ഷീബ രാമചന്ദ്രൻ
മനഗെ മനഗേ കോണ്‍ഗ്രസ്, ചാഞ്ചാടിയ വോട്ടുകള്‍ ഉറപ്പാക്കിയ ഗ്യാരണ്ടി കാര്‍ഡുകള്‍. രാഹുലിന്റെ ജന്‍ കി ബാത്ത്... കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ വിജയമന്ത്രം എന്തൊക്കെയായിരുന്നു? ബി.ജെ.പിയുടെ ചിട്ടയായ പ്രവര്‍ത്തനത്തേയും മോദി പ്രഭാവത്തേയും മറികടന്ന് എങ്ങനെ ഈ വിജയം നേടി? പ്രചാരണ ചുമതലയിലുണ്ടായിരുന്ന മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഷീബ രാമചന്ദ്രന്‍ അതേക്കുറിച്ച് പറയുന്നു.
രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരേ നടത്തിയ ഭാരത് ജോഡോ പദയാത്രയിൽ മുഴുവൻസമയ യാത്രികയായിരുന്നു എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ ഷീബ രാമചന്ദ്രൻ. തീരദേശ കർണാടകയിലെ ദക്ഷിണ കന്നഡ ലോക്സഭ മണ്ഡലത്തിൽ മഹിള കോൺഗ്രസിന്റെ നിരീക്ഷക ചുമതലയായിരുന്നു അവര്‍ക്ക്.
താഴേത്തട്ടിൽ പ്രവർത്തിച്ച ഒരാളെന്ന നിലയിൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
2024 ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ ഞാൻ കാണുന്നത്.
കോൺഗ്രസ് വിജയത്തെക്കുറിച്ച് പലതരത്തിലുള്ള വിശകലനങ്ങൾ പുറത്ത് നടക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന്, സാമുദായിക സമവാക്യങ്ങൾ കൃത്യമായി കോർത്തിണക്കിയപ്പോൾ നേടിയ വിജയം എന്നാണ്. മറ്റൊന്ന്, നിലവിലെ സർക്കാരിൽ അസംതൃപ്തരായ, ഗതികെട്ട സാധാരണക്കാരന്റെ രോഷപ്രകടനം എന്ന വിലയിരുത്തലാണ്. ഇതിന്റെ പാർട്ടിയുടെ വിലയിരുത്തലിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത്?
ഭരണവിരുദ്ധ വികാരം ശക്തമായി കർണാടകയിൽ പ്രതിഫലിച്ചിരുന്നു. 40 ശതമാനം കമ്മിഷൻ സർക്കാർ എന്ന പ്രചരണത്തിലൂടെ ജനങ്ങളെ അക്കാര്യം ബോധവാന്മാരാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. അതാണ് ആദ്യത്തെ വിജയം. വിശാലമായി നോക്കുമ്പോൾ, ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന്റെ വിജയം.
ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ?
വ്യക്തിപരമായി പ്രതീക്ഷിച്ചിരുന്നു.
മനഗെ മനഗേ കോൺഗ്രസ് (വീടു വീടാന്തരം കോൺഗ്രസ്) എന്ന പേരിൽ കോവിഡ് കാലഘട്ടത്തിന് മുമ്പേ തന്നെ പാർട്ടി കർണാടകയിൽ ശക്തമായ പ്രചാരണം ആരംഭിച്ചിരുന്നു. കേരളത്തിലൊക്കെ ക്രിസ്തു ഈ വീടിന്റെ നാഥൻ, അയ്യപ്പൻ ഈ വീടിന്റെ ഐശ്വര്യം എന്ന് എഴുതുന്നത് പോലെ, കർണാടകയിലെ വീടിന്റെ ചുമരിൽ മനഗെ മനഗേ കോൺഗ്രസ് എന്ന സന്ദേശം എത്തിക്കാൻ അവിടുത്തെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വഴി സാധിച്ചിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ അല്ലെങ്കിൽ പ്രമുഖ നേതാവിന്റെ ഫോൺ നമ്പറടക്കമുള്ള പോസ്റ്ററായിരുന്നു ഓരോ വീട്ടിലും എത്തിച്ചത്.
കോവിഡ് കാലത്ത് ഇതുവഴി സാധാരണക്കാർക്ക് സഹായം എത്തിക്കാനും ജനങ്ങളുമായി കൂടുതൽ അടുക്കാനും സാധിച്ചു. ഇത് നൽകിയ ഉറപ്പാണ് തദ്ദേശ സ്ഥാപനങ്ങളിലുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കൈകളിലേക്ക് ഭരണം വന്നത്. കർണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം കോൺഗ്രസിന് അനുകൂലമാണെന്ന് കണക്കുകൾ നോക്കിയാൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
കേരളത്തിൽ എം.എൽ.എ., എം.പി. ഓഫീസുകൾ നമുക്ക് എപ്പോഴും പ്രാപ്യമാണ്. എന്നാൽ, കർണാടകയിലെ രീതി മറ്റൊന്നാണ്. അവിടെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയാണ് സാധാരണക്കാരായ ജനങ്ങൾ നേരിട്ട് ആശ്രയിക്കുന്നത്. സാധാരണക്കാരായ ജനങ്ങളിലേക്ക് എല്ലാ തലത്തിലുമുള്ള വിഭവവിതരണം കൃത്യമായി നടന്നത് പ്രാദേശിക സർക്കാരിലൂടെയാണ്. അത് കൃത്യമായി നടപ്പാക്കിയതിലൂടെ കോൺഗ്രസിന് ലഭിച്ച സ്വീകാര്യതയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ആരംഭിച്ച, ഒരുപടി മുന്നിൽനിന്നുള്ള സംഘടനാ പ്രവർത്തനത്തിന്റെ മേന്മകൂടിയാണ് വിജയം. തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ചിന ഗ്യാരണ്ടി കാർഡ് നൽകിയതും തദ്ദേശസ്ഥാപന ജനപ്രതിനിധികൾ വഴിയാണ്. പ്രകടന പത്രിക വരുന്നതിന് മുന്നേതന്നെ കോൺഗ്രസ് ഗ്യാരണ്ടി കാർഡ് പുറത്തിറക്കി. തൊഴിൽരഹിതരായ ബിരുദധാരികളായ യുവാക്കൾക്ക് 3,000 രൂപ, ഡിപ്ലോമ നേടിയവർക്ക് 1,500 രൂപ, ഗൃഹനാഥമാർക്ക് 2,000 രൂപ, ഒരു കുടംബത്തിന് പത്തു കിലോ അരി, 200 യൂണിറ്റ് സൗജന്യവൈദ്യുതി, വനിതകൾക്ക് സൗജന്യ ബസ് യാത്ര എന്നിവയായിരുന്നു അഞ്ചിന വാഗ്ദാനങ്ങൾ.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഈ ഗ്യാരണ്ടി കാർഡുകൾ വീടുകളിൽ എത്തിക്കാൻ കഴിഞ്ഞു. അതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ വിജയം. പ്രകടനപത്രിക പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ ഈ ഗ്യാരണ്ടി കാർഡുകൾ ഓരോ വീട്ടിലുമെത്തി. ദക്ഷിണ കന്നഡയിൽവെച്ച് എന്റെ കൂടെ കൈ ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധി, സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം എന്ന പ്രഖ്യാപനം നടത്തിയത്.
