കര്‍ണാടക തിരഞ്ഞെടുപ്പ്: 140-ല്‍ കുറയില്ലെന്നുറപ്പിച്ച് കോണ്‍ഗ്രസ്; എക്‌സിറ്റ് പോൾ തള്ളി ബിജെപി


2 min read
Read later
Print
Share

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ |ഫോട്ടോ:PTI

ബെംഗളൂരു: കര്‍ണാടകത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണയയിക്കുന്ന ജനകീയ വിധിയെഴുത്ത് അവസാനിച്ചിട്ടും അവകാശവാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. വോട്ടെടുപ്പിന് പിന്നാലെ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍, പ്രവചനങ്ങളെ പ്രവചനംമാത്രമായി കണ്ടാല്‍ മതിയെന്നും അധികാരത്തില്‍ തുടരാനാകുമെന്നും ബിജെപി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

140-ല്‍ കുറയാത്ത സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നാണ് വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്. എന്നാല്‍, അധികാരത്തില്‍ തുടരുമെന്ന് പറയുമ്പോഴും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വം അത്ര ആത്മവിശ്വാസത്തോടെയല്ല പ്രതികരിച്ചിട്ടുള്ളത്. നേരിയ ഭൂരിപക്ഷമാണ് മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ അവകാശപ്പെട്ടത്.

224 അംഗ കര്‍ണാടക നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. 65.45 ശതമാനം പോളിങ്ങാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

'എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ല. 146 സീറ്റ് ലഭിക്കുമെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഒരു പാര്‍ട്ടിയുമായും സഖ്യത്തിന്റെ ആവശ്യമില്ല. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് അധികാരം നേടാനാകും', കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചു.

മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. 'എക്‌സിറ്റ് പോളുകള്‍ വളരെ തിടുക്കംപിടിച്ച് നടത്തുന്നതാണ്. അതില്‍ ധാരാളം പിശകുകള്‍ വരാം. ആര് കിങ്‌മേക്കറാകും എന്നത് സംബന്ധിച്ച് ചോദ്യം ഉയരുന്നതേയില്ല. ജനങ്ങളാണ് കിങ്‌മേക്കര്‍, അവര്‍ ബിജെപിയെ അധികാരത്തില്‍ നിലനിര്‍ത്തും. മെയ് 13-വരെ കാത്തിരിക്കാം', ബൊമ്മെ പറഞ്ഞു.

മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന് ഉറപ്പാണെന്ന് മുതിര്‍ന്ന നേതാവ് ബി.എസ്.യെദ്യൂരപ്പയും അവകാശപ്പെട്ടു. 115 മുതല്‍ 117 സീറ്റുകള്‍വരെ ബിജെപി നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രധാന ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ (122-140), ഇന്ത്യ ടിവി-സിഎന്‍എക്‌സ് (110-120) ന്യൂസ് 24 ടുഡേയ്‌സ് ചാണക്യ (120), സീ ന്യൂസ്-മാട്രിസ് (103-118) എന്നിവരാണ് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം കടന്ന് അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നത്. എബിപി ന്യൂസ്-സിവോട്ടര്‍ കോണ്‍ഗ്രസ് 100 മുതല്‍ 112 സീറ്റുകള്‍ വരെ നേടി കേവല ഭൂരിപക്ഷത്തിനടുത്തുവരെ എത്തുമെന്നും പ്രവചിക്കുന്നുണ്ട്.

ടൈംസ് നൗവും റിപ്പബ്ലിക് ടിവിയും കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്ന പ്രവചനമാണ് നടത്തിയിരിക്കുന്നത്. പ്രമുഖ ഏജന്‍സികളൊന്നും ബിജെപിക്ക് കേവല ഭൂരിപക്ഷം നല്‍കുന്ന പ്രവചനങ്ങള്‍ നടത്തിയിട്ടില്ല. തൂക്കുസഭകള്‍ക്കുള്ള സാധ്യതകള്‍ പ്രവചിക്കുന്ന ചില ഏജന്‍സികള്‍ ജെഡിഎസ് കിങ്‌മേക്കറാകുമെന്നും പറയുന്നു. മെയ് 13-നാണ് വോട്ടെണ്ണല്‍.

Content Highlights: Karnataka ELECTION-Close BJP vs Congress

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sheeba ramachandran
Premium

13 min

'ഇരുവരേയും ചേര്‍ത്ത് നിര്‍ത്തി രാഹുല്‍ പറഞ്ഞു, നിങ്ങളൊന്നാണെന്ന് നമ്മള്‍ മാത്രമറിഞ്ഞാല്‍ പോരാ'

May 20, 2023



Most Commented