കേപ് ടൗൺ: ദക്ഷിണ ആഫ്രിക്കയിലെ കേപ്ടൗണ്‍ കടല്‍ തീരത്ത് വംശനാശ ഭീഷണി നേരിടുന്ന 63 ഓളം ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ ചത്തനിലയില്‍ കണ്ടെത്തി. തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. ദക്ഷിണ ആഫ്രിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേര്‍ഡ്‌സ് ആണ് വിവരം പുറത്തുവിട്ടത്. 

കേപ് ടൗണിന് സമീപമുള്ള സൈമണ്‍സ് ടൗണിലാണ് സംരക്ഷിതവിഭാഗത്തില്‍പ്പെട്ട പെന്‍ഗ്വിനുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. എല്ലാ പെന്‍ഗ്വിനുകള്‍ക്കും ഒന്നിലധികം തേനീച്ച കുത്തേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

''പരിശോധനയില്‍ പെന്‍ഗ്വിനുകളുടെ കണ്ണുകള്‍ക്ക് ചുറ്റും തേനീച്ച കുത്തിയ പാടുകൾ ഞങ്ങള്‍ കണ്ടെത്തി,'' ഫൗണ്ടേഷന്റെ ക്ലിനിക്കല്‍ വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് റോബര്‍ട്ട്‌സ് ഞായറാഴ്ച പറഞ്ഞു.

"ഇത് വളരെ അപൂര്‍വമായ ഒരു സംഭവമാണ്. ഇത് പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്തതാണ്. പിഴവ് സംഭവിച്ചിരിക്കുന്നു". ചത്ത തേനീച്ചകളെയും പരിസരത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം എഎഫ്പിയോട് പറഞ്ഞു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഈ പ്രദേശം ദേശീയ ഉദ്യാനത്തിന്റെ ഭാഗമാണ്, കുത്തിയ തേനീച്ചകളും ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. അതിനാൽ തന്നെ തേനീച്ച കുത്തേറ്റ് തന്നെയാണോ മരണമെന്ന കാര്യത്തിലും അവിശ്വസനീയത ചില വിദഗ്ധർ പ്രകടിപ്പിച്ചിട്ടുണ്ട്.

"വിഷബാധയേറ്റിട്ടുണ്ടോ എന്നും മറ്റും പരിശോധിക്കാനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. പക്ഷികളുടെ ദേഹത്ത് മറ്റ് പരിക്കുകളൊന്നും കാണുന്നുമില്ല", പാര്‍ക്ക് പ്രസ്താവനയില്‍ പറയുന്നു.

തെക്കന്‍ ആഫ്രിക്കയിലെ തീരങ്ങളിലും ദ്വീപുകളിലും വസിക്കുന്ന ആഫ്രിക്കന്‍ പെന്‍ഗ്വിനുകള്‍ വംശനാശ ഭീഷണി നേരിടുന്നവയുടെ ചുവന്ന പട്ടികയില്‍പ്പെട്ടവയാണ്.

content highlights: 63 endangered penguins found dead in South Africa, did bees kill them?