ജനകീയത തരംഗമായി; അവസാന അങ്കത്തിലും വിജയക്കൊടി നാട്ടി സിദ്ധരാമയ്യ, മുഖ്യമന്ത്രിയാകുമോ?


സ്വന്തം ലേഖകൻ

3 min read
Read later
Print
Share

ഇത്തവണത്തേത് തന്റെ അവസാന തിരഞ്ഞെടുപ്പ് മത്സരമാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരുവട്ടം കൂടി മുഖ്യമന്ത്രി പദത്തിലെത്തുക എന്നതായിരിക്കും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരുടെ ആഗ്രഹവും. ഇത് വ്യക്തമായിത്തന്നെ സിദ്ധരാമയ്യയുടെ മകന്റെ വാക്കുകളിൽ വ്യക്തമാകുന്നുണ്ട് താനും

സിദ്ധരാമയ്യ | Photo: PTI

'എന്റെ അച്ഛൻ മുഖ്യമന്ത്രിയാകണം. അതാണ് ജനം ആഗ്രഹിക്കുന്നത്' കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പേ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ മകൻ എ.എൻ.ഐയോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. വൻ ഭൂരിപക്ഷത്തോടെ കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചർച്ചകളും സജീവമായിത്തുടങ്ങി.

സംസ്ഥാനത്ത് പാർട്ടിയുടെ ഓരോ ചലനങ്ങളും വിലയിരുത്തുന്ന കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൂണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കുന്ന കീഴ്വഴക്കം പാർട്ടിക്കില്ല എന്നായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ മുന്നേറ്റത്തിൽ ബിജെപി തകർന്നടിഞ്ഞപ്പോൾ ഇനി കർണാടകയുടെ തലപ്പത്ത് ആര് എത്തും എന്നുള്ള ചർച്ചകളാണ് സജീവമാകുന്നത്.

പതിനൊന്ന് തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, വെറും മൂന്ന് തവണ മാത്രമാണ് പരാജയമറിഞ്ഞിട്ടുള്ളത്. എട്ട് തവണ നിയമസഭയിൽ എത്തി. രണ്ട് തവണ ഉപമുഖ്യമന്ത്രിയായിരുന്നു അദ്ദേഹം ഒരു തവണ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർഥിത്വത്തിൽ മത്സരിച്ച് മുഖ്യമന്ത്രിയാകുകയും ചെയ്തു. വിദ്യാഭ്യാസം, ധനകാര്യം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ, വീണ്ടും ഒരു മുഖ്യമന്ത്രി പദത്തിലേക്കുള്ള സിദ്ധരാമയ്യയുടെ യാത്ര ഇങ്ങനെ നീണ്ടു പോകുന്നു.

അമിത് ഷാ നേരിട്ടെത്തിയിട്ടും കാര്യമില്ല, സിദ്ധരാമയ്യയ്ക്കൊപ്പം ജനമനസ്

താൻ വരുണയിൽ മാത്രം ഒതുങ്ങില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സിദ്ധരാമയ്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സിദ്ധരാമയ്യ വരുണയിൽ മാത്രമായി. 2008-ൽ രൂപവത്കരിച്ച വരുണമണ്ഡലം അന്നുമുതൽ കോൺഗ്രസിനെയാണ് പിന്തുണച്ചുവരുന്നത്. ആദ്യത്തെ രണ്ടുതവണ സിദ്ധരാമയ്യയും മൂന്നാംതവണ മകൻ യതീന്ദ്രയുമാണ് വിജയിച്ചത്. അതിനാൽ, ഇത്തവണയും മണ്ഡലം കോൺഗ്രസിനൊപ്പം നിൽക്കുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു സിദ്ധരാമയ്യ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതീക്ഷ തെറ്റിയില്ല, ഇത്തവണയും മണ്ഡലത്തിലെ ജനമനസ്സ് കോൺഗ്രസിനൊപ്പം നിന്നു.