ഒരു തിരഞ്ഞെടുപ്പിന്റെ വിധിയെ സ്വാധീനിക്കുന്നത് ചാഞ്ചാടി നിൽക്കുന്നവരുടെ (Fence Sitters) വോട്ടുകളാണ്. വലിയൊരു സമൂഹമാണിത്. ഒരു സംസ്ഥാനം ആര് ഭരിക്കണം എന്നൊക്കെ നിർണയിക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ കയ്യാലപ്പുറത്തിരിക്കുന്ന ഈ വോട്ടുകളാണ്.
നിഷ്പക്ഷരും അരാഷ്ട്രീയവാദികളുമായി കുറേപ്പേർ, യുവാക്കളടക്കം, ഉണ്ടാവും. രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് ഒന്നും ലഭിക്കില്ലെന്നു കരുതുകയും വോട്ട് ചെയ്യാൻ പോലും താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന വലിയ സമൂഹമുണ്ട്. അവരുണ്ടാക്കുന്ന ശൂന്യതയെ മറികടക്കാൻ നിർണായകമാവുന്നത് ചാഞ്ചാടി നിൽക്കുന്ന വോട്ടുകളാണ്. ഇത്തരക്കാരുടെ പിന്തുണ വ്യാപകമായി കോൺഗ്രസിന് ലഭിച്ചു. ഇവരുടെ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിന്റെ പെട്ടിയിൽ വീണു. അത് കോൺഗ്രസ് മുന്നോട്ടുവെച്ച രാഷ്ട്രീയം ചർച്ചയായത് കൊണ്ടാണ്. സ്വന്തമായി തീരുമാനം എടുക്കുന്ന സ്ത്രീകൾ തീരുമാനിക്കുന്നതാണ് ഓരോ സംസ്ഥാനത്തെ പാർട്ടികളുടെ വിജയവും പരാജയവുമൊക്കെ. അത് കൂട്ടമായി കോൺഗ്രസിന് അനുകൂലമാക്കാൻ ഗ്യാരണ്ടി കാർഡ് വഴി സാധിച്ചു.
140-ലേറെ സീറ്റുകളാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് ഓർമ്മിപ്പിക്കാൻ കർണാടകയിലെ കോൺഗ്രസിന്റെ ആസ്ഥാനത്തോട് ചേർന്ന് പുതുതായി നിർമിച്ച ഭാരത് ജോഡോ ഭവനിലെ വാർ റൂമിലെ ഒരു ബോർഡിൽ 140+ എന്ന് എഴുതിവെച്ചിരുന്നുവെന്ന് അവിടെ നിന്നുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്രയും വലിയ ലക്ഷ്യത്തിലേക്കുള്ള ആത്മവിശ്വാസം എന്തായിരുന്നു?
ഭാരത് ജോഡോ യാത്ര കർണാടകയിലൂടെ കടന്നുപോകുമ്പോൾ, ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് 135 സീറ്റുകൾ നേടും എന്ന, ഇന്നത്തെ കൃത്യമായ നമ്പർ പി.സി.സി. അധ്യക്ഷൻ ഒരു ദേശീയ ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അതാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നത്. ഇപ്പോൾ നമുക്ക് അത് കേൾക്കുമ്പോൾ വളരെ അതിശയമായി തോന്നും.
കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം സുശക്തമാണ്. തിരഞ്ഞെടുപ്പിൽ ഏത് നിയോജകമണ്ഡലത്തിൽ കോൺഗ്രസിന് വിജയിക്കാൻ കഴിയും, പരാജയപ്പെടും എന്നതിനെക്കുറിച്ച് വളരെയധികം പഠനം നടത്തിയ ആളാണ് ഡി.കെ. ശിവകുമാർ. വ്യക്തിപരമായി ആര് മത്സരിക്കുന്നുവെന്നതല്ല, ഏത് നിയോജകമണ്ഡലത്തിൽ വിജയിക്കാൻ കഴിയും എന്നതായിരുന്നു അദ്ദേഹം കണക്കുകൂട്ടിയിരുന്നത്. ആ പൾസ് കൃത്യമായി അറിഞ്ഞാണ് അദ്ദേഹം അന്ന് സംസാരിച്ചത്. കറക്കിക്കുത്തി പറഞ്ഞതായിരുന്നില്ല അത്.
.jpg?$p=89cf43b&&q=0.8)
ഒരു ഘട്ടത്തിൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും നേരിൽ കണ്ടാൽ മിണ്ടാറുപോലുമില്ലെന്ന സാഹചര്യം ഉണ്ടായിരുന്നു. അവരെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമിച്ചുകൊണ്ടുവരാൻ സാധിച്ചത് എങ്ങനെയാണ്?
ഇവിടെയാണ് ഭാരത് ജോഡോ എന്ന വാക്കിന്റെ തന്നെ പ്രസക്തി വരുന്നത്. ഭാരതത്തെ ഒന്നിപ്പിക്കാനായിരുന്നു ആ യാത്ര. കർണാടകയിൽ യാത്ര പ്രവേശിച്ച ആദ്യ ദിവസം വൈകീട്ട് എല്ലാവരേയും ചേർത്തു വിളിച്ച മീറ്റിങ്ങിൽ, സിദ്ധരാമയ്യയേയും ഡി.കെ. ശിവകുമാറിനേയും ചേർത്തിരുത്തി രണ്ടു പേരുടേയും കൈയിൽപ്പിടിച്ച് രാഹുൽ ഗാന്ധി പറഞ്ഞൊരു വാചകമുണ്ട്, പുറത്തു കേൾക്കുന്ന വാർത്തകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. പക്ഷേ, ഞാൻ കണ്ട കർണാടകയിൽ നിങ്ങൾ രണ്ടുപേരും സൗഹൃദത്തിലാണ്. ഈ സന്ദേശം പുറത്തേക്ക് നൽകാൻ എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല? അണികൾക്ക് ഒരു സന്ദേശമായി, ഭാരതത്തിന്റെ ഒന്നിപ്പിക്കൽ ഇവിടെ നിന്നാവണം തുടങ്ങേണ്ടത് എന്ന് അദ്ദേഹം ഇരുവരോടുമായി പറഞ്ഞു. ഇരുവരും ചേരുകില്ലെന്ന തോന്നൽ നിങ്ങൾ രണ്ടുപേരും തന്നെ ഇല്ലാതെയാക്കണം. അതിന് പിറ്റേന്ന് നടന്ന പരിപാടിയിൽ ഇരുവരും രാഹുലിനൊപ്പം ചേർന്ന് ബാൻഡടിക്കുന്ന ഒരു ചിത്രം പുറത്തുവന്നിരുന്നു. അത് തലേദിവസം ഇരുവരേയും ചേർത്തുനിർത്തി രാഹുൽ പറഞ്ഞതിന്റെ പ്രതിഫലനമായിരുന്നു. നിങ്ങൾ തമ്മിൽ ജ്യേഷ്ഠാനുജന്മാരുടെ ഐക്യമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാലത് നമ്മൾ മാത്രം അറിഞ്ഞാൽപ്പോരാ, സമൂഹത്തിനും അണികൾക്കും അത് ബോധ്യപ്പെടുത്തണം. അതായിരിക്കണം നമ്മൾ മുന്നോട്ടുവെക്കേണ്ടത്, എന്നായിരുന്നു രാഹുൽ ഇരുവരോടുമായി പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാക്കുകളെ മുഖവിലയ്‌ക്കെടുത്തായിരുന്നു പിന്നീട് ഇരുവരും പ്രവർത്തിച്ചത്.
