ബെംഗളൂരുവിൽ കോൺഗ്രസ് പ്രവർത്തകരുടെ വിജയാഘോഷം | ഫോട്ടോ: പി.ടി.ഐ
ദേശീയതലത്തില്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് പരസ്യമായി പറയുമ്പോൾ പോലും അതിനുള്ള ആത്മാര്‍ഥ ശ്രമങ്ങളൊന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന ആക്ഷേപം കോണ്‍ഗ്രസിനെതിരെ ഉയരുന്നത് പതിവായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആത്മാര്‍ഥത കാണിക്കുന്നില്ലെന്നായിരുന്നു പ്രധാനമായും ഉയർന്നിരുന്ന പരാതി. പോരാടി, പക്ഷേ പരാജയപ്പെട്ടു, പരിശോധിക്കും തുടങ്ങിയ പതിവ് പല്ലവികളായിരുന്നു അന്നൊക്കെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുണ്ടായിരുന്ന മറുപടി.
വിതച്ചതുമാത്രമാണ് കോണ്‍ഗ്രസ് കൊയ്യുന്നത് എന്ന വിമർശവും പാർട്ടി പലപ്പോഴും കേട്ടു. വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയെ മടയില്‍ ചെന്ന് തോല്‍പ്പിക്കേണ്ട ഗുജറാത്തിലും ഏറ്റുവാങ്ങിയ സമ്പൂര്‍ണ്ണ പരാജയം കൂടിയായപ്പോള്‍ വിമര്‍ശനത്തിന് ശക്തിയേറി. എന്നാല്‍, ബി.ജെ.പിക്ക് ഭരണമുണ്ടായിരുന്ന കര്‍ണാടകയില്‍ അവരെ പരാജയപ്പെടുത്തി അധികാരത്തിലേറുമ്പോള്‍, കോണ്‍ഗ്രസിന് അഭിമാനത്തോടെ പറയാം- ഞങ്ങള്‍ വിതച്ചത് തന്നെ കൊയ്തിരിക്കുന്നു! തിരഞ്ഞെടുപ്പിന്റെ ഒരോഘട്ടത്തിലും കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയനീക്കങ്ങളുടെ പൂര്‍ണ്ണവിജയമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത്.
സംസ്ഥാന രൂപീകരണത്തിന് മുമ്പ് 1947 മുതല്‍ 2018-വരെ 17 മുഖ്യമന്ത്രിമാരെ കോണ്‍ഗ്രസിന് സമ്മാനിച്ച സംസ്ഥാനമാണ് കര്‍ണാടക. 1947-ല്‍ കെ. ചെങ്കലരായ റെഡ്ഡിയും മൈസൂരു സംസ്ഥാനമായ ശേഷം എസ്. നിജലിംഗപ്പയും കര്‍ണാടകയെന്ന പേരില്‍ സംസ്ഥാനം രൂപീകൃതമായപ്പോള്‍ ദേവരാജ് അരശും കര്‍ണാടകത്തില്‍ കോൺഗ്രസിന്‍റെ മുഖ്യമന്ത്രിമാരായി. നിലവിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയായിുരന്നു ഏറ്റവും ഒടുവിലത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി. സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന എസ്.എം. കൃഷ്ണയിപ്പോള്‍ ബി.ജെ.പി. നേതാവ്. മൂന്ന് വര്‍ഷം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും രണ്ടു തവണയായി നാലു വര്‍ഷം പ്രതിപക്ഷനേതാവുമായിരുന്നെങ്കിലും മൂന്ന് തവണ കപ്പിനും ചുണ്ടിനും ഇടയില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയിപ്പോള്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്. 1999-ല്‍ എസ്.എം. കൃഷ്ണയ്ക്കുവേണ്ടിയും 2004-ല്‍ ധരംസിങ്ങിനുവേണ്ടിയും 2013-ൽ ജെ.ഡി.എസ്. വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യയ്ക്ക് വേണ്ടിയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുത്ത ഖാര്‍ഗെയ്ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ദേശീയ അധ്യക്ഷന്റെ സംസ്ഥാനത്തെ അനിവാര്യമായ വിജയം. കോണ്‍ഗ്രസ് അത് നേടിയിരിക്കുന്നു!
ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഭരണമുള്ള ഏകസംസ്ഥാനമായിരുന്നു കര്‍ണാടക. മറ്റ് സംസ്ഥാനങ്ങളില്‍ ശക്തിക്ഷയിക്കുമ്പോഴും കോണ്‍ഗ്രസിന് ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനവും കര്‍ണാടക തന്നെയാണ്. ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ഹിന്ദുത്വയുടെ പരീക്ഷണകേന്ദ്രത്തില്‍ ഇടയ്ക്ക് ഭരണം നഷ്ടമായെങ്കിലും താഴേത്തലത്തില്‍ സംഘടനാ സംവിധാനം ശക്തമായി തന്നെ നിലനിന്നു. സംസ്ഥാന രാഷ്ട്രീയത്തിന്റെ പിരിവുകള്‍ പ്രതിഫലിക്കുകയും സന്തുലിതമാക്കുകയും ചെയ്യുന്ന നേതൃനിരയും കോണ്‍ഗ്രസിന് ഇവിടെയുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകശക്തികളായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള എം.ബി. പാട്ടീല്‍, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള മുന്‍ ജെ.ഡി.എസ്. നേതാവ് സതീഷ് ജാര്‍ക്കിഹോളി, ദളിത് വിഭാഗത്തില്‍ നിന്നുള്ള ജി. പരമേശ്വര, മുസ്ലിം ന്യൂനപക്ഷത്തില്‍ നിന്നുള്ള സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖങ്ങളാണ്. നിലവിലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും പി.സി.സി. അധ്യക്ഷന്‍ ഡി.കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടെന്ന് കരുതുമ്പോള്‍ത്തന്നെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവര്‍ക്കൊപ്പം പരിഗണിച്ചേക്കാവുന്നവരുടെ സാധ്യതാപട്ടികയില്‍ ഇടംപിടിച്ചവരാണ് നാലുപേരും. ഇതിന് പുറമേയാണ് ബി.ജെ.പിയില്‍ അസംതൃപ്തരായ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനേയും ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡിയേയും വീണുകിട്ടിയത്. ഷെട്ടാര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പ ബി.ജെ.പി. വിട്ടേക്കുമെന്ന് സൂചനകള്‍ നല്‍കിയെങ്കിലും പ്രധാനമന്ത്രി നേരിട്ട് നടത്തിയ അനുനയത്തിനൊടുവില്‍ ബി.ജെ.പിയില്‍ ഉറച്ചുനില്‍ക്കുകയാരുന്നു. ബി.ജെ.പിയുടെ പത്ത് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേക്കേറാന്‍ തയ്യറായിരുന്നെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞതും ഇവിടെ ശ്രദ്ധേയമാണ്.
