org/w/index.php?curid=1032190

5. പല്ലി(Lizard)

പല്ലികളുടെയും ദിനോസറുകളുടെയും വികാസപരിണാമത്തിന് സമാനതകളേക്കാളുപരി അസാമനതകളാണുള്ളത്. ഇവയുടെ കാലുകളുടെ ഘടന കണക്കിലെടുത്താല്‍ തന്നെ ഇക്കാര്യം മനസ്സിലാക്കാം. ദിനോസറുകളുടെ പാദങ്ങള്‍ കുതിരകളുടേയോ മനുഷ്യരുടേയോ പോലെ ഭൂമിയില്‍ നേര്‍ക്ക് പതിക്കുന്ന വിധത്തിലാണ്. എന്നാല്‍, പല്ലികളുടേത് വശങ്ങളിലേക്ക് പരന്നിരിക്കുന്നു. മുതലകളുടേതും പല്ലികള്‍ക്ക് സമാനമാണ്. ദിനോസറുകളെ ഭീമന്‍പല്ലികളെന്ന് വിളിക്കുമ്പോഴും ദിനോസറുകളുമായി ഏറെ അകന്ന ബന്ധമുള്ള ജീവികളാണ് പല്ലികള്‍. ഒരേ പാരമ്പര്യമുള്ള തീര്‍ത്തും അകന്ന ബന്ധുക്കള്‍. ട്രയാസ്സിക് യുഗത്തിലാണ് ഇരു ജീവിവര്‍ഗ്ഗത്തിന്റേയും ഉത്ഭവം. പല വംശനാശഘട്ടങ്ങളേയും അതിജീവിച്ച്, പരിവര്‍ത്തനം സംഭവിച്ച് നിലനില്‍ക്കുന്നവയാണ് പല്ലികള്‍. 

Lizard
By Etan J. Tal - Own work, CC BY-SA 4.0,
https://commons.wikimedia.org/w/index.php?curid=89246354

6. ഞണ്ട്(Crab)

ഒരു തരത്തിലും ദിനോസറുകളുടെ പിന്‍ഗാമികളല്ല ഞണ്ടുകള്‍. സ്വയം രക്ഷക്കായുള്ള പടച്ചട്ടയണിഞ്ഞ ആങ്കിലോസോറസ്(Ankylosaurus) എന്ന ദിനോസര്‍ വിഭാഗത്തെ ഞണ്ട് ഓര്‍മ്മിപ്പിക്കും. ദിനോസറുകളുടെ ഉത്ഭവകാലത്തിന് മുമ്പ് തന്നെ ഞണ്ടുകളും അതേ പോലെ തോടുള്ള ജീവികളും ഭൂമിയിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ ഞണ്ടിനേക്കാള്‍ ചിലന്തികളോട് സാദൃശ്യമുള്ളവയായിരുന്നു 45 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഞണ്ട്. ക്രെറ്റേഷ്യസ് ക്രാബ് റെവല്യൂഷന്‍(Cretaceous crab revolution)എന്നറിയപ്പെടുന്ന പുതുകാല ഞണ്ട് ഉത്ഭവത്തിന് ഏകദേശം 20 കോടി വര്‍ഷമാണ് പഴക്കം. നിരവധി വംശനാശഘട്ടങ്ങളെ അതിജീവിച്ചവയാണ് ഞണ്ടുകള്‍. 

Crab
By (Bhny) - http://en.wikipedia.org/wiki/Image:HalloweenCrab.JPG,
Public Domain, https://commons.wikimedia.org/w/index.php?curid=5708951

7. ഒട്ടകപ്പക്ഷി(Ostrich)

പറക്കാനാവാത്ത പക്ഷികളായ ഒട്ടകപ്പക്ഷി, കാസോവരി, കിവി, എമു എന്നിവയ്ക്ക് retites എന്നാണ് വിളിപ്പേര്. വലിപ്പം കുറഞ്ഞ ദിനോസറുകള്‍ പരിണമിച്ച് പക്ഷികളായി തീര്‍ന്നിരിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പരിണാമത്തിനിടെ ചില പക്ഷികള്‍ക്ക് പറക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കാമെന്നും അതാവാം ചില ഭൂഖണ്ഡങ്ങളില്‍ ഇവയെ കൂട്ടത്തോടെ കാണുന്നതെന്നുമാണ് ശാസ്ത്രജ്ഞരുടെ തത്വം. ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്നതിനായി വേഗതയില്‍ ഓടാന്‍ ഒട്ടകപ്പക്ഷികളെ സഹായിക്കുന്ന ശരീരാകൃതി ചിലപ്പോള്‍ പരിണാമഫലമായി ലഭിച്ചതാണെന്ന വാദവും നിലവിലുണ്ട്. ഒട്ടകപ്പക്ഷിയുടെ തൂവലുകളും ഉരഗങ്ങളുടേതു പോലെയുള്ള താടിയും ഈ വാദത്തെ പിന്തുണയ്ക്കുന്നു. 