അക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിച്ചത് ഡി.കെയായിരുന്നു. സിദ്ധരാമയ്യ ജനപ്രിയനായ നേതാവാണ്. കർഷക കുടുംബത്തിൽനിന്നു തൊഴിലാളികളുടെ പ്രതിനിധിയായി വളർന്നതാണ് അദ്ദേഹം. ചിട്ടയായി സംഘടന കെട്ടിപ്പടുത്ത ആളാണ് ഡി.കെ. ശിവകുമാർ. ആരുണ്ടെടാ ഇവിടെയെന്ന് ചോദിച്ചാൽ, ഞാനുണ്ടെടാ പോരിന് വാടാ എന്ന് പറയുന്ന തരത്തിൽ സംഘടനയെ വളർത്തിയ ആളാണ്. രണ്ടു പേരും തുല്യശക്തികളാണ്. അത് തിരിച്ചറിഞ്ഞ്, ഡി.കെ. കാലഘട്ടത്തിന് അനുസൃതമായി നിന്നുവെന്നതുകൂടിയാണ് ഈ ഐക്യത്തിന്റെ വിജയം.
സംഘടനയെ ഐക്യത്തോടെ കൊണ്ടുപോകണമെന്ന് രാഹുൽ ഗാന്ധിയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നൽകിയ നിർദേശത്തെ ഇരുവരും മുഖവിലയ്ക്ക് എടുത്തത് കൊണ്ടുകൂടിയാണ് ഈ ഐക്യം സാധ്യമായത്. ഇപ്പോഴല്ലെങ്കിൽ പിന്നെയൊരിക്കലുമില്ലെന്ന സന്ദേശവും, സംഘടനയാണ് വലുത് അതിനെക്കുറിച്ച് പുറത്ത് സംസാരിക്കരുത് എന്ന കർശനനിർദേശം തന്നെയാണ് പ്രാവർത്തികമായത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിനിടയിൽപ്പോലും, പാർട്ടി എനിക്ക് അമ്മയാണ്, പാർട്ടി പറയുന്നത് താൻ അനുസരിക്കുമെന്ന് ഡി.കെയെക്കൊണ്ട് പറയിച്ചത്.
ജനവിധിയെ അട്ടിമറിക്കുന്ന നീക്കങ്ങൾ കർണാടകയിലും മറ്റ് പല സംസ്ഥാനത്തും അടുത്തകാലത്ത് ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി, 150+ എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോൾ വ്യക്തമായ ഒരു ജനവിധിയും കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്. ഇനിയൊരു അട്ടിമറി സാധ്യത കാണുന്നുണ്ടോ?
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെക്കൂടാതെ അസമിലും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലുമടക്കം ബി.ജെ.പി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എട്ടു ദിവസവും രണ്ടാഴ്ചയും ഒരു മാസവും വരെ സമയമെടുത്തിട്ടുണ്ട്. അന്നൊന്നും മാധ്യമങ്ങൾ ബി.ജെ.പിയിലുണ്ടായി അശയക്കുഴപ്പങ്ങൾക്ക് ഇന്ന് കോൺഗ്രസിലുണ്ടാവുന്ന ചർച്ചകളുടെയത്ര പ്രാധാന്യം നൽകിയിരുന്നില്ല. വലിയ ഭൂരിപക്ഷത്തിൽ ജയിച്ച സർക്കാരിന് പല തലത്തിലുള്ള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടി വരും. വലിയൊരു പാർട്ടിയായതിനാൽ കോൺഗ്രസിൽ പല വശങ്ങളിലുമുള്ള ചർച്ചകൾ നടത്തേണ്ടിവരും. സഖ്യകക്ഷികളുമായി അടക്കം ആലോചിക്കേണ്ടതുണ്ട്. ഇതിനൊക്കെയൊടുവിലേ എല്ലാവർക്കും സ്വീകാര്യനായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിക്കാൻ സാധിക്കുകയുള്ളൂ. ആരെങ്കിലും ഒരാൾ പറഞ്ഞല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. ജനങ്ങളുടെ സമ്മതി ലഭിച്ച അംഗങ്ങളുടേതടക്കം എല്ലാവരുടേയും നിർദേശം പരിഗണിച്ചാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അപ്പോൾ മൂന്ന് ദിവസത്തെ സമയം സ്വാഭാവികമാണ്. ബി.ജെ.പിയിൽ ഇതിൽ കൂടുതൽ കാലതാമസമുണ്ടായപ്പോഴൊന്നും മാധ്യമങ്ങൾ ഇത്രവലിയ ചർച്ചയായി മാറ്റിയിരുന്നില്ല.
എ.ഐ.സി.സി. അധ്യക്ഷൻ പറഞ്ഞ 150+ യഥാർഥത്തിൽ കർണാടകയെ സംബന്ധിച്ച് കോൺഗ്രസിന് ബാലികേറാമലയൊന്നുമായിരുന്നില്ല. ചെറിയ വോട്ടിന് നഷ്ടപ്പെട്ട ചില മണ്ഡലങ്ങളുണ്ട്. ചിലയിടത്ത് എസ്ഡിപിഐ അടക്കം ബി.ജെ.പിക്ക് അനുകൂലമായി മാറി. സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ ഖാർഗെജിയുടെ മോറൽ റെസ്പോൺസിബിലിറ്റിയായിരുന്നു, ചെല്ലുന്നിടത്തൊക്കെ 150+ എന്നൊരു സഖ്യയിലേക്കെത്തണം എന്ന് ശഠിക്കേണ്ടതും പറയേണ്ടതും. അത് അദ്ദേഹം പറഞ്ഞു. സംഘടനയുടെ അധ്യക്ഷനെന്ന നിലയിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവന്മാരാക്കുകയായിരുന്നു. അട്ടിമറിയുണ്ടായേക്കും എന്ന് പറയുന്നത്, കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കുറച്ചുകൂടി ജാഗ്രത പാലിക്കണം എന്ന നിർദേശം നൽകൽ കൂടിയായിരുന്നു.