സിദ്ധരാമയ്യയെ തളയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ഒരുമിച്ചിറങ്ങിയിട്ടും കാര്യമുണ്ടായില്ല. സിദ്ധരാമയ്യ മത്സരിക്കുന്ന വരുണയിൽ ഇരുനേതാക്കളും ഒരുമിച്ചെത്തിയായിരുന്നു പ്രചാരണ പരിപാടികൾ. വരുണയിലെ സൂട്ടൂരിൽ അമിത് ഷായെയും യെദ്യൂരപ്പയെയുമിറക്കി വൻ പൊതുയോഗമാണ് ബി.ജെ.പി. സംഘടിപ്പിച്ചത്. രണ്ടു തവണ തനിക്കൊപ്പവും ഒരു തവണ മകൻ യതീന്ദ്രയ്ക്കൊപ്പവുംനിന്ന തന്റെ ജന്മനാടായ വരുണ തന്നെ ചതിക്കില്ലെന്ന സിദ്ധരാമയ്യയുടെ ആത്മവിശ്വാസത്തെ തകർക്കാൻ അമിത് ഷായും യെദ്യൂരപ്പയും ഒരുമിച്ചു നിന്നിട്ടും കാര്യം ഉണ്ടായില്ല.

ശക്തനായ എതിരാളി

സിദ്ധരാമയ്യയെ തളക്കാൻ ശക്തമായ സ്ഥാനാർഥിയെത്തന്നെ ആയിരുന്നു ബി.ജെ.പി. രംഗത്തിറക്കിയത്. ഭവന നിര്‍മാണ വകുപ്പ്‌ മന്ത്രി വി. സോമണ്ണയെ ആയിരുന്നു ബി.ജെ.പിയുടെ സ്ഥാനാർഥി. താഴെത്തട്ടിൽ പ്രവർത്തിച്ച് വർഷങ്ങളുടെ അനുഭവസമ്പത്തും മികച്ച സംഘാടനപാടവവുമുള്ള സോമണ്ണ വോട്ടർമാരിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണമായിരുന്നു ഉടനീളം നടത്തിയത്. ലിംഗായത്ത് സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വരുണ. നിലവിലെ കണക്കുപ്രകാരം 53,000-ത്തിലധികം വോട്ടർമാരാണ് ഈ വിഭാഗത്തിൽനിന്നുള്ളത്. മുതിർന്ന ലിംഗായത്ത് നേതാവ് കൂടിയായ സോമണ്ണയെ സ്ഥാനാർഥിത്വത്തിന് ഇതും ഒരു കാരണമായി എന്നു വേണം പറയാൻ. എന്നാൽ ബി.ജെ.പിയുടെ പ്രതീക്ഷകൾ തെറ്റുന്ന കാഴ്ചയായിരുന്നു വരുണയിൽ കണ്ടത്.

രാഷ്ട്രീയപ്രവേശം

കുറുംബ സമുദായ അംഗമായ സിദ്ധരാമയ്യ 1977-ൽ ലോക്ദളിൽ കൂടി രാഷ്ട്രീയ പ്രവേശം. 1983ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മത്സരിച്ച് ആദ്യമായി നിയമസഭാംഗമായി. പിന്നീട് ലോക്ദളിൽ നിന്ന് ജനതാ പാർട്ടിയിലേക്ക് ചേക്കേറിയ സിദ്ധരാമയ്യ 1985-ൽ വീണ്ടും നിയമസഭയിലെത്തി. 1988-ൽ ജനതാ പാർട്ടി പിളർന്നു. തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989-ൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1994-ൽ വീണ്ടും ജനദാതൾ ടിക്കറ്റിൽ നിയമസഭാംഗമായെങ്കിലും 1999-ൽ പിളർപ്പിനെത്തുടർന്ന് ജനതാദൾ വിട്ട് ദേവഗൗഡയുടെ ജെ.ഡി.എസിൽ എത്തി. 1994-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു.

ജെ.ഡി.എസിൽ നിന്ന് 1999-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇതിന് പിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് തന്നെ മത്സരിച്ച് വീണ്ടും നിയമസഭയിലെത്തി.

