രാഹുൽ ഗാന്ധി | Photo: AFP
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോലാറില്‍ റാലിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ജയ് ഭാരത്' എന്നാണ് കോലാറില്‍ ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന റാലിയുടെ പേര്.
കോലാറിലെ റാലിയില്‍ പങ്കെടുത്തതിന് ശേഷം ഏപ്രില്‍ 11-ന്, അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന മുന്‍പ് ലോക്‌സഭാ മണ്ഡലമായ വയനാട് സന്ദര്‍ശിക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ട്വിറ്ററിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
രാഹുല്‍ ജനങ്ങളുടെ ശബ്ദമാണ്. അദ്ദേഹത്തെ നിങ്ങള്‍ക്ക് ഒരിക്കലും നിശ്ശബ്ദനാക്കാനാകില്ല. ഈ ശബ്ദം കൂടുതല്‍ ഉച്ചത്തിലും ശക്തിയിലും മുഴങ്ങുമെന്നും വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
ലോക്‌സഭാ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാകും കോലാറിലേത്. 2019-ല്‍ കോലാറില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ പരാമര്‍ശമാണ് രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടമാകുന്ന കോടതിവിധിയിലേക്ക് വഴിതെളിച്ചത്.
മേയ് പത്തിനാണ് കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ്. 13-ന് ആണ് വോട്ടെണ്ണല്‍.
Content Highlights: rahul gandhi to hold jai bharat rally in karnataka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..