ഒരു വർഷം പട്ടിണി കിടന്നാലും ചാവില്ല, ശല്യമായി പിന്നാലെ കൂടിയാൽ മക്കളെയും തിന്നും


വിജയകുമാർ ബ്ലാത്തൂർ തേളുകൾ ഒട്ടും സാമൂഹ്യ ജീവികളല്ല. പൊതുവെ ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടം.

BANDHUKAL MITHRANGAL

തേൾ | By Shantanu Kuveskar - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=38768394

ത്രികപൂട്ടിൽ ഇരയെക്കുടുക്കി, വീർത്തു നിൽക്കുന്ന വിഷസഞ്ചിയുള്ള വാലഗ്രം വളച്ച്കുനിച്ച് കുത്തി മയക്കി, കൊന്ന് തിന്നുന്ന വികൃതരൂപിയായ തേളിനെ പേടിയില്ലാത്തവർ കുറവാണ്. ‘തേളുകുത്തിയപോലെ’ എന്ന പ്രയോഗം കേട്ടിട്ടുള്ളവർ അതിന്റെ വേദനയോർത്ത് തേളിനെ അധികം താലോലിക്കാൻ പോവാറില്ല. പക്ഷെ അത്ര ഭീകരരൊന്നും അല്ല തേളുകൾ മുഴുവനും. . ആർത്രോപോഡ (Arthropoda ) ഫൈലത്തിൽ അരാക്നിഡ (Arachnida) വർഗത്തിലെ സ്കോർപിയോണസ്(Scorpiones ) ഓർഡറിലാണിവർ ഉൾപ്പെടുക. ലോകത്തെങ്ങുമായി രണ്ടായിരത്തിലധികം ഇനം തേളുകളുണ്ടെങ്കിലും ഇന്ത്യയിൽ നൂറ്റി ഇരുപതിനടുത്ത് ഇനങ്ങളെയാണ് ഇതു വരെയായി കണ്ടെത്തിയിട്ടുള്ളത്. ലോകത്തെങ്ങുമായി പുതുതായി പല ഇനങ്ങളേയും ഓരോ വർഷവും കണ്ടെത്തുന്നുമുണ്ട്. പക്ഷെ ഇതിൽ ഇരുപത്തിയഞ്ചിനടുത്ത് ഇനങ്ങൾക്ക് മാത്രമാണ് മാരകമായ വിഷം ഉള്ളത്. വിഷശക്തികൂടുതലുള്ള തേളുകൾ മരുഭൂമി പ്രദേശങ്ങളിലാണ് കൂടുതലായുള്ളത്. ബൂത്തോ സ്കോർപ്പിയോ ചിന്നാറെൻസിസ് Buthoscorpio chinnarensis ) ,ഹൊട്ടെൻടോട്ട കേരളൻസിസ് ( Hottentotta keralaensis ) എന്നിങ്ങനെ പുതുതായി കണ്ടെത്തിയ തേളുകളടക്കം കേരളത്തിൽ 23 ഇനം തേളുകളുണ്ട്. ഇവയിൽ മനുഷ്യർക്ക് മരണകാരണമായി കുത്ത് നൽകാൻ കഴിയുന്നവ ഇല്ലെന്ന് പറയാം. എങ്കിലും ഒന്നുരണ്ടിനങ്ങളുടെ വിഷം അപൂർവ്വം ചിലർക്ക് കടുത്ത റിയാക്ഷനുകൾ ഉണ്ടാക്കിയേക്കാം.. എങ്കിലും തേളുകളോടുള്ള പേടി മൂലം കണ്ടയുടൻ തല്ലിക്കൊല്ലുകയാണ് എല്ലാവരും ചെയ്യുക.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