അതേസമയം, 2023 കർണാടക തിരഞ്ഞെടുപ്പ്, ഇനി ബി.ജെ.പിയും ഓപ്പറേഷൻ താമര ഇനി സാധ്യമാവാന്‍ പോകുന്നില്ല എന്ന സന്ദേശമാണ് നൽകുന്നത്. അവർ തന്നെ അവകാശപ്പെടുന്ന കേഡർ സ്വഭാവം ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. അവർക്കിടിയിൽ വിഭാഗീയത ഏറ്റവും ശക്തമായി കൊടികുത്തി വാഴുന്ന സമയമാണിത്. മുമ്പ് എം.എൽ.എമാരെ വില കൊടുത്തുവാങ്ങി എന്ന കാര്യത്തിൽ അവർക്ക് പശ്ചാത്താപമുണ്ട്. ഇനി അത്തരത്തിലൊരു നീക്കമുണ്ടാവില്ലെന്ന് തീരുമാനിച്ചിരിക്കുന്നത് ബി.ജെ.പി. തന്നെയാണ്. ഇത്തരം നീക്കത്തിലൂടെ ജനങ്ങളുടെ ഉള്ള പിന്തുണകൂടി നഷ്ടപ്പെടുമെന്ന് കണ്ടാണ്, ഇനി ബി.ജെ.പിയിലേക്ക് ഒരു വാഗ്ദാനവും ഇല്ലാതെ തന്നെ വരികയാണെന്ന് പറഞ്ഞാൽപ്പോലും അട്ടിമറി നടത്താൻ അവർക്ക് കഴിയില്ല. അവർക്ക് അവരുടെ അണികളെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്.
നാളിതുവരെ കോൺഗ്രസായിരിക്കുകയും അവരുടെ വോട്ട് നേടി ജയിച്ചിട്ട് കുതിരക്കച്ചവടത്തിലൂടെ, സാമ്പത്തികമായുള്ള വശീകരണത്തിലൂടെയും ഇ.ഡിയടക്കം കാണിച്ചുള്ള ഭീഷണികളിലൂടെയും മറുകണ്ടം ചാടിച്ച് ഒരു സർക്കാർ അധികകാലം നിലനിൽക്കില്ല എന്നത്, കോൺഗ്രസിനേക്കാൾ ഇപ്പോൾ ബോധ്യമുള്ളത് ബി.ജെ.പിക്കാണ്. അതുകൊണ്ടാണ്, ഓപ്പറേഷൻ താമര ഇനി കർണാടകയിൽ എന്നല്ല ഇന്ത്യയിൽ ഒരിടത്തും അവർക്ക് പ്രാവർത്തികമാക്കാൻ സാധ്യമല്ല.
.jpg?$p=7244aeb&&q=0.8)
മഹിളാ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക ചുമതല ഏറ്റെടുത്ത് കർണാടകയിൽ എത്തുന്നതെങ്ങനെയാണ്? തിരഞ്ഞെടുപ്പ് കാലത്തെ വ്യക്തിപരമായ അനുഭവങ്ങൾ എന്തൊക്കെയാണ്?
വളരേ എക്‌സൈറ്റഡായിരുന്നു ഞാൻ എന്നുള്ളതൊരു യാഥാർഥ്യമാണ്. ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയം പദയാത്രികയായിരുന്നു. പ്രവാസിയായിരുന്നു, അധ്യാപിക കൂടിയാണ്. കർണാടകയിൽ ഞാൻ പഠിപ്പിച്ച കുട്ടികളുടെ രക്ഷിതാക്കളുടെയടക്കം സ്വദേശമാണ് കർണാടക. അതിന് പുറമേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടും അല്ലാതെയും ഊഷ്മളമായ ബന്ധങ്ങൾ എനിക്കുണ്ട്. ജോലി ചെയ്ത സ്ഥലങ്ങളിൽനിന്ന് ലഭിച്ചടക്കമുള്ള സൗഹൃദങ്ങൾ രാജ്യത്തുടനീളമുണ്ട്. ഒരു സ്‌കൂളിലെ വൈസ് പ്രിൻസിപ്പാളായി പ്രവർത്തിച്ച പരിചയമെനിക്കുണ്ട്. വിവിധ ഭാഷ സംസാരിക്കുന്ന, അധ്യാപകരുൾപ്പെടെയുള്ളവരുമായി അടുത്തിടപഴകാൻ സാധിച്ചതിനാൽ, വിവിധ ഭാഷകൾ കൈകാര്യം ചെയ്തത്, ആശയവിനിമയം പലപ്പോഴും എളുപ്പമാക്കിയിരുന്നു. ഹിന്ദി, ഉറുദു, തെലുങ്ക്, കന്നഡ, തുളുവടക്കമുള്ള ഭാഷകൾ സംസാരിക്കാൻ കഴിയും എന്നുള്ളതായിരുന്നു ആത്മവിശ്വാസം. കമ്മ്യൂണിക്കേഷൻ സ്‌കിൽ ആണ് എന്റെ പ്ലസ് പോയിന്റായി നേതൃത്വം പറയുന്നത്. അത് പെട്ടെന്ന് തന്നെ കർണാടകയിലെ ആളുകളുടെ പൾസ് തിരിച്ചറിയാൻ സഹായകരമായി. മത്സ്യമാർക്കറ്റുകളിലും തുണിക്കടകളിലും പലചരക്ക് കടകളിൽക്കൂടിയും നടന്നും ഓട്ടോയിലടക്കം യാത്ര ചെയ്തും ഞാൻ ആദ്യം അവിടുത്തെ പൾസ് മനസിലാക്കുകയാണ് ചെയ്തത്.
സ്ഥാനാർഥി നിർണയത്തിലൊന്നും നമുക്ക് ചുമതലകൾ ഉണ്ടായിരുന്നില്ല. നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ കർത്തവ്യം. സ്ഥാനാർഥികൾ തീരുമാനമാവാത്തിടത്ത്, കോൺഗ്രസ് വരും വിജയിപ്പിക്കണം എന്ന ആവശ്യമുയർത്തി ഗ്യാരണ്ടി കാർഡുമായടക്കം പോയി പ്രവർത്തനം നടത്തി. എത്ര ശതമാനം വോട്ട് ലഭിക്കും ആരൊക്കെ ജയിക്കുമെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചത് താഴേത്തട്ടിൽ പ്രവർത്തിച്ചപ്പോൾ തന്നെയാണ്.
