ലോകത്ത് പല ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിലാണ്. പലതും ഇതിനോടകം ലോകത്തോട് വിടപറഞ്ഞതായി ശാസ്ത്രലോകം തന്നെ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. 

അതേസമയം ഹവായ് ദ്വീപില്‍ നിന്ന് കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ചുവെന്ന് കരുതിയിരുന്ന പെന്റന്റ് കിഹി ഫേണ്‍ എന്നറിയപ്പെടുന്ന ഒരു തരം പന്നൽ ചെടി (fern)യെ വീണ്ടും  കണ്ടെത്തിയിരിക്കുയാണ്. തൊട്ടടുത്തുള്ള കവായ് (Kuai) ദ്വീപില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്.

അഡെനോഫോറസ് പെരിയെന്‍സ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. അഗ്നിപര്‍വത ചെരിവുകളിലെ നനവുള്ള കാടുകളിലാണ് ഇവ കണ്ടുവരുന്നത്. മരത്തടികളിലാണ് ഇവ വളരുക. ഈ വര്‍ഷം കവായില്‍ വെച്ച് ഹവായ് പ്ലാന്റ് എക്സ്റ്റിന്‍ഷന്‍ പ്രിവന്‍ഷന്‍ പ്രോഗ്രാം ആണ് ഈ സസ്യത്തെ കണ്ടെത്തുന്നത്.

ഹവായ് ദ്വീപിലുണ്ടായിരുന്ന എഡെനോഫോറസ് പെരിയന്‍സിന്റെ അവസാന ചെടി 2015 ല്‍ നശിച്ചിരുന്നു. ഇതോടെ ഈ സസ്യവിഭാഗം അപകടത്തിലാണെന്നും വംശനാശം സംഭവിച്ചിരിക്കാമെന്നും ശാസ്ത്രലോകം വിധിയെഴുതി. എന്നാല്‍ പുതിയ കണ്ടെത്തല്‍ വംശനാശം സംഭവിച്ചിരിക്കാനുള്ള സാധ്യത ഇല്ലാതാക്കി. 

1994 ല്‍ ഈ വിഭാഗത്തില്‍ പെടുന്ന 1300 ഓളം സസ്യങ്ങള്‍ ഹവായില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2012 ഓടെ ഹവായ് ദ്വീപില്‍ 10 താഴെയായി കുറഞ്ഞു. 

കവായ് ദ്വീപില്‍ മൂന്നിടങ്ങളില്‍ നിന്നായി അഞ്ച് ചെടികളാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഈ ചെടികളില്‍ നിന്ന് കൂടുതല്‍ സസ്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.