കെ.സി. വേണുഗോപാൽ | Photo: ANI
കര്‍ണാടകയിലെ ത്രസിപ്പിക്കുന്ന വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ തോല്‍പ്പിക്കാനുള്ള ഊര്‍ജ്ജമാണ് കോണ്‍ഗ്രസിന് കര്‍ണാടക നല്‍കിയത്. വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാക്കളില്‍ പ്രധാനിയായ എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖം.
സന്തോഷത്തിലാണെന്ന് തോന്നുന്നു?
അമിതമായ സന്തോഷവും വിഷമവുമില്ല. ഭംഗിയായി കാര്യങ്ങള്‍ നിര്‍വ്വഹിച്ചതിലുള്ള ചാരിതാര്‍ത്ഥ്യമുണ്ട്.
അഞ്ച് പ്രധാന വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയാണ് കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവമായത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ അത് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും. അത് അവിടെ കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ഗാന്ധിയും എല്ലാ പൊതു യോഗങ്ങളിലും ഉറപ്പിച്ച് പറഞ്ഞതാണ്. സോണിയ ഗാന്ധിയും അത് പറഞ്ഞതാണ്. ഞങ്ങളുടെ അഞ്ച് വാഗ്ദാനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമാക്കി പ്രഖ്യാപിക്കും.
ഫലം വന്ന് അഞ്ചാം ദിവസമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്. വൈകിപ്പോകുന്നു, തര്‍ക്കമുണ്ട് എന്നൊക്കെയുള്ള വ്യാപകമായ വാര്‍ത്തകളൊക്കെ വന്നു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്?
ഇത്തരം വാര്‍ത്തകളൊക്കെ സ്വാഭാവികമാണ്. കാരണം, തിരഞ്ഞെടുപ്പ് കഴിഞ്ഞ് 13-ന് വൈകുന്നേരമായി ഫലം പ്രഖ്യാപിച്ചപ്പോള്‍. കര്‍ണാടക വലിയ സംസ്ഥാനമാണ്, എംഎല്‍എമാര്‍ക്ക് ബംഗളൂരുവില്‍ വന്ന് ചേരാന്‍ പാടുള്ള സംസ്ഥാനം. എന്നിട്ടും 14-ന് രാത്രി ഏഴ് മണിക്ക് ഞങ്ങള്‍ നിയമസഭാ കക്ഷി യോഗം വിളിച്ച് കൂട്ടി, മൂന്ന് നിരീക്ഷകരെ രാത്രി തന്നെ നിശ്ചയിച്ചു. അവര്‍ വന്നു. പുലര്‍ച്ചെ വരെ അവര്‍ എംഎല്‍എമാരുടെ അഭിപ്രായം ആരാഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. 15-ന് വൈകുന്നേരമാണ് അവര്‍ കോണ്‍ഗ്രസ് അധ്യക്ഷന് റിപ്പോര്‍ട്ട് കൊടുക്കുന്നത്. മേയ് 18-നാണ് തീരുമാനം വരുന്നത്. അപ്പോള്‍, 16, 17 രണ്ട് ദിവസമാണ് എടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ രണ്ട് ദിവസത്തെ ചര്‍ച്ചയെങ്കിലും വേണ്ടിവരില്ലേ? ആ രണ്ട് ദിവസത്തെ ചര്‍ച്ച മാത്രമേ നടന്നിട്ടുള്ളു, പ്രഖ്യാപനവും കഴിഞ്ഞു. 20-ന് സത്യപ്രതിജ്ഞയും ചെയ്യും. ഇതൊക്കെ ഏറ്റവും വേഗതയിലാണ് ഞങ്ങള്‍ നടത്തിയത്. പക്ഷേ ഞങ്ങള്‍ക്കെതിരെയുണ്ടായിട്ടുള്ള വിമര്‍ശനവും സൈബര്‍ അറ്റാക്കും, ഹോ കോണ്‍ഗ്രസ് തീരുമാനം എടുക്കാന്‍ പറ്റാത്ത പാര്‍ട്ടി. ഹൈക്കമാന്റിന് മുന്നില്‍ കീറാമുട്ടിയാണിത് എന്നൊക്കെ വിമര്‍ശനം വന്നു. എന്നാലത് അങ്ങനെയല്ല.
ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഞങ്ങള്‍ക്കൊരു പ്രശ്‌നമുണ്ട്. ഞങ്ങളൊരു ഏകാധിപത്യമുള്ള പാര്‍ട്ടിയല്ല. ശരിയാണ് വേണമെങ്കില്‍ അന്ന് തന്നെ തീരുമാനം എടുക്കാം. എംഎല്‍എമാരുടെ അഭിപ്രായം ആരാഞ്ഞ്, ഇന്നയാള്‍ മുഖ്യമന്ത്രി എന്ന തീരുമാനം എടുക്കാം. മറ്റേയാളെ തീരെ തള്ളിക്കളയാം. എന്നാല്‍ അത് ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. എല്ലാവരുടേയും സഹായത്തോടെയാണ് ആ ജയം ഉണ്ടായത്. എല്ലാവരേയും ഉള്‍ക്കൊണ്ടു കൊണ്ട് അവരുടെയെല്ലാം വികാരങ്ങള്‍ മനസ്സിലാക്കി ഒരു യോജിച്ച തീരുമാനമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അത് ഒരു ദിവസം നീണ്ടുപോയാല്‍ ഒരു കുഴപ്പവും ഇല്ല. ഒരു ദിവസം മുന്‍പേ തീരുമാനം എടുക്കുകയും പിന്നെ യോജിക്കാതെ പോകുകയും ചെയ്യുന്നതിലും എത്രയോ നല്ലതല്ലേ ഒരു ദിവസം കഴിഞ്ഞ് എല്ലാവരേയും യോജിപ്പിച്ച് തീരുമാനം എടുക്കുന്നത്. ഈ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തത്.
രാജസ്ഥാനിലേയും ഛത്തീസ്ഗഡിലേയുമെല്ലാം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഞാനുള്‍പ്പെടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ഇന്ന് മാധ്യമങ്ങളിലുണ്ടാകുന്ന ഒരു കോണ്‍ഗ്രസ് വിരുദ്ധ ചര്‍ച്ചയുടെ ഭാഗമാണത്. ഞങ്ങള്‍ എങ്ങനെയാണ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ? കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പിന് ഞങ്ങള്‍ എങ്ങനെയായിരുന്നു പോരാടിയിരുന്നത്. ഇതൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അതും വിലയിരുത്തണമല്ലോ. എത്ര കോടിയാണ് ബിജെപി അവിടെ ചിലവഴിച്ചത്. ചെറിയ കോടികളാണോ? സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്സ് അവരുടെ ജോലി എന്തായിരുന്നു. നിങ്ങള്‍ എടുത്ത് നോക്കണം, കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനാര്‍ഥികളെ ഇഡി വേട്ടയാടിയത് ആരെയാണ് എന്ന്. ഏതെങ്കിലും ഒരു ബിജെപി സ്ഥാനാര്‍ഥിയെ വേട്ടയാടിയിട്ടുണ്ടോ? ബിജെപിക്കാരുടെ സാമ്പത്തിക സ്ഥിതി ഒന്ന് എടുത്തു നോക്കൂ, നിങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതി അവര്‍ തന്നെ പറഞ്ഞതല്ലേ. ഏതെങ്കിലും ഒരു കേസ് ഇഡിയുടെ മുന്നിലുണ്ടോ? മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് നേരെ. സിബിഐ കേസുകളും കോണ്‍ഗ്രസിന് നേരെ. എന്തിന് ഡി.കെ. ശിവകുമാറിനെ വരെ അവസാന നിമിഷം വരെ മുള്‍മുനയിലല്ലേ നിര്‍ത്തിയത് അവര്‍. എല്ലാ ഏജന്‍സികളേയും ഉപയോഗിച്ചു.