Ostrich
By Christiaan Kooyman - Own work, Public Domain,
https://commons.wikimedia.org/w/index.php?curid=562611

8. കടലാമ(Sea turtle)

കരയാമകളും ചെറിയ വെള്ളാമകളും(tortoises & terrapins) ഉള്‍പ്പെടുന്ന ഉരഗവര്‍ഗ്ഗത്തിലെ Testudine വിഭാഗത്തിലെ അംഗമാണ് കടലാമയും. അന്റാര്‍ട്ടിക്കയൊഴികെ എല്ലാ വന്‍കരകളിലും ഇവ കാണപ്പെടുന്നുണ്ട്. 23 കോടി കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഇവയുടെ ഉത്ഭവം. ദിനോസറുകള്‍ ഉണ്ടായ കാലഘട്ടത്തിലാണെന്നതിനാല്‍ ദിനോസറുകളുമായി ഇവയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ദിനോസറുകള്‍ ഒന്നടങ്കം കാലഹരണപ്പെട്ടെങ്കിലും കടലാമകള്‍ അതിജീവിച്ചു. പുറന്തോടുകള്‍ക്ക് ഏറെ കട്ടിയുണ്ട്. ആര്‍കൊസോറസുമായാണോ പല്ലികളും പാമ്പുകളുമായാണോ കടലാമകളെ ബന്ധിപ്പിക്കേണ്ടതെന്നതിനെ കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉരഗങ്ങളില്‍ നിന്ന് പരിണമിച്ചുണ്ടായവയാണ് ആമകളെന്ന വാദവും നിലവിലുണ്ട്. എന്നാല്‍ ഇവയൊക്കെ സ്ഥിരീകരിക്കുന്ന പര്‍വര്‍ത്തനകാല ഫോസിലുകള്‍ ലഭിക്കാത്തതിനാല്‍ വാദങ്ങള്‍ വാദങ്ങളായി തന്നെ തുടരുന്നു.

Sea Turtle
By Brocken Inaglory - Own work, CC BY-SA 3.0,
https://commons.wikimedia.org/w/index.php?curid=4076471

 

9. കോഴി(Chicken)

ദിനോസറുകളും പക്ഷികളും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യത്തില്‍ ശാസ്ത്രവിദഗ്ധര്‍ക്കിടയില്‍ തര്‍ക്കമില്ല. ദിനോസറിന്റെ പ്രത്യേക വിഭാഗമായ T.rex ന് കോഴിയുമായി തന്‍മാത്രാഘടനാപരമായ ചില സാമാനതകളുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. 2003-ലാണ് ടി.റെക്‌സിന്റെ തുടയെല്ല് കണ്ടെത്തിയത്. അസ്ഥിക്കുള്ളില്‍നിന്ന് വേര്‍തിരിച്ചെടുത്ത മാംസ്യ തന്‍മാത്രകള്‍ക്ക് ഇന്നത്തെ ജീവികളുമായുള്ള സാമ്യത പരിശോധിക്കുന്നതിനിടെയാണ് കോഴി, ഒട്ടകപ്പക്ഷി എന്നിവയുടേതുമായുള്ള സാമ്യത കണ്ടെത്തിയത്. ചീങ്കണ്ണി വര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ക്കും ടി.റെക്‌സുമായി സാദൃശ്യം കണ്ടെത്തിയിട്ടുണ്ട്. 

Chicken
By Lip Kee Yap from Singapore, Republic of Singapore -
Red Junglefowl (Gallus gallus) male 2, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=11391025

10. പാമ്പ്(Snake)

ഭീകരന്‍ പല്ലി എന്ന സംബോധനയ്ക്ക് ഏറ്റവും അനുയോജ്യമായ ജീവി പാമ്പാണ്. പാമ്പുകളെ കുറിച്ചുള്ള പഠനം എക്കാലത്തും ശാസ്ത്രജ്ഞര്‍ക്ക് കൗതുകമായിരുന്നു. ജീവികളുടെ പ്രധാന അവയവമായ കാലുകളുടെ അഭാവവും ശരീരചലനത്തെ പരിമിതപ്പെടുത്തുന്ന തലയോട്ടികളിലെ ചില അസ്ഥികളുടെ അഭാവവും പാമ്പുകള്‍ക്ക് പരിണാമത്തിനിടെ നഷ്ടപ്പെട്ടവയാവാമെന്നാണ് അനുമാനം. ക്രെറ്റേഷ്യസ് യുഗത്തിലെ  Pachyrhachis problematicus പാമ്പിന്റെ ആദിമരൂപമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നീളമേറിയ കൃശമായ ശരീരം മൂലം പാമ്പുകളുടെ ആന്തരികാവയവങ്ങള്‍ പ്രത്യേകവിധത്തിലാണ് സ്ഥിതിചെയ്യുന്നത്. വൃക്കകള്‍ ഒന്നിന് പുറകെ ഒന്നായും ശ്വാസകോശങ്ങള്‍ ഒന്നിനു മീതെ മറ്റൊന്നായും അടുക്കിയിരിക്കുന്നു. പാമ്പുകളെ കാണുമ്പോള്‍ ഒരിക്കലും ദിനോസോറിനെ സ്മരിക്കാനിടയാകില്ലെങ്കിലും ദിനോസര്‍ യുഗത്തിന്റെ പിന്‍മുറക്കാരനാണ് പാമ്പെന്നതാണ് വാസ്തവം.

snake
ഫോട്ടോ: ജിജു അഥീന |
യാത്ര മാഗസിനിൽ പ്രസിദ്ധീകരിച്ച ചിത്രം

 

എന്നോ മണ്‍മറഞ്ഞു പോയ ഭീമന്‍ ജീവികളെന്ന് ദിനോസറുകളെ ഓര്‍മിക്കാനാണ് നാമിഷ്ടപ്പെടുന്നത്. പക്ഷെ ദിനോസറുകളുടെ അടുത്തതോ അകന്നതോ ആയ ബന്ധുക്കളോടൊപ്പമാണ് നാമിന്ന് ജീവിക്കുന്നതെന്ന കാര്യം അത്യധികം ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന, നമുക്കൊരിക്കലും നേരിട്ട് കാണാന്‍ സാധ്യമല്ലാത്ത ഒരു ജീവി വര്‍ഗ്ഗത്തിന്റെ പിന്‍ഗാമികള്‍ നമ്മോടൊപ്പമുണ്ടെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാതെ തരമില്ല. 

Content Highlights: Animals with pre-historic roots