ബി.ജെ.പിയുടെ വോട്ട് ബാങ്കുകളിൽ വലിയ വിള്ളലുണ്ടായിട്ടുണ്ട് എന്നായിരുന്നു ആദ്യഘട്ടത്തിലെ പ്രവർത്തങ്ങളിൽ തന്നെ മനസിലാക്കാൻ സാധിച്ചത്. എനിക്ക് ചുമതലുണ്ടായിരുന്നിടത്ത് മാത്രമല്ല, മറ്റ് മേഖലകളിലും അത് തന്നെയായിരുന്നു സാഹചര്യം. മെയ്ക്ക് ഇൻ ഇന്ത്യയടക്കം കപട വികസന അജൻഡ മുന്നോട്ട് വെച്ചത് ഐ.ടി. മേഖലയിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കി. വികസനത്തെക്കുറിച്ച് വാചാലമായി പറയുന്ന ബി.ജെ.പിക്ക്, ഇന്ത്യൻ ഐ.ടി. മേഖലയുടെ ഹബ്ബായ ബെംഗൂളുരുവിന് പോലും ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് ഒരു ടെക്‌നോക്രാറ്റ് എന്നോട് പറഞ്ഞു. അതുതന്നെ അവരുടെ ഏറ്റവും വലിയ പരാജയമായിരുന്നു. നേരത്തേ പിടിച്ചുനിൽക്കാൻ പോലും കഴിയാതിരുന്ന ബെംഗളൂരു മേഖലയിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ ഐ.ടി. മേഖലയിലെയടക്കം അസംതൃപ്തി കാരണമായെന്ന് ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങളിലൂടെ മനസിലാക്കാൻ കഴിഞ്ഞിരുന്നു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലമായ ദക്ഷിണ കന്നഡയിലാണ് തിരഞ്ഞെടുപ്പ് ചുമതല ലഭിച്ചത്. ഹിന്ദുത്വ ആശയങ്ങൾക്ക് സ്വാധീനമുള്ള തീരദേശമേഖലയെന്ന നിലയിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണിത്. ഇവിടുത്തെ പ്രവർത്തനം ഒരു വെല്ലുവിളിയായിരുന്നോ?
വളരെ വലിയൊരു വെല്ലുവിളിയായിരുന്നു. ഏറ്റവും വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയുന്നവർക്ക് മാത്രം ചുമതല നൽകാൻ കഴിയുന്ന മണ്ഡലമാണ് ദക്ഷിണ കന്നഡ എന്ന് സൂചിപ്പിച്ച് തന്നെയായിരുന്നു മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ നെറ്റ ഡി സൂസ ഈ ദൗത്യം എന്നെ ഏൽപ്പിച്ചത്. സാധാരണ പ്രവർത്തനം കാഴ്ചവെക്കുന്നവർക്കല്ല, മറിച്ച് ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ മാത്രം ഏൽപ്പിക്കാൻ കഴിയുന്ന മണ്ഡലമാണിതെന്നായിരുന്നു അവർ പറഞ്ഞത്. ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ എട്ട് നിയമസഭാ മണ്ഡലങ്ങളുള്ളതിൽ ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് എം.എൽ.എ. ഉണ്ടായിരുന്നത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വലിയ ശ്രദ്ധയായിരുന്നു ദക്ഷിണ കന്നഡയ്ക്ക് ബി.ജെ.പി. നൽകിയത്. വാരിക്കോരി പലതും നൽകിയ മണ്ഡലമാണിതെന്നും വ്യക്തമാക്കിയായിരുന്നു ചുമതല ഏൽപ്പിച്ചത്.
വലിയ പ്രതീക്ഷകൾ ഇല്ലാതിരിക്കുകയും നിലവിലെ ഒന്ന് നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയും മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്. മംഗളൂരു മണ്ഡലത്തിൽ യു.ടി. ഖാദറിന്റെ നിലപോലും പരുങ്ങലിലാണെന്ന് പറഞ്ഞപ്പോൾ, നിലവിലുള്ളത് നഷ്ടപ്പെടില്ലെന്ന് ഞാൻ വാക്കു നൽകി. അതിശയോക്തിപരമായാണെങ്കിലും എട്ടും പിടിച്ചടക്കുമെന്ന് ഞാൻ പറഞ്ഞു. ഫലം പുറത്ത് വന്നപ്പോൾ, ഒന്നിൽ കൂടുതൽ സ്ഥാനാർഥികൾ വിജയിക്കുകയും വോട്ടിങ് പാറ്റേൺ നോക്കിയാൽ 30,000 വോട്ടിന്റെ ഉയർച്ചവരെ പല മണ്ഡലങ്ങളിലും ഉണ്ടായിട്ടുണ്ട് എന്നാണ് മനസിലാവുന്നത്.
ഇവിടെയാണ് എസ്ഡിപിഐയുടേതടക്കം പ്രവർത്തനത്തെക്കുറിച്ച് പറയേണ്ടത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നടക്കം പ്രവർത്തകരെ മംഗളൂരുവിൽ എത്തിച്ച് ഹോട്ടലുകളിൽ താമസിപ്പിച്ച് മംഗളൂരുവിലെ മലയാളികളുടെ വീടുകളിൽ മതം പറഞ്ഞ് വോട്ട് വിഭജിക്കാൻ ശ്രമം നടത്തി. ചെറിയ മാർജിനിൽ വിജയിക്കുമായിരുന്ന സ്ഥലങ്ങളിൽ പരാജയപ്പെടുന്നതിന് ഇത് കാരണമായിട്ടുണ്ട്.
മേഖലയിൽ സ്ഥാനാർഥി നിർണയത്തിലും ചില സ്ഥലങ്ങളിൽ പാളിച്ചയുണ്ടായിട്ടുണ്ട്. ഒരു മണ്ഡലത്തിൽ പത്രിക നൽകേണ്ട അവസാന ദിവസത്തിന്റെ തലേന്നാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. യു.ടി. ഖാദറിന്റെ സ്ഥാനാർഥിത്വം മാത്രമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അത് പ്രവർത്തനത്തിനുള്ള കൃത്യമായി സമയം ലഭിക്കാൻ കാരണമായി. പുത്തൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോഴും പ്രചാരണത്തിന് ആവശ്യമായ സമയം ലഭിച്ചിരുന്നു. മറ്റുള്ളിടത്തെല്ലാം വൈകിയാണ് സ്ഥാനാർഥി പ്രഖ്യാപനമുണ്ടായത്. അത് നേതൃത്വത്തിന്റെ പോരായ്മയായാണ് ഞാൻ കാണുന്നത്. കുറച്ചകൂടി നേരത്തേ പ്രഖ്യാപനമുണ്ടാവുകയായിരുന്നെങ്കിൽ, മെച്ചപ്പെട്ട പ്രചാരണം നടത്താൻ സാധിക്കുമായിരുന്നു. മംഗളൂരു നോർത്തിലും സൗത്തിലും സുള്ള്യയിലും വിമതപ്രശ്‌നമുണ്ടായി.