പ്രധാനമന്ത്രി തുടര്‍ച്ചയായി എട്ടു ദിവസം അവിടെ ഉണ്ടായിരുന്നു. ഞാന്‍ കണ്ടതാണ്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. ഏതെങ്കിലും മാധ്യമങ്ങള്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും മറ്റ് പരിപാടികളും അല്ലാതെ മറ്റേതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ, ഞങ്ങടെ പാര്‍ട്ടിയുടെ എന്തെങ്കിലും പരിപാടി കാണിച്ചോ ആ ദിവസങ്ങളില്‍. മുഴുവന്‍ മീഡിയ സ്പേസും അദ്ദേഹത്തിന്റെ കൈയിലായിരുന്നില്ലേ? ബിജെപിയ്ക്ക് ആയിരുന്നില്ലേ എയര്‍ സ്പേസ്? വേറാര്‍ക്കും ഒരു ഹെലിക്കോപ്റ്റര്‍ പോലും ഉപയോഗിക്കാന്‍ പറ്റില്ലായിരുന്നല്ലോ. ഒരു ലെവല്‍ പ്ലേയിങ് ഗ്രൗണ്ട് പോലും ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടോ? നമ്മളെന്തിനാണ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നത്? നമ്മളെന്തിനാണ് നിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുന്നത്? ഭരണകക്ഷിയ്ക്ക് പ്രത്യേകമായ ആനുകൂല്യം കിട്ടാതിരിക്കാന്‍ വേണ്ടിയല്ലേ? പക്ഷേ ഇവിടെ ഭരണകക്ഷിയ്ക്കും പ്രധാനമന്ത്രിയ്ക്കും വേണ്ടി എല്ലാം മാറ്റിവെച്ചിരിക്കയല്ലായിരുന്നോ? ഈ ശക്തികള്‍ക്കെതിരായി, പണക്കൊഴുപ്പ്, ഏജന്‍സികള്‍, എന്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും. ഇതിനെയെല്ലാം അതിജീവിച്ച് കൊണ്ടല്ലേ ഞങ്ങളവിടെ ജയിച്ചത്? അതെന്താ നിങ്ങള്‍ കാണാത്തത്? അവരുടെ ഒരു മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിലേയ്ക്ക് വന്നില്ലേ? അവരുടെ ഒരു മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിലേയ്ക്ക് വന്നില്ലേ? ഇതൊന്നും ചര്‍ച്ചയാകാറില്ലല്ലോ.
നാല് ദിവസമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എടുത്തത്. 18 ദിവസമെടുത്തല്ലോ യുപിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍. ഒന്‍പത് ദിവസമെടുത്തല്ലോ ത്രിപുര മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍. ഏതെങ്കിലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തോ? സാധാരണ ഗതിയില്‍ നമ്മള്‍ മാധ്യമങ്ങളെ കാണുന്നത് പ്രതിപക്ഷത്തിന്റെ ശബ്ദം ശക്തിപ്പെടുത്തുകയും ഭരണപക്ഷത്തിന്റെ ദൗര്‍ബല്യങ്ങളെ തുറന്നു താണിക്കുകയും ചെയ്യുക എന്ന നിലയിലാണ്. എല്ലാ മാധ്യമങ്ങളേയും ഞാന്‍ കുറ്റപ്പെടുത്തുകയല്ല, നമ്മുടെ കേരള മാധ്യമങ്ങള്‍ക്ക് അങ്ങനെയൊരു അജന്‍ഡയുണ്ട് എന്ന് ഞാന്‍ പറയില്ല. പക്ഷേ, ഇതാണ് നമ്മള്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ശൈലി. ഇതിനെയെല്ലാം എതിര്‍ത്ത് പോരാടിയിട്ടാണ് അവിടെ വിജയം ഉണ്ടായത്.
കോണ്‍ഗ്രസിനിപ്പോള്‍ നാല് മുഖ്യമന്ത്രിമാരായി. പ്രതിപക്ഷത്തെ വലിയ ശക്തി. ഈ ഘട്ടത്തിലാണ് സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷത്തെ പാര്‍ട്ടികളെ ക്ഷണിക്കുക കൂടി ചെയ്തത്. ആരൊക്കെ വരും എന്ന കാര്യത്തില്‍ ധാരണയായോ?
