സിദ്ധരാമയ്യ | Photo: Pic4News
കോണ്‍ഗ്രസിനെ എതിര്‍ത്ത് രാഷ്ട്രീയം തുടങ്ങി. ഒടുവില്‍ കോണ്‍ഗ്രസിലെത്തി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയായി രണ്ടാമൂഴം. ഇടഞ്ഞുനിന്ന ഡി.കെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ സോണിയ നേരിട്ട് ഇടപെട്ടതോടെയാണ് ഫോര്‍മുല ഉരുത്തിരിഞ്ഞത്. ഇതോടെ അഞ്ച് നാള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പിരിമുറുക്കവും ഒഴിയുമ്പോള്‍ ആശ്വാസം ഹൈക്കമാന്‍ഡിന്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് സത്യപ്രതിജ്ഞ ചെയ്യും. ഡി.കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയായും സ്ഥാനമേല്‍ക്കും. കെ.പി.സി.സി അധ്യക്ഷനായി ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഡി.കെ ശിവകുമാര്‍ തുടരും.
വലിയ വിജയം നേടിയിട്ടും അത്രതന്നെ വലിയ അനിശ്ചിതത്വങ്ങള്‍ പിന്നിട്ടാണ് മുഖ്യമന്ത്രിയായി ഒടുവില്‍ സിദ്ധരാമയ്യയെത്തുന്നത്. അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തിച്ച നേതാവില്‍ നിന്ന് പ്രതീക്ഷിച്ച മുഖ്യമന്ത്രി പദം വഴുതിപ്പോവുകയും, ഉറച്ച് പ്രതീക്ഷിച്ചപ്പോള്‍ അത് ലഭിക്കുകയും ചെയ്ത പല ഘട്ടങ്ങള്‍ കടന്നാണ് കര്‍ണാടക രാഷ്ട്രീയത്തിലെ തന്നെ ഇന്നത്തെ ഏറ്റവും ജനകീയന്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്.
1948 ഓഗസ്റ്റില്‍ മൈസൂര്‍ വരുണയിലെ സിദ്ധരാമനഹുണ്ടിയെന്ന ഗ്രാമത്തില്‍ കര്‍ഷക കുടുംബത്തിലാണ് സിദ്ധരാമയ്യയുടെ ജനനം. ഗ്രാമത്തിലെ സിദ്ധരാമേശ്വര ക്ഷേത്രത്തിനുവേണ്ടി സ്ഥലം കൊടുത്ത പിതാവ് സിദ്ധരാമയ്യയെ ക്ഷേത്രത്തിലെ അടിമവെക്കല്‍ സമ്പ്രദായപ്രകാരം ക്ഷേത്രത്തിനു തന്നെ വിട്ടുകൊടുത്തു. രണ്ടുവര്‍ഷം അവിടെ സ്വയം വിദ്യയഭ്യസിച്ച സിദ്ധരാമയ്യ ക്ഷേത്രകലകളും സ്വായത്തമാക്കി. പിന്നീട് മൈസൂരുവില്‍ ഉന്നതപഠനം. ഗ്രാമത്തിലെ ആദ്യ ബിരുദം നേടുന്ന വ്യക്തിയായി.
നിയമബിരുദം നേടി മൈസൂരുവില്‍ അഭിഭാഷകനായി ജോലി ചെയ്യുമ്പോഴാണ് ഭാരതീയ ലോക്ദളിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയത്തിലെത്തുന്നത്. 1978-ല്‍ മൈസൂരു താലൂക്ക് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരിയില്‍ നിന്ന് ആദ്യ വിജയം. 1983-ല്‍ ചാമുണ്ഡേശ്വരിയില്‍ നിന്ന് നിയമസഭയില്‍. 1985-ല്‍ ജനതാ പാര്‍ട്ടി ടിക്കറ്റില്‍ ചാമുണ്ഡേശ്വരിയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാമകൃഷ്ണ ഹെഗ്‌ഡെ മന്ത്രിസഭയില്‍ മൃഗസംരക്ഷണം, പട്ടുനൂല്‍പ്പുഴു കൃഷി, ഗതാഗതം തുടങ്ങി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.