കോണ്‍ഗ്രസിന് ഭരണസാധ്യതയുള്ള സംസ്ഥാനങ്ങളില്‍, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴെല്ലാം പാര്‍ട്ടിയിലെ അനൈക്യത്തെക്കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. ഹിമാചല്‍പ്രദേശില്‍ ഭരണം ലഭിച്ചപ്പോഴും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം നിലനിന്നു. അവസാനനിമിഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്, സുഖ്വിന്ദര്‍ സിങ് സുഖുവിന് വഴിമാറി. സമാനരീതിയില്‍ കര്‍ണാടകയിലും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറും തമ്മില്‍ ഭിന്നതയുണ്ടെന്ന് ഭരണം ലഭിക്കുന്നതിന് മുമ്പുതന്നെ വാര്‍ത്തകള്‍ വന്നു. എന്നാല്‍, നേതാക്കൾ ഇത് തള്ളിയെന്നു മാത്രമല്ല, പ്രചരണത്തിലുടനീളം തങ്ങള്‍ ഒന്നാണെന്ന് ശക്തമായ സന്ദേശം നല്‍കുകയും ചെയ്തു. എ.ഐ.സി.സി. അധ്യക്ഷസ്ഥാനത്തുള്ള ഖാര്‍ഗെ മുഖ്യമന്ത്രിയായി സംസ്ഥാനത്ത് തിരിച്ചെത്തുമെന്ന് പ്രചാരണമുണ്ടായപ്പോൾ, ഹിമാലയത്തിലെത്തിയ താനിനി കന്യാകുമാരിലേക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
ഏഴുതവണ എം.എല്‍.എയായ ഡി.കെ. ശിവകുമാര്‍ വീണ്ടും ജനവിധി തേടിയത് കനകപുരയില്‍ നിന്നാണ്. കോണ്‍ഗ്രസിലെ എല്ലാ കാലത്തേയും ട്രബിള്‍ ഷൂട്ടറായിരുന്ന അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കാന്‍ രാഷ്ട്രീയനീക്കങ്ങള്‍ നടത്തിയ നേതാവാണ് കര്‍ണാടകയിലെ കോണ്‍ഗ്രസുകാരുടെ ഡി.കെ. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ കൊഴിഞ്ഞുപോക്ക് തടഞ്ഞ നേതാവ്. 2002-ല്‍ വിലാസ് റാവു ദേശ്മുഖ് മന്ത്രിസഭയെ നിലനിര്‍ത്തിയ രാഷ്ട്രീയ തന്ത്രജ്ഞന്‍. ജയിലോ ബി.ജെ.പിയോ എന്ന ഓപ്ഷന്‍ തനിക്ക് മുന്നില്‍ കേന്ദ്ര ഏജന്‍സികള്‍ വെച്ചപ്പോള്‍ താന്‍, ജയില്‍ തിരഞ്ഞെടുത്തുവെന്ന് തുറന്നുപറഞ്ഞ നേതാവ്. ഇ.ഡിയേയും ആദായനികുതി വകുപ്പിനേയും ഉപയോഗിച്ച് തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ നിന്നുപോലും വിലക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നുവെന്നാരോപിച്ച ഡി.കെ ശിവകുമാറിന് 50 ദിവസത്തോളം തന്നെ തിഹാറിലെ അഴിക്കുള്ളിലിട്ട കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയോടുള്ള മധുരപ്രതികാരം തന്നെയാണ് ഈ വിജയം.
സിദ്ധരാമയ്യയുടെ ജനകീയതയാണ് കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച മറ്റൊരു ഘടകം. ജാതി സമവാക്യങ്ങള്‍ക്ക് പ്രാധാന്യമുള്ള കര്‍ണാടകയില്‍ അതിനെല്ലാം അതീതമായിരുന്നു സിദ്ധരാമയ്യയുടെ സ്വീകാര്യത. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ഡി.കെയേക്കാൾ അധികം, നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് പോലും ലഭിക്കാത്ത പൊതുസമ്മതിയാണ് സിദ്ധരാമയ്യയ്ക്കുള്ളത്. ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനത്ത് കുറുബ വിഭാഗത്തില്‍ നിന്നുള്ള സിദ്ധരാമയ്യക്ക് പിന്തുണ ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.1978- ല്‍ ദേവരാജ് അരശിന് ശേഷം സംസ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഏക മുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ (2013 മുതല്‍ 2018 വരെ).
സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് പിന്നാക്ക- ന്യൂനപക്ഷ- ദളിത് വിഭാഗങ്ങളെ ചേര്‍ത്ത് വിളിക്കുന്ന 'അഹിന്ദ'. മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ജി. പരമേശ്വരയും പ്രതിനിധീകരിക്കുന്ന ദളിത് വിഭാഗം ആകെ വോട്ടര്‍മാരുടെ 17 ശതമാനത്തോളം വരും. ഇതിന് പിന്നാലെയാണ് 13 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷം. സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന ഒ.ബി.സിയിലെ പ്രബലവിഭാഗമായ കുറുബ, ഏഴ് ശതമാനത്തോളം വരും. 12 ശതമാനം വരുന്ന വൊക്കലിഗ വിഭാഗത്തെ പാര്‍ട്ടിയില്‍ പ്രതിനിധീകരിക്കുന്നത് പി.സി.സി. അധ്യക്ഷന്‍ തന്നെയാണ്. ഇതിന് പുറമേയാണ് ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടാറിനേയും ലക്ഷ്മണ്‍ സാവഡിയേയും ഒപ്പമെത്തിക്കാന്‍ കോണ്‍ഗ്രസിനായത്. 17 ശതമാനം വരുന്ന ലിംഗായത്ത് സമുദായത്തിന് 70 മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ട്. സമുദായത്തിന് സ്വാധീനമുള്ള വടക്കന്‍ കര്‍ണാടകയില്‍ 51 സമുദായംഗങ്ങളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടുപേര്‍ കൂടുതലാണിത്.
നേതാക്കളിലൂടെ മറ്റ് രണ്ട് വിഭാഗത്തെ കൂടെ നിര്‍ത്തിയപ്പോള്‍ വാഗ്ദാനങ്ങളിലൂടെയാണ് മുസ്ലിം ന്യൂനപക്ഷത്തെ കോണ്‍ഗ്രസ് കൂടെക്കൂട്ടിയത്. നാലുശതമാനം മുസ്ലിം സംവരണമെടുത്ത് വൊക്കലിഗ- ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് ബി.ജെ.പി. വീതിച്ചുനല്‍കിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങി. അധികാരത്തിലെത്തിയാല്‍ ഇത് പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ലിംഗായത്ത്- വൊക്കലിഗ വിഭാഗത്തിനുള്ള അതൃപ്തി പരിഹരിക്കാന്‍ ജാതി സെന്‍സസ് എന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു. കൂടാതെ ആനുപാതിക സംവരണം എന്ന വാഗ്ദാനം ഉയര്‍ത്തി, ഇത് നടപ്പിലാക്കാന്‍ നിലവിലെ 50 ശതമാനം സംവരണം, 75 ശതമാനമാക്കി ഉയര്‍ത്തുമെന്നും വാഗ്ദാനം നല്‍കി. ബജ്‌റംഗ് ദളിനെ പി.എഫ്.ഐയുമായി സമീകരിച്ച് നിരോധിക്കുമെന്ന വാഗ്ദാനവും മതേതര ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടായിരുന്നു.
ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ബി.ജെ.പിയുടെ കയ്യിലുണ്ടായിരുന്നത്, തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ട് ഏകീകരണം എന്ന ഒറ്റ അജന്‍ഡയായിരുന്നു. തീരദേശമേഖലയില്‍ ഹിജാബ് വിഷയം മുതല്‍ ബജ്‌റംഗ്ദള്‍ നിരോധനം വരെ വിഷയമാക്കിയായിരുന്നു ബി.ജെ.പി. പ്രചാരണം. മറ്റ് മേഖലകളിലുണ്ടാവുന്ന നഷ്ടം തീരദേശമേഖലയില്‍ നികത്തുക എന്നതായിരുന്നു ലക്ഷ്യം.
