തെന്മല : ശെന്തുരുണി വന്യജീവിസങ്കേതത്തിൽ പക്ഷികളുടെ വാർഷിക കണക്കെടുപ്പ് പൂർത്തിയായി. 179 ഇനം പക്ഷികളെ കണ്ടെത്താൻ സാധിച്ചു. ഇവിടെ മുൻപ് കണ്ടിട്ടില്ലാത്ത മേനിെപ്പാന്മാൻ, ഹിമാലയൻ ശരപ്പക്ഷികൾ എന്നിവയും ഇക്കൂട്ടത്തിൽപ്പെടുന്നു.

പക്ഷിനിരീക്ഷണത്തിൽ കണ്ടെത്താൻ പ്രയാസമുള്ള കറുത്തനിറം കലർന്ന മാക്കാച്ചി കാട, നാഗമോഹൻ ഉൾപ്പെടെയുള്ള മനം കവരുന്ന നിരവധിയിനം പക്ഷികളെയും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്‌. 286 ഇനം പക്ഷികളെ മുൻപ് കണ്ടെത്തിയിട്ടുണ്ട്.

കേരള കാർഷിക സർവകലാശാല, കൊല്ലം ബേർഡിങ് ബറ്റാലിയൻ, കേരള ബേർഡ്സ് അറ്റ്‌ലസ്, ഡബ്ല്യു.ഡബ്ല്യു.എഫ്‌. എന്നിവയുടെ നേതൃത്വത്തിലാണ് 172 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വന്യജീവിസങ്കേതത്തിൽ സർവേ നടന്നത്. നാൽപ്പതോളം പക്ഷിനിരീക്ഷകർ ഒൻപത് സംഘങ്ങളായി വൈവിധ്യമാർന്ന മേഖലകൾ കേന്ദ്രീകരിച്ചാണ് നിരീക്ഷണം നടത്തിയത്.

പക്ഷിനിരീക്ഷകനായ ഡോ. ജിഷ്ണു, ഹരി മാവേലിക്കര എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ ബി.സജീവ്കുമാർ, അസി. വൈൽഡ് ലൈഫ് വാർഡൻ ടി.എസ്.സജു എന്നിവർ നേതൃത്വം നൽകി.