Representational Image. Photo: PTI
ബെംഗളൂരു: കര്‍ണാടകയില്‍ അധികാരത്തിലേറാനുള്ള കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ചില നീക്കങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് മന്ത്രിയും ബിജെപി നേതാവുമായ ആര്‍.അശോക. ഒരു കന്നഡ ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും ബിജെപി അധികാരത്തിലേറുമെന്ന് അശോക ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
തൂക്കുസഭയാണെങ്കില്‍ പാര്‍ട്ടിയുടെ നീക്കം എന്തായിരിക്കുമെന്നുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. 'ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. എങ്ങനെ എപ്പോള്‍ എന്നൊന്നും ചോദിക്കരുത്. കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് പ്ലാന്‍ ബി ചര്‍ച്ച ചെയ്യും. ശേഷം വേണ്ടത് ചെയ്യും' ആര്‍.അശോക പറഞ്ഞു.
'ഈ വര്‍ഷം ഞങ്ങള്‍ കപ്പ് നേടും. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ ഞങ്ങള്‍ ട്രോഫി സ്വന്തമാക്കുകയും വിജയികളായി ഉയരുകയും ചെയ്യും. ഒരു സംശയത്തിനും ഇടനല്‍കാതെ കര്‍ണാടകയില്‍ ഒരു ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വരും. ഞങ്ങള്‍ ഭൂരിപക്ഷം നേടും, ഇല്ലെങ്കില്‍, ഞങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ
മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കും. ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കേന്ദ്ര നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശത്തോടെ വേണ്ട ഓപ്പറേഷന്‍ നടത്തും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനകപുരയില്‍ കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെതിരെ മത്സരിച്ച അശോക രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ഇത്തവണ ജനവധി തേടിയത്. സിറ്റിങ് മണ്ഡലമായ പത്മനാഭ നഗറില്‍ മത്സരിക്കുന്നത് കൂടാതെയാണ് ബിജെപി അശോകയെ കനകപുരയില്‍ നിര്‍ത്തിയിരിക്കുന്നത്.
224 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. 2018-ല്‍ 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസും 37 സീറ്റുകള്‍ നേടിയ ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപി അധികാരത്തിലെത്തുകയായിരുന്നു. ഓപ്പറേഷന്‍ കമല എന്ന പേരിലായിരുന്നു ബിജെപി ഈ നീക്കം നടത്തിയിരുന്നത്. 2019-ലെ ഉപതിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 120 ആയി വര്‍ധിച്ചു. കോണ്‍ഗ്രസ് 69 ലേക്കും ജെഡിഎസ് 32 ലേക്കും ചുരുങ്ങുകയും ചെയ്തു.
മേയ് പത്തിന് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചിച്ചിട്ടുള്ളത്. തൂക്കുസഭയ്ക്കുള്ള സാധ്യതകളും ചില എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
Content Highlights: Will start an ‘operation’ if we don’t have majority, Karnataka BJP leader R Ashoka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..