മിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇഷ്ട്ടപ്പെട്ട ആന ഏതെന്ന് ചോദിച്ചാല്‍ തമിഴ്‌നാട്ടുകാര്‍ ഒന്നിച്ചു പറയും 'ആണ്ടാള്‍' എന്ന്. തൃശ്ശിനാപള്ളി ശ്രീരംഗം ക്ഷേത്രത്തിലെ ആന ആണ്ടാളിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 1986-ല്‍ എട്ട് വയസ്സില്‍ ക്ഷേത്രത്തില്‍ നടയിരുത്തിയ ആനയ്ക്ക് പറയാനുമുണ്ട് ഒരു മലയാളിപെരുമ. കഴിഞ്ഞ 31 വര്‍ഷമായി പാലക്കാട് ആലത്തൂര്‍ തെക്കേവെളുത്താക്കല്‍ കുടുംബാംഗങ്ങളാണ് ആനയെ പരിചരിക്കുന്നത്. അതുകൊണ്ടുതന്നെ ആണ്ടാളിന്റെ ഭാഷയും മലയാളമാണ്.

ജയലളിത വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീരംഗം ക്ഷേത്രത്തിലെത്തിയപ്പോള്‍ ആണ്ടാളിനെക്കണ്ട് അടുത്തെത്തി. ആനയ്ക്ക് പഴം നല്‍കിയശേഷം തമിഴില്‍ വിളിച്ചപ്പോള്‍ ആന ശ്രദ്ധിച്ചില്ല. തുടര്‍ന്ന് മലയാളത്തില്‍ 'നന്നായിട്ടുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ തലയനക്കി കാണിച്ചുവത്രേ. അന്ന് മുതല്‍ മരണം വരെയും ജയലളിതയുടെ ഓമനയായിരുന്നു ആണ്ടാള്‍. തമിഴ്‌നാട്ടിലെ ക്ഷേത്ര ആനകള്‍ക്കെല്ലാം ഭരണഭാഷയായി മലയാളം തന്നെയാണ് ഉപയോഗിക്കുന്നത്. കാരണം പാപ്പാന്മാരെല്ലാം മിക്കവാറും മലയാളികള്‍ ആയിരിക്കും. തെക്കേവെളുത്താക്കല്‍ കുടുംബാംഗം രാജേഷ് ആണ് ഇപ്പോള്‍ ആണ്ടാളുടെ പാപ്പാന്‍. 

തമിഴകത്ത് 7-8 നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന വൈഷ്ണവ കവയിത്രിയാണ് ആണ്ടാള്‍. വൈഷ്ണവ ക്ഷേത്രങ്ങളിലെ മിക്ക ആനകള്‍ക്കും അതുമായി ബന്ധപ്പെട്ട പേരാണ് നല്‍കി വരാറ്. ആരോടും ഇണങ്ങുന്ന പ്രകൃതമാണ് ഇവള്‍ക്കെന്ന് രാജേഷ് പറയുന്നു. അതുകൊണ്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതും. തമിഴകത്തെ താരരാജാവ് സാക്ഷാല്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കൂടെ 'തമ്പിക്ക് എന്ത ഊര്' എന്ന സിനിമയില്‍ അഭിനയിച്ചതില്‍ പിന്നെയാണ് ഇവള്‍ക്ക് താരപരിവേഷം കൂടിയതെന്ന് പാപ്പാന്റെ പുകഴ്ത്തല്‍ കേട്ടപ്പോള്‍ ചെവി വീശി കാണിച്ച് ശരിയെന്ന് ആണ്ടാളും.

andal

നവരാത്രി ഉത്സവത്തിന് വാദ്യഘോഷത്തോടൊപ്പം ആണ്ടാളിന്റെ മൌത്ത് ഓര്‍ഗന്‍ വായനയും ഉണ്ടാകും. മറ്റുള്ള ആനകളെ പോലെയല്ല ആണ്ടാള്‍, ആരെങ്കിലും പഴം നല്‍കിയാല്‍ അതുപടി തിന്നാനൊന്നും ആണ്ടാളെ കിട്ടില്ല. പഴമെത്ര കിട്ടിയാലും തോലുരിച്ചു മാത്രമേ കഴിക്കൂ. മനുഷ്യരെ പോലെ തോല്‍ റോഡിലേക്കൊന്നും വലിച്ചെറിയുകയുമില്ല. പാപ്പാന്റെ കൈയില്‍ ഏല്‍പ്പിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകും. 

ആണ്ടാളിനെ ആരും ആനയെന്ന് വിളിക്കാറില്ല. പേര് മാത്രമേ വിളിക്കൂ. എല്ലാദിവസവും രാവിലെ മൂന്നു മണിയോടെ ആണ്ടാളും രാജേഷും എണീക്കും. കാവേരിയിലെ കുളികഴിഞ്ഞ് വെള്ളി തീര്‍ഥക്കുടത്തില്‍ അഭിഷേകത്തിനുള്ള ജലവുമായി ക്ഷേത്രമുറ്റത്ത് എത്തും. നടതുറന്നു രംഗനാഥനെ കണികണ്ട് തലേന്ന് രാത്രി രംഗനാഥന് ചാര്‍ത്തിയ മാലയണിഞ്ഞാണ് പിന്നെ നില്‍ക്കുക. ചന്ദനവും അഭിഷേകം കഴിഞ്ഞുള്ള പ്രസാദവും ആദ്യം ആണ്ടാളിനും പാപ്പാനും കിട്ടും. തുലാമാസത്തില്‍ സ്വര്‍ണക്കുടവുമായാണ് ആണ്ടാള്‍ ക്ഷേത്രത്തിലെത്തുക. 

1940-ല്‍ മദിരാശി സംസ്ഥാനത്തിലെ ശ്രീരംഗത്ത് വന്നതാണ് പാപ്പാനായ രാജേഷിന്റെ മുത്തച്ഛന്‍ ശിവരാമകുറുപ്പ്. തൃശ്ശിനാപള്ളിയില്‍ തന്നെയുള്ള തിരുവാനായ്കാവല്‍ ക്ഷേത്രത്തിലെ ആനയുടെ പാപ്പനായിരുന്നു ഇദ്ദേഹം. പിന്നീട് മകന്‍ കരുണാകരന്‍ അവിടെത്തന്നെ തുടര്‍ന്നുവെങ്കിലും നാലു ദശാബ്ധങ്ങള്‍ക്ക് മുന്‍പ് ശ്രീരംഗം ക്ഷേത്രത്തിലേക്ക് ആനപാപ്പാനായി എത്തി. അദ്ദേഹത്തിന്റെ മരണശേഷം സഹോദരന്‍ ശ്രീധരനും പിന്നീട് രണ്ട് വര്‍ഷമായി കരുണാകരകുറുപ്പിന്റെ മകന്‍ രാജേഷായി ആണ്ടാളിനു തുണ. 

ബാംഗ്ലൂരില്‍ ശ്രീശ്രീ രവിശങ്കറിന്റെ ഇന്ദ്രാണി ആനയ്ക്ക് എട്ടു വര്‍ഷമായി പാപ്പാനായിരുന്നു രാജേഷ്. ഭാര്യ വണ്ടാഴിസ്വദേശി ശ്രീജയും ഏകമകള്‍ എട്ടാംക്ലാസ്സുകാരി സ്വര്‍ണലക്ഷ്മിയുമാണ് ഇപ്പോള്‍ ആണ്ടളിന്റെ കളികൂട്ടുകാര്‍.

Content Highlight: Andal elephant, sreerangam temple, Tamilnadu