മംഗളൂരു നോർത്തിൽ മൊയ്ദീൻ ബാവ പാർട്ടി വിട്ട് ജെ.ഡി.എസ്. ടിക്കറ്റിൽ മത്സരിച്ചപ്പോൾ, പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ അദ്ദേഹത്തിന് പോയത് തിരിച്ചടിയായി. പൂജാരി സമുദായത്തിന് സീറ്റ് നൽകാതിരുന്നതും മേഖലയിലെ മറ്റൊരു തിരിച്ചടിക്കുള്ള കാരണമായി. നേരത്തേ ബി.ജെ.പിക്കൊപ്പമായിരുന്ന പൂജാരി സമുദായത്തിന്റെ മനസ് ഇത്തവണ കോൺഗ്രസിന് ഒപ്പമായിരുന്നു. എന്നാൽ, അവർക്ക് സീറ്റ് നൽകാതിരുന്നത് പോളിങ് ശതമാനത്തെ തന്നെ ബാധിച്ചു. വനിതകൾക്ക് സീറ്റ് നൽകാതിരുന്നതും പരാജയത്തിന്റെ കാരണമാണ്.
സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബി.ജെ.പി. വിട്ടെത്തിയ അശോക് റായിയെ പുത്തൂരിൽ വിജയിപ്പിക്കാൻ സാധിച്ചു.
ബി.ജെ.പിയെ ദക്ഷിണേന്ത്യയിൽനിന്ന് പുറത്താക്കി എന്നതുകൂടിയാണല്ലോ ഈ തിരഞ്ഞെടുപ്പ് ഫലം വലിയ രീതിയിൽ ആഘോഷിക്കപ്പെടാൻ കാരണം. പുതുച്ചേരിയിൽ ഭരണപങ്കാളിത്തമുള്ളത് മാറ്റിനിർത്തിക്കഴിഞ്ഞാൽ മറ്റ് സംസ്ഥാനങ്ങളിലൊന്നും ബി.ജെ.പിക്ക് ഭരണമില്ല. ഈയൊരു ലക്ഷ്യത്തിലേക്ക് എത്താൻ എദ്ദേളു കർണാടക, ബഹുത്വ പോലുള്ള എൻ.ജി.ഒകളുടെ പ്രവർത്തനവും വളരേ നിർണായകമായിരുന്നു. അതിനെ എങ്ങനെ വിലയിരുത്തുന്നു?
ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് വിവിധ സംഘടനകൾ അവരുടെ ബോധവത്കരണ ക്യാമ്പയിനുകൾ നടത്തിയിരുന്നു. ബൗദ്ധിക രംഗത്തും സാംസ്‌കാരിക രംഗത്തും പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തനം ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. കമ്മിഷൻ സർക്കാർ എന്ന ആരോപണവും ഭാരത് ജോഡോ യാത്രയുടെ സ്വാധീനവും മധ്യവർഗസമൂഹത്തെ ബോധ്യപ്പെടുത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ഭാരത് ജോഡോ യാത്രയുടെ സ്വാധീനം എത്തരത്തിലായിരുന്നു?
ഭാരത് ജോഡോ യാത്ര കടന്നുപോയ 20 മണ്ഡലങ്ങളിൽ 15 ഇടത്തും കോൺഗ്രസിന് ജയിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. ബി.ജെ.പിക്ക് കുത്തകയുണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും കോൺഗ്രസിന് അനുകൂലമായി മാറ്റമുണ്ടാക്കാൻ സാധിച്ചുവെന്നത് ചില്ലറ കാര്യമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പലപ്പോഴും മൻ കി ബാത്ത് പറഞ്ഞപ്പോൾ, രാഹുൽഗാന്ധി ചെയ്തത് ജൻ കി ബാത്ത് ആയിരുന്നു. ജനങ്ങളെ കേട്ടും അവരെ ചേർത്തുപിടിച്ചുമുള്ള രാഷ്ട്രീയവുമായിരുന്നു അദ്ദേഹത്തിന്റേത്. സ്ത്രീകളും കുട്ടികളും യുവാക്കളും ഒരുമിച്ച് നടക്കുകയാണ് ഉണ്ടായത്. ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുൾപ്പെടെ സാന്നിധ്യമുണ്ടായി. കൂടാതെ രോഹിത് വെമുലയുടെയും ഗൗരി ലങ്കേഷിന്റെയുമടക്കം രക്തസാക്ഷികളുടെ കുടംബങ്ങൾ യാത്രയുടെ ഭാഗമായി. ഇത്തരത്തിൽ വലിയൊരു സമൂഹം രാഹുലിനൊപ്പം നടന്നത് നിഷ്പക്ഷരായ വലിയ വിഭാഗത്തിന്, ബി.ജെ.പി. വിഭജന രാഷ്ട്രീം കളിക്കുമ്പോൾ രാഹുൽ ഗാന്ധി ഒന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് പ്രാവർത്തികമാക്കുന്നുവെന്ന തിരിച്ചറിവ് നൽകി. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കുന്നുവെന്ന ആ ആശയം തന്നെയായിരുന്നു പ്രധാപ്പെട്ട കാര്യം.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ എന്നെ വൈകാരികമായി സ്വാധീനിച്ച ഒരു സംഭവും ഉണ്ടായിരുന്നു. രാഹുൽജിയുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവമാണത്. രാഹുൽ ഗാന്ധിക്ക് എം.പി. സ്ഥാനം നഷ്ടപ്പെട്ട് വീടുവിട്ട് ഇറങ്ങേണ്ടി വന്നത് തങ്ങളുടെ മണ്ണിൽവെച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിലാണെന്ന വികാരം കർണാടകയിലെ ജനങ്ങൾക്കുണ്ടായിരുന്നു. അത് പലപ്പോഴും സ്ത്രീകൾ ഉൾപ്പെടെ അദ്ദേഹത്തോട് നേരിട്ട് പ്രകടിപ്പിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തിനൊപ്പമുള്ള പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ, ഒരു സ്ത്രീ ഓടി വന്ന്, ഞങ്ങളുടെ മണ്ണിലെ പ്രസംഗത്തിന്റെ പേരിലാണ് മോന് വീട് നഷ്ടപ്പെടുന്നത്, തിരിച്ച് ഞങ്ങൾ കൊട്ടാരത്തിലേക്കായിരിക്കും മോനെ വിടുക എന്ന് ഒരു അമ്മ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് പറഞ്ഞു. കന്നഡയിലായിരുന്നതിനാൽ അദ്ദേഹത്തിന് അത് മനസിലായിരുന്നില്ല. ആ സംഭവം എന്റെ ഹൃദയവും കണ്ണും നിറച്ചു. അത്രയും വൈകാരികമായ പ്രകടനമായിരുന്നു.
സുള്ള്യ അടുത്ത കാലത്ത് വാർത്തകളിൽ ഇടം നേടിയത് യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തെ തുടർന്നായിരുന്നു. ഇത് ബി.ജെ.പി. ഏതെങ്കിലും തരത്തിൽ മണ്ഡലത്തിൽ ചർച്ചയാക്കിയോ? അത് തിരിച്ചടിയായോ?
സഹതാപതരംഗം ഉണ്ടാക്കിയെടുക്കാൻ സംഘപരിവാർ ശ്രമിച്ചിരുന്നു. സാമുദായിക അസമത്വം ഉണ്ടാക്കാനുള്ള ശ്രമവും ഇവിടെ ബി.ജെ.പി. നടത്തിയിരുന്നു. ബ്രാഹ്‌മണ വിഭാഗം ഒരു വ്യക്തിക്ക് കീഴിൽ അണിനിരന്ന് ദളിത് വിഭാഗത്തിനെതിരെ വലിയ ജാതി പ്രശ്‌നങ്ങൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ, മല്ലികാർജുൻ ഖാർഗെ പ്രചാരണത്തിന് എത്തിയിട്ടുപോലും ഒരു മാറ്റമുണ്ടാക്കാൻ ഇവിടെ സാധിച്ചില്ല. എസ്ഡിപിഐക്ക് എതിരായ വികാരം ഇവിടെ ഹൈന്ദവ ഏകീകരണത്തിന് കാരണമായി.
മറ്റ് മേഖലകളിലുണ്ടാകുന്ന തിരിച്ചടി തീരദേശ കർണാടകയിൽ കൂടുതൽ സീറ്റ് നേടി മറികടക്കാൻ കഴിയുമെന്നായിരുന്നു ബി.ജെ.പി. കണക്കുകൂട്ടൽ. അങ്ങനെ വീണ്ടും ഭരണത്തിലെത്താമെന്ന് കരുതി. എന്നാൽ, മറ്റ് മേഖലകളിലെ വലിയ തിരിച്ചടി തീരദേശ കർണാടകയിലെ വിജയം കൊണ്ട് മറികടക്കാൻ കഴിഞ്ഞില്ല. അതിന് കാരണമെന്താണ്?
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുണ്ടായ ന്യൂനപക്ഷങ്ങൾക്ക് നേരയുണ്ടായ പ്രചാരണം. ക്രിസ്ത്യൻ പള്ളികൾക്ക് നേരെയുണ്ടായ ആക്രമണ ആഹ്വാനം. ദക്ഷിണ കന്നഡയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും ക്രിസ്ത്യൻ പള്ളികൾ തകർത്തുകളഞ്ഞ അവസ്ഥയുണ്ടായിട്ടുണ്ട്. ദളിതരെ അരികുവത്കരിച്ചുകൊണ്ടുള്ള ജാതി രാഷ്ട്രീയവും ബി.ജെ.പി. പയറ്റി. ചാതുർവർണ്യ വ്യവസ്ഥപോലെ, ഷെട്ടി, ബ്രാഹ്‌മണ, പൂജാരി കുടുംബങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുകയും വാത്മീകി, എസ്.സി. വിഭാഗങ്ങളെ അരികുവത്കരിക്കുകയും ചെയ്ത നടപടികൾ അവർക്ക് മറ്റിടങ്ങളിൽ തിരിച്ചടിയായി. ബി.ജെ.പിയുടെ ഈ നീക്കത്തെ ജനങ്ങൾ കൃത്യമായി കണ്ട് പ്രതിരോധിച്ചു എന്നാണ് മനസിലാകുന്നത്. കർണാടക ബി.ജെ.പി. മതവും കഴിഞ്ഞ് ജാതിയുടെ കണ്ണടവെച്ചുകൂടി രാഷ്ട്രീയത്തെ നോക്കിക്കണ്ടു. ഹൈന്ദവ മതത്തിന്റെ കണ്ണടവെച്ചു മാത്രമായിരുന്നില്ല, അവർ സമുദായത്തിന്റെ കണ്ണടവെച്ചുകൂടി അവരിലേക്ക് നോക്കി. ബി.ജെ.പിയിൽ ഉള്ളവരിൽ തന്നെ ഇത് സാമുദായിക വിഭജനം ഉണ്ടാവാൻ കാരണമായി. ചാതുർവർണ്യം തന്നെ ഒരു തരത്തിൽ അവർ എടുത്ത് ഉപയോഗിച്ചു. ഇത്തരത്തിൽ കർണാടക ബി.ജെ.പി. അധഃപതിച്ചതുകൊണ്ടുകൂടിയാണ് അവർക്ക് കർണാടകയിൽ വലിയ പരാജയം നൽകിയത്.
കേരളത്തിൽ നിന്ന് വലിയനിര നേതാക്കൾ കർണാടകയിൽ പ്രചാരണത്തിന് എത്തിയിരുന്നു. ഇതിനിടെ മംഗളൂരുവിലെ പ്രചാരണത്തിനിടെ രാജ് മോഹൻ ഉണ്ണിത്താൻ എം.പി. എസ്ഡിപിഐ പ്രവർത്തകരോട് വോട്ട് ചോദിക്കുന്ന വീഡിയോ ബി.ജെ.പി. വലിയ രീതിയിൽ പ്രചരിപ്പിക്കകയും വിവാദമാക്കുകയും ചെയ്തു. ഇത് ഏതെങ്കിലും തരത്തിൽ തിരിച്ചടിയായോ?
അത് മാധ്യമങ്ങൾ പോലും വലിയ ചർച്ചയാക്കിയിരുന്നില്ല. രാജ്‌മോഹൻ ഉണ്ണിത്താൻ എന്ന നേതാവിന് കേരളം കൊടുക്കുന്ന ഒരു വിലയും വ്യക്തിത്വവുമുണ്ട്. മറ്റുള്ളവർ എന്ത് പറഞ്ഞാലും, താൻ ഹിന്ദുവാണെന്ന് പറഞ്ഞുകൊണ്ട് തന്നെ, തന്നെ ഉണ്ണിച്ച എന്ന് വിളിച്ചാൽ മതി എന്ന് പറയുന്ന വ്യക്തിയാണ്. കൃത്യമായി രാഷ്ട്രീയത്തെ നോക്കിക്കാണുന്ന, നിലപാടുള്ള രാഷ്ട്രീയക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ച ആർക്കും പറയാനും കഴിയില്ല. എല്ലാ കാര്യങ്ങളിലും വളരേ ജാഗ്രതയോടെ ഇടപെടുന്ന നേതാവാണ്. ഏതെങ്കിലും തരത്തിൽ ആ വീഡിയോ വിവാദമാക്കാൻ ശ്രമിച്ചാലും അത് പരാജയപ്പെട്ടുപോയി എന്നതാണ് വാസ്തവം.
.jpg?$p=647dbdb&&q=0.8)
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലുവിന്റെ പ്രവർത്തനം കൂടെ കോൺഗ്രസിന്റെ വിജയത്തിൽ എടുത്തുപറയേണ്ടതുണ്ടല്ലോ? അദ്ദേഹത്തിന്റെ പ്രവർത്തനം എങ്ങനെയായിരുന്നു? കേരളത്തിലും തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സേവനം തേടും എന്ന് വാർത്തകൾ വന്നിരുന്നു. അതിന് സാധ്യതയുണ്ടോ?