റോമൻ പടയാളികളുടെ ദേഹത്തെ ലോഹകവചം പോലെ കൈറ്റിൻ കൊണ്ടുണ്ടാക്കിയ ഉറപ്പുള്ള ബാഹ്യാസ്ഥികൂടമുള്ളവരാണ് തേളുകൾ. നാൽപ്പത്തിയഞ്ച് കോടി വർഷം മുമ്പ് കടലിൽ നിന്ന് കരക്ക് കയറിയവരാണ് തേളുകളുടെ പൂർവ്വികർ. (മനുഷ്യ പൂർവ്വികർക്ക് പഴക്കം വെറും രണ്ട് ലക്ഷം വർഷം മാത്രമാണെന്നോർക്കണം) ഇത്രയും കൊല്ലം കഴിഞ്ഞിട്ടും അന്നത്തെ ശരീര രൂപത്തിൽ വലിയ മാറ്റമൊന്നും ഇവർക്ക് വന്നിട്ടില്ല എന്ന് ഫോസിൽ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ജീവിക്കുന്ന ഫോസിൽ എന്ന് കൂടി തേളുകളെ വിളിക്കാറുണ്ട്. തേളുകൾ പരിണമിച്ചുണ്ടായതിനു ശേഷം ഉണ്ടായ പല ജീവ വർഗ്ഗങ്ങളും കുറ്റിയറ്റ് പോവുകയോ പൂർണ്ണ രൂപമാറ്റം വരികയോ ചെയ്തിട്ടും പല കാര്യങ്ങളിലും തേൾ പഴയ തേൾ തന്നെ. ഇവരുടെ രൂപ ഘടന ഏത് സാഹചര്യവും അതിജീവിക്കാൻ പറ്റുന്ന വിധത്തിലുള്ള ഒന്നാണ്. മനുഷ്യർക്ക് നിമിഷം കൊണ്ട് മരണകാരണമാകുന്നത്ര അളവ് റേഡിയോ വികിരണം പോലും തേളുകൾക്ക് ഏശില്ല.

രണ്ട് ഭാഗത്തുമായി മൂന്നു മുതൽ അഞ്ച് ജോഡി കണ്ണുകൾ, തലതിരിക്കാതെ എല്ലാം കാണാം

16 ഖണ്ഡങ്ങൾ ചേർന്നതാണ് കൈറ്റിൻ കൊണ്ട് പണിത ശരീരം. തലയും ഉരസ്സും ഒന്നിച്ച് ചേർന്ന് വേർതിരിക്കാൻ കഴിയാത്ത വിധത്തിലാണ്. ഉദരഭാഗം പിന്നിലോട്ട് വരുമ്പോൾ വലിപ്പം കുറഞ്ഞ് നീണ്ട് വാലുപോലെ തോന്നിക്കും . അതിന്റെ അഗ്രത്തിലാണ് തേളിന്റെ വജ്രായുധമായ മുള്ളും വിഷസഞ്ചിയും ഉള്ളത്. മുന്നിലെ ഇറുക്കുകൈകൾ കൂടാതെ കരുത്തുള്ള നാലു ജോഡി കാലുകളും ഉണ്ട്. സ്പീഷിസുകൾ അനുസരിച്ച് നിറ വ്യത്യാസം ഉണ്ടാകും. നീലിമ തിളങ്ങുന്ന കട്ടക്കറുപ്പു മുതൽ മഞ്ഞ നിറം വരെ ഉള്ള തേളുകൾ ഉണ്ട്. വലിപ്പത്തിലും ഈ വ്യത്യാസം ഉണ്ടാകും. തലയുടെ മുൻ ഭാഗത്ത് രണ്ട് കണ്ണുകൾ എല്ലാ ഇനങ്ങൾക്കും പൊതുവായുണ്ടാകും. കൂടാതെ രണ്ട് ഭാഗത്തുമായി മൂന്നു മുതൽ അഞ്ച് ജോഡി കണ്ണുകൾ കൂടി വേറെയുമുണ്ടാകും. തനിച്ച് ചുറ്റും ഉള്ളവയൊക്കെ തലതിരിക്കാതെ കാണാം എന്നർത്ഥം. കാഴ്ചകളെ വേർതിരിച്ച് വ്യക്തമാക്കാനുള്ള കഴിവ് കുറവാണെങ്കിലും അതിസൂക്ഷ്മമായ പ്രകാശം പോലും പിടിച്ചെടുക്കാൻ ഇവർക്കാകും. രാത്രിയിലെ കൂരിരുളിലും നക്ഷത്ര പ്രഭമതി ഇവർക്ക് വഴികാട്ടാൻ.

നിസാര വലിപ്പമാണെങ്കിലും കോപിച്ചോ, സ്വയം ഭയന്നോ ഉള്ള സമയം ഇറുക്കുകൈകളും വാലും ഉയർത്തിപ്പിടിച്ചും തിരിഞ്ഞുകളിച്ചും ഉള്ള ഒരു ഒന്നൊന്നര നിൽപ്പുണ്ട്. ചാടിക്കടിക്കാനാണോ ഉദ്ദേശം എന്നുവരെ തോന്നും.