ഈ ചടങ്ങിലേയ്ക്ക് വരാന്‍ പറ്റുന്നവരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. ഒരു ദിവസത്തെ നോട്ടീസ് മാത്രമേയുള്ളു. എല്ലാവര്‍ക്കും സൗകര്യം ഉണ്ടായിക്കൊള്ളണം എന്നില്ല. പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേറെ വഴിയ്ക്ക് നീങ്ങുന്നുണ്ട്. എല്ലാ വിഭാഗം ആളുകളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഞങ്ങളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് തോന്നുന്നവര്‍ക്ക് നിതീഷ് കുമാര്‍ ജി സംസാരിക്കുന്നുണ്ട്. ഞങ്ങടെ ലക്ഷ്യം വളരെ വ്യക്തമാണ്. കര്‍ണാടകത്തില്‍ വിജയിച്ചതുകൊണ്ട്, നാല് മുഖ്യമന്ത്രിമാരുള്ളത് കൊണ്ട് വല്യേട്ടന്‍ മനോഭാവം കാണിച്ച്, ബാക്കിയൊന്നും വേണ്ട എന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല. എല്ലാവരും ഒരുമിച്ച് നിന്നുവേണം മോദിയെ തോല്‍പ്പിക്കാന്‍. നിസ്സാരമായ കാര്യമല്ല, ഞാന്‍ പറഞ്ഞല്ലോ, സാധാരണ ഒരു തിരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. എല്ലാ ഏജന്‍സികളേയും എല്ലാ അധികാരവും പണവും ഒക്കെ ഉപയോഗിച്ചുകൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പാണ് അവര്‍ നടത്തുന്നത്. അതിനെതിരെ സമാന മനസ്്കരായ എല്ലാ ആളുകളും യോജിച്ചു നിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ പ്രധാനപ്പെട്ട ആളുകളെയെല്ലാം വിളിക്കാം എന്ന് തീരുമാനിച്ചത്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഹിമാചലിലും കര്‍ണാടകയിലും പ്രചാരണം. പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാലും ഈ രീതി പിന്തുടരാനുള്ള ശ്രമം ഉണ്ടാകുമോ?
ഇവിടുത്തെ നരേറ്റീവ് എന്തായിരുന്നു? കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയില്ല, ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയില്ല. അവരുടെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളാണ് ഹിമാചലും കര്‍ണാടകവും. അവര്‍ ആയുധങ്ങളെല്ലാം എടുത്ത് പയറ്റിയ തിരഞ്ഞെടുപ്പാണ്. പ്രധാനമന്ത്രി കര്‍ണാടകയില്‍ പറഞ്ഞത് ഇത് എന്റെ തിരഞ്ഞെടുപ്പാണ്, നിങ്ങള്‍ എന്നെ കണ്ട് വോട്ട് ചെയ്യൂ എന്നാണ്. നഡ്ഡ പറഞ്ഞത് നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ പ്രധാനമന്ത്രിയില്‍ നിന്ന് ഒരു ആനുകൂല്യവും കിട്ടില്ലാ എന്നാണ്. ആ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയെ തോല്‍പ്പിക്കാനും മഹാഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാനും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തും. എന്ത് ശക്തികളുണ്ടായാലും ഞങ്ങള്‍ ശക്തമായി മുന്നോട്ട് പോകും. പക്ഷേ, ഞങ്ങള്‍ വിചാരിക്കുന്നത് പറ്റാവുന്ന എല്ലാവരേയും കൂട്ടിച്ചേര്‍ത്ത് മുന്നോട്ട് പോകണം എന്ന് തന്നെയാണ്. അതിനുള്ള ശ്രമങ്ങളുണ്ടാകും. അതിന് ശക്തി പകരുന്നതാണ് കര്‍ണാടകയിലെ വിജയം.
Content Highlights: kc venugopal interview Karnataka assembly election congress win 2024 lok sabha election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..