സുനിൽ കനുഗോലുവിന്റെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ചുമതലപ്പെട്ടവർ പറയേണ്ട കാര്യമാണ്. അക്കാര്യത്തിൽ എനിക്ക് അറിവില്ല. സുനിൽജി ശരിക്കും ഒരു ബാക്ക് സീറ്റ് ഡ്രൈവറാണ്. തിരശീലയ്ക്ക് പിന്നിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. സോഷ്യൽ മീഡിയകളിൽ പോലും അദ്ദേഹത്തിന്റെ സാന്നിധ്യമില്ല. അദ്ദേഹം സ്വയം പ്രൊജക്ട് ചെയ്യാറില്ല. കൃത്യമായി അദ്ദേഹത്തിന്റെ ചുമതല നിർവഹിക്കാറാണ് പതിവ്. ഏറ്റെടുത്ത കാര്യങ്ങൾ കഴിവതും കൃത്യമായി ചെയ്യാൻ ശ്രമിക്കും. കർണാടക കഴിഞ്ഞ് മധ്യപ്രദേശിന്റെ ഉത്തരവാദിത്വമാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. കൃത്യമായി അദ്ദേഹമത് ചെയ്യുന്നുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഭാരത് ജോഡോ യാത്രയിലും അദ്ദേഹത്തിന്റെ സേവനമുണ്ടായിരുന്നു. അദ്ദേഹവുമായി നല്ല വ്യക്തിപരമായ ബന്ധമാണ് ഉള്ളത്. അദ്ദേഹം എന്റേയും ഞാൻ അദ്ദേഹത്തിന്റേയും നല്ലൊരു അഭ്യുദയകാംക്ഷിയാണ്.
അതുപോലെ എടുത്തുപറയേണ്ട മറ്റൊരു പേര് കെ.സി. വേണുഗോപാലിന്റേതാണ്. പരാജയമുണ്ടാകുമ്പോൾ കല്ലെറിയപ്പെടുകയും എന്നാൽ വിജയം ഉണ്ടാവുമ്പോൾ സംസാരിക്കപ്പെടാതെയും പോകുന്ന ഒരാളാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേവലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം ഓടി നടന്നുവെന്നത് മാത്രമല്ല, അദ്ദേഹത്തിന് സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന കാലം മുതൽ കൃത്യമായി അടുക്കും ചിട്ടയോടും കൂടി സംഘടനയെ കെട്ടിപ്പടുത്തതിന്റെ ഫലമാണ് കർണാടകയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ വിജയം. ആ വിജയം കൂടിയാണ് ഇന്നുകാണുന്ന തരത്തിലേക്ക് കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിലേയും വിജയം. അതല്ലാതെ ഒരു സുപ്രഭാതത്തിലുണ്ടായ മിറാക്കിൾ അല്ല ഈ ഫലം.
കർണാടകയിലെ ഫലവും വിജയവും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ മാതൃകയാവുമോ?
തീർച്ചയായും. ഏറ്റവും ശക്തനായ ഒരു പി.സി.സി. പ്രസിഡന്റിനെയാണ് കേരളത്തിന് എ.ഐ.സി.സി. നൽകിയത്. അതുപോലെയായിരുന്നു കർണാടകയിലേതും. മുഖ്യമന്ത്രിമുഖമായി വന്ന ഡി.കെ. ശിവകുമാർ പി.സി.സി. അധ്യക്ഷനാകുമെന്ന് ആരും കരുതിയിരുന്നില്ല. തെലങ്കാനയിൽ രേവന്ത് റെഡ്ഡിയും ശക്തമായി സംഘടന ചലിപ്പിക്കുന്നു. മധ്യപ്രദേശിൽ കമൽനാഥിനെപ്പോലെ വളരെ ശക്തരായവരെ ഓരോ പി.സി.സികൾക്കും അധ്യക്ഷന്മാരായി നിയമിച്ച് സംഘടനയെ ശക്തമായി മുന്നോട്ട് ചലിപ്പിച്ചു. 13 പി.സി.സികൾ പുതുക്കിപ്പണിത് ശക്തരായ നേതാക്കളെ കൊണ്ടുവന്നു. ഏറ്റവും അടിത്തറയിൽ നിന്നാണ് കോൺഗ്രസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
രണ്ടാമത് ചെയ്തത് പോഷക സംഘടനകളെ ശക്തിപ്പെടുത്തുക എന്നതാണ്. ശക്തമായ കരങ്ങളിലേക്ക് പോഷക സംഘടനകളെ ഏൽപ്പിച്ചു. എല്ലായിടത്തും പുതുക്കിപ്പണിതു. സംഘടനാ ജനറൽ സെക്രട്ടറിയുടെ ഏറ്റവും ശക്തമായ ഇടപെടലായിരുന്നു അത്. സേവാദളിനേയും മൈനോരിറ്റി കോൺഗ്രസിനേയും മഹിളാ കോൺഗ്രസിനേയും ബാൽ മഞ്ച് ഉൾപ്പെടെ പോഷക സംഘടനകളെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ശക്തിപ്പെടുത്തി.
തിരഞ്ഞെടുപ്പിന് കാലേക്കൂട്ടി തന്നെ താരപ്രചാരകരെ കണ്ടെത്തുക, ഒച്ചപ്പാടുകളില്ലാതെ സ്ഥാനാർഥികളെ കണ്ടെത്തുക. എല്ലാ വിഭാഗങ്ങൾക്കും പ്രാധാന്യം നൽകുക. മികച്ച സ്ഥാനാർഥികളെ കണ്ടെത്തുന്നു. നല്ലൊരു തിരഞ്ഞെടുപ്പ് ടീമിനെ ഉണ്ടാക്കുന്നു. സാമൂഹിക മാധ്യമ വാർ റൂമുകൾ ചിട്ടയായി പ്രവർത്തനം നടത്തി. ഇതെല്ലാം മാറി നിന്ന് നിരീക്ഷിക്കാൻ വിദഗ്ധ സമിതിയെ റിസേർച്ച് ഡെസ്‌കായി നൽകി. ഇതെല്ലാമാണ് കർണാടകയിൽ വിജയത്തിലെത്തിച്ചത്. കർണാടകയിലെ രീതി എല്ലായിടത്തും മാതൃകയാവും.
യാതൊരു സംശയവും വേണ്ട 2024-ൽ കോൺഗ്രസ് തിരിച്ചുവരും. മമത ബാനർജിയുൾപ്പെടെ ഇതെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. നമ്മൾ അങ്ങോട്ടേക്ക് ആവശ്യപ്പെടാതെ തന്നെ അവർ പിന്തുണ പ്രഖ്യാപിക്കുന്നു. മഹാരാഷ്ട്രയിൽ ശിവസേനയും തമിഴ്‌നാട്ടിൽ സ്റ്റാലിനുമടക്കം രാഹുൽ ഗാന്ധിയുമായി നല്ല ബന്ധം പുലർത്തുന്നു, അദ്ദേഹം പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. കോൺഗ്രസിന് പ്രതീക്ഷയുടെ തിരയിളക്കം എല്ലായിടത്തും ഉണ്ടാവുന്നുണ്ട്.
Content Highlights: karnataka assembly election congress mahila congress general sec sheeba ramachandran interview


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..