ജെ.ഡി.എസിൽ നിന്ന് പുറത്തേക്ക്

2005-ൽ എച്ച്.ഡി. ദേവഗൗഡയുമായുണ്ടായ അഭിപ്രായ വിത്യാസത്തെത്തുടർന്ന് ജെ.ഡി.എസിൽ നിന്ന് വിട്ട് സമാന്തര പാർട്ടി രൂപീകരിച്ചു. 2005-ലാണ് കോൺഗ്രസുമായി തന്റെ പാർട്ടിയെ ലയിപ്പിക്കുന്നത്. 2006-ലാണ് കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി മത്സരിച്ച് വീണ്ടും നിയമസഭയിലെത്തുന്നത്. 2008, 2013 വർഷങ്ങളിൽ വരുണ മണ്ഡലത്തിൽ മത്സരിച്ച് സിദ്ധരാമയ്യ നിയമസഭയിലെത്തി. 2013-ൽ അദ്ദേഹം കർണാടക മുഖ്യമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു. 122 സീറ്റുകൾ ലഭിച്ച തിരഞ്ഞെടുപ്പിൽ അന്ന് സിദ്ധരാമയ്യയായിരുന്നു മുന്നിൽ നിന്ന് കോൺഗ്രസിനെ നയിച്ചത്.

കോൺഗ്രസിന് കാലിടറിയ 2018

2018ൽ കർണാടകയിൽ കോൺഗ്രസിന് കാലിടറിയ വർഷം കൂടിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കോൺഗ്രസ് ജെ.ഡി.എസുമായി കൂട്ടു ചേർന്നു. സഖ്യത്തിൽ ജെ.ഡി.എസ് അവകാശപ്പെട്ടത് മുഖ്യമന്ത്രി സ്ഥാനമായിരുന്നു. വീണ്ടും ഒരുവട്ടം കൂടി മുഖ്യമന്ത്രി സ്ഥാനം കാത്തിരുന്ന സിദ്ധരമയ്യയ്ക്ക് അതൊരു തിരിച്ചടി കൂടിയായിരുന്നു. പുതിയ സർക്കാർ രൂപീകരിച്ച് ജെ.ഡി.എസിലെ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി. എന്നാൽ 17 എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിക്ക് പിന്തുണപ്രഖ്യാപിച്ചതോടെ കർണാടകയിലെ കാര്യങ്ങൾ മാറിമറിഞ്ഞു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ 17 ഇടങ്ങളിൽ 13 ഇടത്തും ബി.ജെ.പി. കൊണ്ടു പോയതോടെ കോൺഗ്രസ് - ജെ.ഡി.എസ്. സഖ്യ സർക്കാർ താഴെ വീണു. സഖ്യസർക്കാരിൽ ഇരുനേതാക്കളും(എച്ച്.ഡി. കുമാര സ്വാമിയും, സിദ്ധരാമയ്യയും) തമ്മിലുള്ള അസ്വാരസങ്ങൾ പലപ്പോഴും പ്രകടമായിത്തന്നെ തുടർന്നിരുന്നു.

സിദ്ധരാമയ്യ സി.എം. എന്ന് നെഞ്ചിൽ പച്ച കുത്തിയ കോൺഗ്രസ് പ്രവർത്തകൻ | Photo: ANI

2019-ൽ ഉപതിരഞ്ഞെടുപ്പിൽ ബി.ജെപിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ബി.എസ്. യെദ്യൂരപ്പയ്യയ്ക്ക് മുഖ്യമന്ത്രി പദം ലഭിച്ചു. പ്രതിപക്ഷത്തെ മുന്നിൽ നിന്ന് നയിക്കാൻ സിദ്ധരാമയ്യയും. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഡ് കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുമ്പോൾ മുന്നിൽ സിദ്ധരാമയ്യയോ അതോ ഡി.കെ. ശിവകുമാറോ കർണാടകയുടെ തലപ്പത്ത് എത്തുക എന്നാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ഇത്തവണത്തേത് തന്റെ അവസാന തിരഞ്ഞെടുപ്പ് മത്സരമാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരുവട്ടം കൂടി മുഖ്യമന്ത്രി പദത്തിലെത്തുക എന്നതായിരിക്കും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരുടെ ആഗ്രവും. ഇത് വ്യക്തമായിത്തന്നെ സിദ്ധരാമയ്യയുടെ മകന്റെ വാക്കുകളിൽ വ്യക്തമാകുന്നുണ്ട് താനും.

Content Highlights: who is siddaramaiah karnataka election 2023 result

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented