നിഖിൽ കുമാരസ്വാമി അച്ഛൻ എച്ച്.ഡി. കുമാരസ്വാമി, അമ്മ അനിത കുമാരസ്വാമി എന്നിവർക്കൊപ്പം | ഫയൽചിത്രം | പി.ടി.ഐ.
മൈസൂരു: രണ്ടുപതിറ്റാണ്ടിലേറെയായി തങ്ങള്‍ക്കൊപ്പംനിന്ന രാമനഗര മണ്ഡലം കൈവിട്ട് ജെ.ഡി.എസ്. എച്ച്.ഡി. ദേവഗൗഡയും എച്ച്.ഡി. കുമാരസ്വാമിയും വിജയക്കൊടി നാട്ടിയ മണ്ഡലത്തില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്ക് വന്‍തോല്‍വി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച്.എ. ഇഖ്ബാല്‍ ഹുസൈനാണ് ജെ.ഡി.എസ് തട്ടകത്തില്‍ നിഖില്‍ കുമാരസ്വാമിയെ തറപറ്റിച്ചത്. ദേവഗൗഡ കുടുംബത്തിലെ ഇളംതലമുറക്കാരനെ രാമനഗരയിലെ വോട്ടര്‍മാര്‍ കൈയൊഴിഞ്ഞതിന്റെയും 2004 മുതല്‍ ജയിച്ചുകയറിയ മണ്ഡലം കൈവിട്ടതിന്റെയും ഞെട്ടലിലാണ് ജെ.ഡി.എസ്. നേതൃത്വവും പ്രവര്‍ത്തകരും.
അച്ഛന്‍ കുമാരസ്വാമിയും അമ്മ അനിത കുമാരസ്വാമിയും വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയ രാമനഗരയില്‍ ഇത്തവണ നിഖില്‍ കുമാരസ്വാമിയായിരുന്നു ജെ.ഡി.എസിനായി കളത്തിലിറങ്ങിയത്. കുമാരസ്വാമിയുടെ പഞ്ചരത്‌ന യാത്രയും നിഖിലിന്റെ നാടിളക്കിയുള്ള പ്രചരണവും ഫലം തങ്ങള്‍ക്കനുകൂലമാക്കുമെന്നാണ് ജെ.ഡി.എസ് കരുതിയത്. പക്ഷേ, ഫലം പുറത്തുവന്നതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു.
സിനിമ നടനും യുവ ജനതാദള്‍ അധ്യക്ഷനുമായ നിഖില്‍ കുമാരസ്വാമിയുടെ നിയമസഭയിലേക്കുള്ള കന്നിയങ്കമായിരുന്നു. പാര്‍ട്ടിയുടെ ഉറച്ചകോട്ടയെന്ന് വിലയിരുത്തപ്പെടുന്ന രാമനഗരയില്‍ നിഷ്പ്രയാസം ജയിച്ചുകയറാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞതവണ പരാജയപ്പെട്ട ഇഖ്ബാല്‍ ഹുസൈനെ വീണ്ടും കളത്തിലിറക്കി കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കുകയും അട്ടിമറി ജയം സ്വന്തമാക്കുകയുമായിരുന്നു.
2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍നിന്നും നിഖില്‍ കുമാരസ്വാമി ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച നടി സുമലതയോട് ഒന്നേകാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് നിഖില്‍ പരാജയപ്പെട്ടത്.
പട്ടിന്റെ നഗരമെന്ന് അറിയപ്പെടുന്ന രാമനഗര ജെ.ഡി.എസിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ 1994-ല്‍ രാമനഗരയില്‍നിന്ന് നിയമസഭയിലെത്തിയിരുന്നു. 2004-ലും 2018-ലും എച്ച്.ഡി.കുമാരസ്വാമിയും മണ്ഡലത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി. 2018-ല്‍ രണ്ടു മണ്ഡലങ്ങളില്‍ ജനവിധി നേടിയ കുമാരസ്വാമി പിന്നീട് രാമനഗരയിലെ എം.എല്‍.എ. സ്ഥാനം രാജിവെച്ചു. തുടര്‍ന്നുനടന്ന ഉപതിരഞ്ഞെടുപ്പില്‍ കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് ജെ.ഡി.എസ്. സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പിലും ജെ.ഡി.എസ്. വിജയം ആവര്‍ത്തിച്ചു. ഇത്തവണയും അനിത കുമാരസ്വാമി മത്സരിക്കുമെന്നായിരുന്നു ആദ്യമുയര്‍ന്ന അഭ്യൂഹം. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് അനിത കുമാരസ്വാമി വ്യക്തമാക്കി. തുടര്‍ന്നാണ് മകന്‍ നിഖില്‍ കുമാരസ്വാമിയെ രാമനഗരയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
Content Highlights: jds leader nikhil kumaraswamy lost in ramanagara constituency
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..