ഭരണവിരുദ്ധവികാരവും കോണ്‍ഗ്രസിന് അനുകൂലമായി. ഇതിനെ പ്രതിരോധിക്കാന്‍ 20 സിറ്റിങ് എം.എല്‍.എമാര്‍ക്ക് ടിക്കറ്റ് നിഷേധിച്ചും 80 പുതുമുഖങ്ങളെ പരീക്ഷിച്ചും ബി.ജെ.പി. നടത്തിയ നീക്കം ഭരണമായി മാറിയില്ലെന്നതാണ് ഫലം. മുതിര്‍ന്ന രണ്ട് ലിംഗായത്ത് നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതിന് പുറമേ പാര്‍ട്ടിയിലെ ശക്തനായ യെദ്യൂരപ്പ മത്സരിക്കാത്തതും ലിംഗായത്ത് വിഭാഗത്തെ ബി.ജെ.പിക്ക് എതിരാക്കി. ഇതിനിടെയാണ്, ബി.ജെ.പിക്ക് കൂനിന്മേല്‍ കുരുവായി വീരശൈവലിംഗായത്ത് ഫോറം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ഥി നിരയിലെ വലിയ വെട്ടിനിരത്തലിനെക്കുറിച്ച് ഒരു ബി.ജെ.പി. നേതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞത്, പാര്‍ട്ടിക്ക് താങ്ങാന്‍ കഴിയുന്നതിലും വലിയ സര്‍ജറിയാണ് ചെയ്തത് എന്നായിരുന്നു. കുടലിന് പകരം വൃക്കമാറ്റിവെച്ച അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ നടത്തിയ മാറ്റിനിര്‍ത്തലുകള്‍ മറ്റൊരു ദുരന്തമായി കലാശിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ വിവിധ തലത്തിലുള്ള അഴിമതി ചൂണ്ടിക്കാണിച്ചായിരുന്നു കോണ്‍ഗ്രസിന്റെ മറ്റൊരു പ്രചാരണം. സംസ്ഥാനത്ത് കാര്യങ്ങള്‍ നടക്കാന്‍ നാല്‍പ്പത് ശതമാനം കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്ന കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ കത്ത് ചൂണ്ടിക്കാട്ടി, '40% സര്‍ക്കാര' എന്ന കോണ്‍ഗ്രസ് പ്രചാരണം ചെറിയ നഷ്ടമൊന്നുമല്ല ബി.ജെ.പിക്ക് ഉണ്ടാക്കിയത്. പോലീസ് നിയമന അഴിമതിയും എം.എല്‍.എ. മാദല്‍ വിരൂപാക്ഷപ്പ ഉള്‍പ്പെട്ട കൈക്കൂലിക്കേസും വലിയ പ്രതിച്ഛായ നഷ്ടമുണ്ടാക്കി. എന്നാല്‍, 40% കമ്മിഷന്‍ അഴിമതിയെക്കുറിച്ചുള്ള പത്രപ്പരസ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ, ഗുജറാത്തില്‍ നിന്നുള്ള അമൂലിന്റെ സംസ്ഥാനത്തേക്കുള്ള വരവ് ചൂണ്ടിക്കാട്ടിയും വലിയ പ്രചാരണം കോണ്‍ഗ്രസ് നടത്തി. കര്‍ണാടകത്തിന്റെ ക്ഷീരബ്രാന്‍ഡായ നന്ദിനിയെ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന പ്രചാരണത്തിലൂടെ കന്നഡിഗ അഭിമാന- സ്വത്വ രാഷ്ട്രീയവും കോണ്‍ഗ്രസ് പുറത്തെടുത്തു.
വികസനവും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അവകാശവാദവുമെല്ലാമുയര്‍ത്തി നടത്തിയ വാഗ്ദാനങ്ങളൊക്കെ പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാതെ വന്നപ്പോഴാണ് പൂര്‍ണ്ണമായും മോദി പ്രഭാവത്തിലേക്കും ഹിന്ദുത്വ കാര്‍ഡിലേക്കും ബി.ജെ.പി. ശ്രദ്ധകേന്ദ്രീകരിച്ചത്. എന്നാല്‍, സംസ്ഥാനത്തെ രാഷ്ട്രീയം പറയുക എന്ന ഒറ്റ പോയിന്റിലേക്ക് പ്രചാരണം കേന്ദ്രീകരിക്കാനായിരുന്നു ഖാര്‍ഗെ നേരിട്ട് നല്‍കിയ നിര്‍ദേശം. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, കുടുംബത്തിന്റെ തലപ്പത്തുള്ള വനിതകള്‍ക്ക് 2,000 രൂപ മാസം സഹായധനം, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10 കിലോ സൗജന്യ അരി, തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് മാസം 300 രൂപ, ഡിപ്ലോമയാണ് യോഗ്യതയെങ്കില്‍ 1,500 രൂപ തുടങ്ങിയ കോണ്‍ഗ്രസിന്റെ ക്ഷേമവാഗ്ദാനങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിച്ചു.
കോണ്‍ഗ്രസ്- ബി.ജെ.പി. ദ്വന്ദ്വത്തിലേക്ക് തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് ജെ.ഡി.എസിന് സംസ്ഥാന- ദേശീയ രാഷ്ട്രീയത്തില്‍ ഇനി റോളൊന്നുമില്ലെന്ന് പ്രചരിപ്പിക്കാന്‍ ഇരുഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. ഇത്തരമൊരു പ്രചാരണത്തിലൂടെ പഴയ മൈസൂരു മേഖലയിലെ 61 സീറ്റിലായിരുന്നു ഇരുപക്ഷത്തിന്‍റെയും കണ്ണ്. കര്‍ഷകര്‍ക്കിടയിലെ ഭരണവിരുദ്ധവികാരം തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. പ്രധാനമന്ത്രിയും അമിത് ഷായും ജെ.പി. നദ്ദയും യോഗി ആദിത്യനാഥും നേതൃത്വം നല്‍കിയ ബി.ജെ.പി. പ്രചാരണത്തെ കോണ്‍ഗ്രസ് നേരിട്ടത് രാഹുല്‍ഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും മുന്‍നിര്‍ത്തിയായിരുന്നു. സോണിയാഗാന്ധി പ്രചാരണത്തിനായി എത്തിയത്, ആര്‍.എസ്.എസിന്റെ വിശ്വസ്തനായിരുന്ന ബി.ജെ.പി. വിട്ടെത്തിയ ഷെട്ടാറിന് വേണ്ടി മാത്രമായിരുന്നെന്നത് ശ്രദ്ധേയം. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും നേരിട്ടിടപെട്ട് ഖാര്‍ഗേയുമുണ്ടായിരുന്നു. മുഖ്യമന്ത്രിമാരായ അശോക് ഗഹലോത്ത്, ഭൂപേഷ് ബാഘേല്‍, സുഖ്വിന്ദര്‍ സിങ് സുഖു എന്നിവരും കളംപിടിക്കാനിറങ്ങി.
സംസ്ഥാനത്ത് ആകെ 15 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് വിവിധ സംഘടനകളുടെ കണക്ക്. ഇവരെ ഒപ്പം നിര്‍ത്താന്‍ മലയാളി നേതാക്കളുടെ ഒരുനിര തന്നെ കര്‍ണാടകയിലെത്തി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുതല്‍ എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥും റോജി എം. ജോണുമടക്കം കര്‍ണാടകയില്‍ പ്രചാരണം നടത്തി. സംഘടനാ തലത്തില്‍ അതിനുതാഴെയുള്ളവര്‍ക്കും വിവിധ ചുമതല നല്‍കി ഹൈക്കമാന്‍ഡ് സംസ്ഥാനത്തെത്തിച്ചിരുന്നു. ഇതിനിടെ, എസ്.ഡി.പി.ഐ. തൊപ്പിധരിച്ച യുവാവുമായി എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സംസാരിക്കുന്നതിന്റെ വീഡിയോ ബി.ജെ.പി. ആയുധമാക്കിയതൊഴിച്ചാല്‍ ഈ വിജയത്തിന്റെ പങ്ക് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും അഭിമാനിക്കാനുള്ള വകനല്‍കുന്നുണ്ട്. പ്രശാന്ത് കിഷോര്‍ സഹകരിക്കാനില്ലെന്ന് തീരുമാനിച്ചപ്പോള്‍ പകരക്കാരനായി കൊണ്ടുവന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ തന്ത്രങ്ങളും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി.
Content Highlights: karnataka election results 2023 d k shivakumar siddaramaiah mallikarjun kharge


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..