നാടന്‍ തേള്‍

നമ്മുടെ നാട്ടിലെ തേളുകൾ

Heterometrus സ്പീഷിസിൽ പെട്ടവയാണ് നമ്മുടെ നാട്ടിലെ കരിന്തേളുകളും കാട്ട് തേളുകളും. 10 മുതൽ 20 സെന്റീമീറ്റർ വരെ വലിപ്പമുള്ള, പച്ചനിറത്തിളക്കമുള്ള കട്ടക്കറുപ്പ് ഭീമൻ തേളുകളാണിവർ. ബ്രൗൺ നിറമുള്ളവരും കൂട്ടത്തിൽ ഉണ്ട്. വീർത്ത ഇറുക്ക് കൈകളും വീതിയുള്ള നടുഭാഗവും മെലിഞ്ഞുനീണ്ട വാലുഭാഗവും ആണിവരുടെ പ്രത്യേകത. മുന്നോട്ട് വളഞ്ഞ വാലിന്റെ അഗ്രത്തായി വിഷ സഞ്ചിയും മുള്ളും ഉണ്ടാകും. കാഴ്ചയിൽ ഭീകരനാണെന്ന് തോന്നുമെങ്കിലും അത്ര ശക്തമായ വിഷം ഒന്നും ഇവർക്കില്ല. ഇരകളെ കീഴ്പ്പെടുത്താനും ഇരപിടിയന്മാരിൽ നിന്നും തടി രക്ഷപ്പെടുത്താനും ആണ് വിഷം സഹായിക്കുന്നത്.
ഈ തേളുകളുടെ കുത്ത് കിട്ടിയ സ്ഥലത്ത് വേദനയും നീർക്കെട്ടും ചുവപ്പും വിങ്ങലുംകുറച്ച് മണിക്കൂർ നേരത്തേക്ക് ഉണ്ടാകും എന്നു മാത്രം. അപൂർവ്വം ചിലർക്ക് മാത്രം കൂടുതൽ പ്രശ്നങ്ങൾ കാണിക്കും.

ചുവപ്പ് തേള്‍ | Photo-CC BY-SA 3.0, https://en.wikipedia.org/w/index.php?curid=8655630

ചുവപ്പ് തേളുകൾ കൂടുതൽ പ്രശ്നക്കാരാണ്. കുഞ്ഞന്മാരായ , 3-7 സെന്റീമീറ്റർ വരെ മാത്രം നീളമുള്ള, അധികം വണ്ണമില്ലാത്ത നേർത്ത ഇറുക്കുകൈകൾ ഉള്ളവരാണ് ഇവർ. Isometrus (Isometrus) thurstoni ഇനങ്ങളെ വീട്ടിനകത്തൊക്കെ കാണാം. ഉണങ്ങിയ ചെമ്മീനിനെപ്പോലെ മഞ്ഞകലർന്ന ഇളം ചുവപ്പ് നിറത്തിലുള്ള ഈ മണിത്തേളുകൾ കടുത്ത വിഷം ഉള്ളവരാണ്. കായിക ശക്തി കുറഞ്ഞതിനാൽ വിഷശക്തി കൂടുതലുള്ളവർ. പാറ വിടവുകളിൽ ഒളിച്ച് കഴിയുന്ന പരന്ന ശരീരമുള്ള പാറത്തേളുകളുടെ ശാസ്ത്രനാമം lomachus laeviceps എന്നാണ്. ഇവരും വലിയ തേളുകളേക്കാൾ വിഷം ഉള്ളവരാണ്.

വിഷം ചീറ്റാൻ ശേഷിയുള്ള മരുഭൂമിത്തേളുകള്‍| By Robb Hannawacker, while working for Joshua Tree National Park - https://www.flickr.com/photos/115357548@N08/12489183254/, Public Domain, https://commons.wikimedia.org/w/index.php?curid=32600288

ചിലയിനം തേളുകൾ വിഷം ചീറ്റിയും ഭയപ്പെടുത്തി രക്ഷപ്പെടാറുണ്ട്. ഇരപിടിയന്മാരുടെ കണ്ണിലേക്ക് തെറിപ്പിച്ച് അപായപ്പെടുത്തി പേടിപ്പിക്കലാണ് ഉദ്ദേശം. നോർത്തമേരിക്കക്കാരായ Hadrurus arizonensis പോലുള്ള മരുത്തേളുകൾ ഒരു മീറ്റർ ദൂരത്തേക്ക് വരെ വിഷം തെറിപ്പിക്കാൻ കഴിവുള്ളവരാണ്. Ananteris സ്പീഷിസിൽ പെട്ട തേളുകൾക്ക് വാലിന്റെ ഭാഗം മുറിച്ചിട്ട് ശത്രുക്കളുടേ ശ്രദ്ധ തെറ്റിച്ച് രക്ഷപ്പെടാനുള്ള സൂത്രം അറിയാം.