1989-ല്‍ കോണ്‍ഗ്രസ് നേതാവ് എം. രാജശേഖര മൂര്‍ത്തിയോട് പരാജയം. 1992-ല്‍ ജനതാദളിന്റെ ജനറല്‍ സെക്രട്ടറി. 1994-ല്‍ വീണ്ടും നിയമസഭയില്‍ എത്തിയ സിദ്ധരാമയ്യയ്ക്ക് ലഭിച്ചത് ധനമന്ത്രി പദം. 1996-ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയാവുമെന്ന് കരുതിയെങ്കിലും, സ്ഥാനം ഒടുവില്‍ ലഭിച്ചത് ജെ.എച്ച്. പാട്ടീലിന്. ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ട് അന്ന് തൃപ്തിപ്പെടേണ്ടി വന്നു. ജനതാദളിന്റെ പിളര്‍പ്പിന് പിന്നാലെ ജെ.ഡി (എസ്) സംസ്ഥാന പ്രസിഡന്റായെങ്കിലും 1999- ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. എന്നാല്‍, 2004-ലെ കോണ്‍ഗ്രസ്- ജെ.ഡി. (എസ്) ധരംസിങ് മുഖ്യമന്ത്രിയായ സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി.
.jpg?$p=dccae3b&&q=0.8)
ദേവഗൗഡയുടെ താന്‍ പ്രമാണിത്വത്തിലും മക്കള്‍ രാഷ്ട്രീയത്തിലും പ്രതിഷേധിച്ചാണ് ജെ.ഡി.എസ്. വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. 2005-ല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. 2006-ല്‍ തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജനതാദളും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും 257 വോട്ടുകള്‍ക്ക് വിജയിച്ചു. 2008-ല്‍ പ്രതിപക്ഷ നേതാവായി. 2013-ല്‍ ഇന്നത്തെ എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ പിന്തള്ളിയാണ് സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. അന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ക്കിടയില്‍ രഹസ്യ വോട്ടെടുപ്പ് നടത്തിയപ്പോള്‍, ഭൂരിപക്ഷം എം.എല്‍.എമാരും പിന്തുണച്ചത് സിദ്ധരാമയ്യയെയായിരുന്നു. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിച്ചിരുന്ന ജി. പരമേശ്വര പരാജയപ്പെടുക കൂടെ ചെയ്തത് കസേരയിലേക്കുള്ള വഴി എളുപ്പമാക്കി. 1978-ല്‍ ദേവരാജ് അരശിന് ശേഷം സംസ്ഥാനത്ത് അഞ്ച് വര്‍ഷം തികയ്ക്കുന്ന മുഖ്യമന്ത്രിയും സിദ്ധരാമയ്യയായിരുന്നു.
2018-ല്‍ ബി.ജെ.പിയെ പുറത്തുനിര്‍ത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടലില്‍ ജെ.ഡി.എസുമായി കര്‍ണാടകയില്‍ കൈകോര്‍ത്തെങ്കിലും, മുഖ്യമന്ത്രി പദം എന്ന കുമാരസ്വാമിയുടെ ആവശ്യത്തില്‍ തട്ടി സിദ്ധരാമയ്യയുടെ പദത്തില്‍ തുടര്‍ച്ചയെന്ന ആഗ്രഹം പൊലിഞ്ഞു. കുമാരസ്വാമിയുമായുള്ള സിദ്ധരാമയ്യയുടെ കെമിസ്ട്രിയും വര്‍ക്ക് ഔട്ട് ആയില്ല. പിന്നീട് ഓപ്പറേഷന്‍ താമരയില്‍ ബി.ജെ.പി. പുതിയ സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍, മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ നേരിടാന്‍ പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ടത് സിദ്ധരാമയ്യയായിരുന്നു.
