സിദ്ധരാമയ്യ, യതീന്ദ്ര സിദ്ധരാമയ്യ | PTI, ANI
മൈസൂരു (കര്‍ണാടക): കര്‍ണാടകയില്‍ തന്റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. കോണ്‍ഗ്രസ് സിദ്ധരാമയ്യയെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും കോണ്‍ഗ്രസ് തന്നെ സംസ്ഥാനത്ത് അധികാരത്തില്‍ വരികയും ചെയ്യുമെന്നും യതീന്ദ്ര പറഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്.
ബി.ജെ.പി.യെ താഴെയിറക്കുന്നതിനായി എന്തും ചെയ്യും. കര്‍ണാടകയുടെ താത്പര്യം സംരക്ഷിക്കും. പിതാവ് മുഖ്യമന്ത്രിയാവുകയും ചെയ്യും-യതീന്ദ്ര പറഞ്ഞു. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വരുണ മണ്ഡലത്തില്‍ തന്റെ പിതാവ് വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വരുണയില്‍ നിലവില്‍ മുന്നിലാണ് സിദ്ധരാമയ്യ. ബി.ജെ.പി.യുടെ വി. സോമണ്ണയാണ് ഇവിടെ സിദ്ധരാമയ്യയുടെ എതിരാളി.
ഒരു മകനെന്ന നിലയില്‍, നിശ്ചയമായും അദ്ദേഹത്തെ മുഖ്യമന്ത്രിയായിക്കാണാന്‍ ആഗ്രഹിക്കുന്നു. കര്‍ണാടകയിലെ ഒരു പൗരന്‍ എന്ന നിലയില്‍ വിലയിരുത്തിയാല്‍ അദ്ദേഹത്തിന്റെ അവസാന ഭരണകാലം വളരെ മികച്ചതായിരുന്നു എന്നു പറയാനാവും. വീണ്ടും മുഖ്യമന്ത്രിയായാല്‍ ബി.ജെ.പി.ക്കാലത്തെ അഴിമതികളും ദുര്‍ഭരണവും അദ്ദേഹം തിരുത്തും. സംസ്ഥാനത്തിന്റെ കൂടെ താത്പര്യത്തോടെ അദ്ദേഹം മുഖ്യമന്ത്രിയാവുമെന്നും യതീന്ദ്ര പറഞ്ഞു.
കേവല ഭൂരിപക്ഷത്തിനു വേണ്ട 113 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് ഡി.കെ. ശിവകുമാറും രംഗത്തുണ്ട്. ഇതിനിടയിലാണ് സിദ്ധരാമയ്യ തന്നെ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന പ്രഖ്യാപനവുമായി മകന്‍ രംഗത്തുവരുന്നത്.
അതേസമയം കേവല ഭൂരിപക്ഷത്തിനുവേണ്ട 113 സീറ്റെന്നത് ഒരു കക്ഷിയും എത്തിപ്പിടിച്ചില്ലെങ്കില്‍ മൂന്നാം സ്ഥാനത്തുള്ള ജെ.ഡി.എസ്. കിങ് മേക്കര്‍ ആവുമെന്നത് ഉറപ്പാണ്. മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞതൊന്നും ജെ.ഡി.എസ്. സ്വീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുമായി ഇതുവരെ ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പറയുന്നത്.
Content Highlights: karnataka assembly election 2023, yathindra siddaramiah, hd kumaraswamy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..