ഒരു രക്ഷയും ഇല്ലാത്ത ചിലരുടെ സ്വഭാവത്തെ പറ്റി സൂചിപ്പിക്കാൻ ‘മർക്കടസ്യ സുരാപാനം- മാർഗ്ഗേ വൃശ്ചിക ദംശനം’ എന്ന സംസ്കൃത ചൊല്ലുണ്ട്. സ്വതേ വികൃതിയായ കുരങ്ങൻ കള്ളു കുടിച്ചാലത്തെ അവസ്ഥയിൽ തേള് കുത്തുകകൂടി ചെയ്താലുള്ള അവസ്ഥപോലെ എന്നാണ് ഉദ്ദേശിക്കുന്നത്. തേള് കുത്ത് കിട്ടിയാൽ കുരങ്ങ് തലകുത്തിമറിയും എന്ന് വെറുതേ പറയുന്നതാണ്. അത്രവലിയ വേദനയും പ്രശ്നങ്ങളും ഒന്നും നമ്മുടെ നാട്ടിലെ തേളുകുത്ത്കൊണ്ട് ഉണ്ടാവാറില്ലല്ലൊ. നക്ഷത്ര രാശികളിലൊന്നായ വൃശ്ചിക രാശിയ്ക്ക് (Scorpius) ആ പേര് നൽകിയത് കാഴ്ചയിൽ, വളഞ്ഞ വാലുമായി നിൽക്കുന്ന തേളിന്റെ ആകൃതി തോന്നുന്നത് കൊണ്ടാണ്.

തേളുകൾ രാത്രി വെളിച്ചത്തിൽ തിളങ്ങും, ഇതുകൊണ്ട് ഇവയ്ക്ക് എന്ത് ഗുണമാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല


അൾട്രാ വയലറ്റ് പ്രകാശ തരംഗദൈർഘ്യങ്ങളിൽ ഇവയുടെ ശരീരത്തിലെ ബീറ്റാ കാർബോളിൻ എന്ന ഘടകം മൂലം, നീല- പച്ച നിറത്തിൽ തിളങ്ങുന്ന ഫ്ളൂറസെന്റ് പ്രതിഭാസം പ്രകടിപ്പിക്കും. ഈ കഴിവ് കൊണ്ട് ഇവയ്ക്കുള്ള അനുകൂലനങ്ങൾ എന്തൊക്കെയാണെന്ന കാര്യം ഇതുവരെ കൃത്യമായി മനസിലാക്കാൻ ആയിട്ടില്ല. തേളുകൾ ഒട്ടും സാമൂഹ്യ ജീവികളല്ല. പൊതുവെ ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടം. ചില സ്പീഷിസുകൾ മാത്രം ഒന്നിച്ച് കഴിയുന്നത് കാണാം എന്ന് മാത്രം. പകൽ ഇരുളിൽ, മരത്തടികളുടെ അടിയിലോ, പാറകളുടെ വിള്ളലുകളിലോ ഒക്കെ ഒളിച്ചിരിക്കും. അബദ്ധത്തിൽ അങ്ങോട്ട് വലിഞ്ഞ് കയറുന്നവരെ ശാപ്പിടും. പ്രകാശത്തിൽ ഇറങ്ങി നടക്കാൻ ഒട്ടും ഇഷ്ടമല്ല. മറ്റ് ഇരപിടിയന്മാരുടെ മുന്നിൽ പെട്ടാൽ തേളിന്റെ കഥകഴിയും. ലിസാർഡുകളും പാമ്പുകളും തവളകളും പക്ഷികളും കീരികളും പലയിനം സസ്തനികളും ഒക്കെ ഇവരെ തിന്നും. ഉറുമ്പുകളും, ചിലന്തികളും, പഴുതാരകളും തരം കിട്ടിയാൽ ആക്രമിക്കും. അതിനാൽ രാത്രിയാണ് പ്രധാനമായും തേളുകൾ ഇരതേടൽ നടത്തുക. പുൽച്ചാടികൾ, ക്രിക്കറ്റ് ചീവീടുകൾ, ചിതൽ, വണ്ടുകൾ , കടന്നലുകൾ , ചിലന്തികൾ, മരപ്പേനുകൾ , ഒച്ചുകൾ, മണ്ണിര, കുഞ്ഞ് പല്ലികൾ, പാമ്പുകൾ, സസ്തനികൾ എന്നിവയെ ഒക്കെയാണ് തേളുകൾ ഭക്ഷണമാക്കുക.

തോളില്‍ കുഞ്ഞുങ്ങളുമായി അമ്മ തേള്‍ | ഫോട്ടോ:സുനില്‍ കുമാര്‍ സി

തേളുകളുടെ വെള്ളകുഞ്ഞുങ്ങൾ

ഇണയെ കണ്ടെത്തിക്കഴിഞ്ഞാൽ ഇണചേരലിന് മുമ്പ് നീണ്ട പ്രണയ പ്രകാശന ചേഷ്ടകളുണ്ട് ആൺ തേളുകൾക്ക്. ഒരു മണിക്കൂർ മുതൽ ചിലപ്പോൾ ഒരുദിവസം വരെ നീളും അത്. ശരീരം വിറപ്പിച്ചുള്ള ഡാൻസും ഇറുക്കുകൈകൾ ചേർത്തുള്ള കെട്ടിപ്പിടുത്തവും അധരഭാഗങ്ങൾ ഉരുമ്മലും (ചുംബനം എന്ന് നമ്മൾ പറയും) ഒക്കെ ചേർന്നതാണ് സ്നേഹപ്രകടനങ്ങൾ. മെരുക്കം കുറഞ്ഞ പെൺ തേളിനെ അൽപ്പം മയക്കാൻ അതിന്റെ പള്ളയിൽ വിഷമുള്ള് കൊണ്ട് ആൺ തേൾ മണ്ടിപ്പെണ്ണേ എന്ന് പറഞ്ഞ് നസീർ നായികക്കവിളിൽ തട്ടുന്ന സ്റ്റൈലിൽ കുഞ്ഞ് “സ്നേഹ കുത്ത് ” കൊടുക്കുകയും ചെയ്യും. സൗകര്യമുള്ള പരന്ന സ്ഥലത്തേക്ക് പെൺ തേളിനെ ആനയിച്ച് , പ്രലോഭിപ്പിച്ച് കൊണ്ട് വരലാണ് പിന്നെ പ്രധാനം. ആൺ തേൾ തന്റെ ബീജം അത്തരം സ്ഥലത്ത് നിക്ഷേപിച്ച പെൺ തേളിനെ അതിനടുത്ത് ആനയിച്ച് എത്തിക്കും. പെൺ തേൾ ആ ബീജങ്ങൾ സ്വന്തം അണ്ഡാശയത്തിലേക്ക് വലിച്ച് കയറ്റും. ഇതാണ് ഇണചേരൽ! ഇണചേരൽ പരിസമാപ്തിക്ക് മുമ്പ് ആൺ തേൾ തന്ത്രപരമായി സ്ഥലം വിടാൻ നോക്കും. അല്ലെങ്കിൽ പലപ്പോഴും പെൺ തേൾ ആണിനെ കൊന്ന് തിന്നുകളയും. പിറക്കാനുള്ള , ഉണ്ണികളാവേണ്ട അണ്ഡങ്ങൾക്കുള്ള വളർച്ചയ്ക്ക് വേണ്ട നല്ല പോഷകശരീരം തൊട്ടടുത്ത് ഉള്ളപ്പോൾ അത് എന്തിനാണ് നഷ്ടമാക്കുന്നത് എന്നാവും കരുതുന്നത്.