2008-ല്‍ രൂപവത്കരിച്ചത് മുതല്‍ രണ്ടുതവണ പ്രതിനിധീകരിച്ച വരുണയുടെ എം.എല്‍.എയായാണ് സിദ്ധരാമയ്യ വീണ്ടും നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണ മകന് വേണ്ടി മാറി നിന്നെങ്കിലും ഇത്തവണ തിരിച്ചെത്തുകയായിരുന്നു. ഏത് വിധേനയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി. നിര്‍ത്തിയ മന്ത്രി വി. സോമണ്ണയെയാണ് ഇത്തവണ പരാജയപ്പെടുത്തിയത്. 53,000ത്തിലധികം ലിംഗായത്ത് വോട്ടര്‍മാരുള്ള വരുണയില്‍ അതേ വിഭാഗത്തില്‍ നിന്നുള്ള സോമണ്ണയെ നിര്‍ത്തി സിദ്ധരാമയ്യയെ പരാജയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന കുറുബയില്‍ നിന്നുള്ള ഈ ജനകീയ നേതാവിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക് പതിവ് സമുദായ സമവാക്യങ്ങളൊന്നും മതിയായില്ല.
സിദ്ധരാമയ്യയെ സുദ്ധരാമുല്ലയെന്ന് വിശേഷിപ്പിച്ചുള്ള പ്രചാരണവും ഇത്തവണ ബി.ജെ.പി. അദ്ദേഹത്തിനെതിരെ നടത്തി. പാവങ്ങള്‍ തന്നെ അന്നരാമയ്യയെന്നും വിളിക്കാറുണ്ടെന്നായിരുന്നു ഇതിന് സിദ്ധരമായ്യയുടെ മറുപടി. അതൊരു അതിശയോക്തിയുമായിരുന്നില്ല. 2013-ലെ സര്‍ക്കാരിന്റെ കാലത്ത് ഇന്ദിരാ ക്യാന്റീനുകള്‍ ആരംഭിച്ചതായിരുന്നു അദ്ദേഹത്തെ ജനകീയനാക്കിയ ഭരണനേട്ടങ്ങളിലൊന്ന്. അഞ്ച് രൂപയ്ക്ക് പ്രഭാത ഭക്ഷണവും പത്ത് രൂപയ്ക്ക് ഉച്ച ഭക്ഷണവും നല്‍കി സാധാരണക്കാരന്റെ മനസും വയറും നിറച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാസം 30 കിലോഗ്രാം അരി നല്‍കുന്ന അന്ന ഭാഗ്യ, കര്‍ഷകര്‍ക്ക് ജലസേചനമൊരുക്കുന്ന കൃഷിഭാഗ്യ, സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം പാല്‍ നല്‍കുന്ന ക്ഷീരഭാഗ്യ, വീട് നല്‍കുന്ന വസതി ഭാഗ്യ തുടങ്ങി ഒരുപിടി ക്ഷേപദ്ധതികളായിരുന്നു 2018-ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍, അത്തവണ വരുണയ്ക്ക് പുറമേ അദ്ദേഹം മത്സരിച്ച രണ്ടാം മണ്ഡലത്തില്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി.
സംസ്ഥാനത്ത് സോഷ്യല്‍ എന്‍ജിനീയറിങ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായി വിദഗ്ധമായി ഉപയോഗിച്ചതും സിദ്ധരാമയ്യയായിരുന്നു. പിന്നാക്ക- ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് ചുറ്റും കറങ്ങിയിരുന്ന സംസ്ഥാന രാഷ്ട്രീയത്തെ മറ്റൊരു വഴിക്ക് തിരിച്ചുവിട്ടതും അഹിന്ദയിലൂടെ സിദ്ധരാമയ്യയായിരുന്നു.
.jpg?$p=87504b8&&q=0.8)
നിലവിലെ കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായ ഡി.കെ. ശിവകുമാറിനെ മാറ്റി നിര്‍ത്തിയാണ് സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാവുന്നത്. തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമിതെന്ന വൈകാരിക പ്രഖ്യാപനത്തിലാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആദ്യത്തെ തവണ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവാന്‍ പിന്തള്ളിയ ഖാര്‍ഗെ ഇന്ന് കോണ്‍ഗ്രസിന് ഭരണമുള്ള സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ നിയമിക്കാന്‍ അവസാനവാക്കാവുന്ന നേതാവാണ്. വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹമെത്തുമ്പോള്‍, ഡി.കെയുടെ ഭാവി എന്തെന്നുകൂടി അറിയാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കൗതുകമുണ്ടാവും!
Content Highlights: Karnataka cheif minister Siddaramaiah


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..