പെൺ തേളിനുള്ളിൽ ബീജ സംയോഗം നടന്ന അണ്ഡങ്ങളെ മുട്ടയായി പുറത്തേക്ക് ഇട്ടുകൂട്ടുന്നതിനുപകരം ഉള്ളിൽ തന്നെ വളർത്തി വലുതാക്കുന്നു. വളർച്ച പൂർത്തിയായ കുഞ്ഞുങ്ങളെയൊക്കെയും ഓരോന്നായി ജെനിറ്റൽ ഒപെർകുല എന്ന അടിഭാഗത്തെ ദ്വാരം വഴി പുറത്തേക്ക് ഇറങ്ങും. ഇങ്ങനെ ‘പ്രസവിക്കുന്ന‘ വെളുപ്പു നിറമുള്ള തേൾ കുഞ്ഞുങ്ങൾ അമ്മത്തേളിന്റെ കാലുകൾചേർത്ത് കൂട്ടിപ്പിടിച്ചുണ്ടാക്കുന്ന കൊട്ടയിലാണ് വീഴുക. പതുക്കെ ഓരോരുത്തരായി അവിടെ നിന്ന് മുകളിലോട്ട് കയറും. മടക്കി പിടിച്ചു കൊടുക്കുന്ന കാലിലും തുമ്പിക്കൈയിലും ചവിട്ടി നാട്ടാനപ്പുറത്ത് പാപ്പാന്മാർ കയറുന്നത് പോലെയാണ് കണ്ടാൽ തോന്നുക. ഒറ്റ പ്രസവത്തിൽ. നൂറുകണക്കിന് കുഞ്ഞുങ്ങൾ വരെ ഉണ്ടാകും ചില സ്പീഷിസുകളിൽ. അമ്മത്തേളിന്റെ ശരീരം മൂടാൻ മാത്രം എണ്ണം കാണും . കുഞ്ഞുങ്ങൾ ഒരു തവണ ഉറപൊഴിച്ചാലേ (മോൾട്ടിങ്ങ് ) അതിന്റെ സ്വാഭാവിക നിറത്തിലേക്ക് വരികയുള്ളു. അതുവരെ എല്ലാ കുഞ്ഞുങ്ങളും മൃദുവായ വെളുത്ത പുറം കവചത്തിന്റെ നിറത്തിലാണ് ഉണ്ടാ‍കുക. അമ്മത്തേൾ കുഞ്ഞുങ്ങളേയും ചുമന്ന് ഒരു മാസത്തോളം നടക്കും. അമ്മ കണ്ടെത്തിക്കൊടുക്കുന്ന ഭക്ഷണമാണ് അവ കഴിക്കുക. ഒരു മാസം കഴിഞ്ഞും ആനപ്പുറത്ത് സഞ്ചരിക്കാൻ ശ്രമിക്കുന്ന മടിയന്മാരായ മക്കളെ തിന്ന് ഒഴിവാക്കാനും അമ്മ മടിക്കില്ല. ലൈംഗിക പ്രത്യുത്പാദനം വഴിയല്ലാതെയും കുഞ്ഞുങ്ങളെ സ്വയം ഉള്ളിൽ സൃഷ്ടിക്കുന്ന രീതിയും ചില ഇനങ്ങൾക്ക് ഉണ്ട്. ഏഴെട്ട് ഉറപൊഴിക്കൽ കഴിയുന്നതോടെ പ്രായപൂർത്തിയാകുന്നു. 5 മുതൽ 25 വർഷം വരെ ആയുസ്സുള്ള സ്പീഷിസുകളുണ്ട്.

എല്ലാ തേളുകളും വിഷമുള്ളവയാണ് എങ്കിലും ലോകത്ത് ആകെ 25 ഇനങ്ങൾ മാത്രമാണ് മനുഷ്യർക്ക് മാരകമായവ. ഇറുക്ക് കൈകൾക്ക് വലിപ്പവും ശക്തിയും ഉറപ്പും ഉള്ള ഇനങ്ങളുടെ വാലിലെ വിഷശക്തിയാവും കൂടുതൽ എന്നാണ് നമ്മൾ പ്രതീക്ഷിക്കുക., എന്നാൽ തിരിച്ചാണ് കാര്യം.. കുഞ്ഞൻ ഇറുക്കു കൈക്കാർക്കാണ് കടുത്ത വിഷം ഉള്ളത്.

തേളിന്റെ ഇറുക്ക് കൈയിലെ ശ്രവണ രോമങ്ങൾ

ചിലന്തികൾ, പാറ്റകൾ, മണ്ണിരകൾ നിശാശലഭങ്ങൾ , പുഴുക്കൾ, പഴുതാരകൾ തുടങ്ങിയവയെ ഒക്കെ ആണ് തേളുകളുടെ ഭക്ഷണം. മുന്നിലെ പെഡിപാൾസ് എന്ന ഇറുക്കു കൈകളിൽ കുഴികളിൽ എഴുന്നു നിൽക്കുന്ന രോമങ്ങൾ പോലുള്ള ട്രൈക്കോബോത്രിയം എന്ന സംവേദന ഗ്രാഹികളുണ്ട്. ഒരു മീറ്റർ അകലെ ഒരു പാറ്റയോ പ്രാണിയോ നടന്നാൽ മണ്ണിലുണ്ടാകുന്ന അതി സൂക്ഷ്മമായ കമ്പനങ്ങൾ തിരിച്ചറിഞ്ഞ് ഇരയുടെ സഞ്ചാര വഴി തേൾ മനസിലാക്കും. അതി സൂഷ്മമായ വായു കമ്പനം, പ്രവാഹം , ഇലക്ട്രിക്കൽ ചാർജ് വരെ അതിന് തിരിച്ചറിയാം. 1883 ൽ Friedrich Dahl ആണ് വയലിൻ ശബ്ദത്തിനനുസരിച്ച് ഈ രോമങ്ങൾ അനങ്ങുന്നുണ്ട് എന്ന് നിരീക്ഷിച്ചത്. അദ്ദേഹമാണ് ശ്രവണ രോമങ്ങൾ എന്ന് ഇതിന് പേരിട്ടത്.

ഇര തൊട്ടടുത്ത് എത്തിയാൽ ഇറുക്ക് കൈകൾ കൊണ്ട് ഒരു ധൃതരാഷ്ട്രാലിംഗനമാണ് പിന്നെ . കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്ന കൂടുതൽ ശക്തരായ ഇരകളോട് - അത്യാവശ്യ ഘട്ടത്തിൽ മാത്രമേ വജ്രായുധം ഉപയോഗിക്കുകയുള്ളു. വാലുമടക്കി മുന്നോട്ട് കൊണ്ട് വന്ന് മുള്ളു കൊണ്ട് ആഴത്തിൽ കുത്തി അതിലൂടെ ശക്തിയുള്ള ന്യൂറോ ടോക്സിൻ കയറ്റി വിടും. അനക്കം നഷ്ടപ്പെട്ട ഇര ചാവാൻ കാത്തുനിൽക്കാനുള്ള ക്ഷമയൊന്നും തേളുകൾക്ക് ഇല്ല. കറുമുറെ തിന്നാനൊന്നും കഴിയില്ല. ദഹനം പുറത്ത് വെച്ച് തന്നെയാണ്. വയറ്റിൽ നിന്ന് ശക്ത-ദഹന രസങ്ങൾ ഇരയിൽ തുപ്പി കുതിർത്ത് ദഹിപ്പിച്ച് ജ്യൂസാക്കി വലിച്ച് കുടിക്കുന്നതാണ് രീതി. സ്വന്തം ശരീരവലിപ്പത്തിലും കൂടുതലുള്ള ഇരയെപ്പോലും കുടിക്കാൻ പറ്റും. മണിക്കൂറുകളും, ചിലപ്പോൾ ദിവസങ്ങൾ വരെ എടുക്കും ഒരു ശാപ്പാട് തീരാൻ. നല്ല ഒരു തീറ്റ കഴിഞ്ഞാൽ പിന്നീട് മാസങ്ങളോളം ഒന്നും കഴിക്കാതെ ജീവിച്ചോളും. ഒരു വർഷം വരെ പട്ടിണികിടന്നാലും ചത്തുപോകില്ല. അനാവശ്യ ചലനങ്ങളില്ലാതെ വളരെ കുറച്ച് ഊർജ്ജം മാത്രം പിശുക്കി ചിലവഴിച്ച് ജീവിക്കാൻ ഇവർക്കാകും. ഇരയെ ജ്യൂസാക്കി കഴിക്കുന്നതിനാൽ തേളിന് വിസർജ്ജ്യങ്ങൾ പുറത്തേക്ക് കളയാൻ അധികമൊന്നും കാണില്ല. യൂറിക്കാസിഡ് പോലുള്ള കുറച്ച് നൈട്രോജനിക്ക് സംയുക്തങ്ങൾ മാത്രമേ ബാക്കി ഉണ്ടാവൂ.

Content Highlights: predatory arachnids scorpion, vijayakumar Blathur, Bandhukkal Mithrangal column,environment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented