ഡി.കെ നയിച്ചു, കോണ്‍ഗ്രസ് ജയിച്ചു; ദേശീയ രാഷ്ട്രീയത്തില്‍ ഹീറോ ആയി ശിവകുമാര്‍ എന്ന ട്രബിള്‍ ഷൂട്ടര്‍


അശ്വതി അനില്‍

5 min read
Read later
Print
Share

കര്‍ണാടകം കോണ്‍ഗ്രസ് കൈപ്പിടിയിലാക്കുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഡി.കെ എന്ന ആ തന്ത്രശാലിയോടാണ്‌.

രാഹുൽ ഗാന്ധിക്കൊപ്പം ഡി.കെ ശിവകുമാർ| ഫോട്ടോ: പി.ടി.ഐ

രാവിലെ വാതിലില്‍ മുട്ടി വിളിച്ചുണര്‍ത്തിയത് പലപ്പോഴും ഇ.ഡി ഉദ്യോഗസ്ഥരായിരുന്നു. ഏറ്റവും കൂടുതല്‍ റെയ്ഡ് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരനും ആകാം. ആളിന് ആളും പണത്തിന് പണവും ആയി മുന്നില്‍ നിന്ന് നയിക്കുന്ന വീരനായകനാണ് കോണ്‍ഗ്രസുകാര്‍ക്ക് ഡി.കെ ശിവകുമാര്‍ എന്ന ഡി.കെ. പ്രതിസന്ധി ഘട്ടത്തിലെല്ലാം ഡി.കെയുടെ ഫോണിലേക്ക് വിളിവരും. അത് ചിലപ്പോള്‍ രാജസ്ഥാനില്‍ നിന്നോ ഗുജറാത്തില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നോ ഒക്കെയാകാം. ഹൈക്കമാന്‍ഡിനും വിവിധ സംസ്ഥാനമുഖ്യമന്ത്രിമാരേയും സര്‍ക്കാരുകളേയും പലതവണ ഡി.കെ രക്ഷിച്ചു. 2019 ല്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ട് ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ സകല അടവും പയറ്റി പക്ഷേ ഫലിച്ചില്ല. എന്നാല്‍ ആ ദിവസം മുതല്‍ ഡി.കെ 2023 ന്റെ പദ്ധതിയിലായിരുന്നു. കര്‍ണാടകം കോണ്‍ഗ്രസ് കൈപ്പിടിയിലാക്കുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഡി.കെ എന്ന ആ തന്ത്രശാലിയോടാണ്‌.

ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് ആസ്ഥാനത്ത് യോഗവും കഴിഞ്ഞ് പുറത്തേക്ക് വന്ന ഡികെ ശിവകുമാറിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു, എന്താണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ യാതൊരു ഭാവഭേദവുമില്ലാതെ, ആത്മവിശ്വാസത്തോടെ അദ്ദേഹം മറുപടി പറഞ്ഞു ' ലെറ്റ് അസ് വെയ്റ്റ് ഫോര്‍ ദി റിസള്‍ട്ട്'... കര്‍ണാടക രാഷ്ട്രീയം കാത്തിരുന്ന ആ ' റിസള്‍ട്ട്' ഇതാ പുറത്തുവന്നിരിക്കുന്നു. ബിജെപിയുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത്‌ ഡികെ ശിവകുമാര്‍ എന്ന തന്ത്രജ്ഞന്‍ കോണ്‍ഗ്രസിനെ ഉറച്ച വിജയത്തിലെത്തിച്ചിരിക്കുന്നു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പായാണ് കര്‍ണാടക തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ണാടക തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമാണ്. കര്‍ണാടകയില്‍ ഭരണത്തിലേറി ദേശീയ രാഷ്ട്രീയത്തില്‍ പുതു ചരിതം തീര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെങ്കില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനം കൈവിട്ടു പോകാതിരിക്കാന്‍ ആവനാഴിയിലെ സകല അസ്ത്രങ്ങളുമാണ് ബി.ജെ.പിയും പ്രയോഗിച്ചത്.

കര്‍ണാടക കൈവിട്ടാല്‍ ബി.ജെ.പിക്ക് പിന്നെ ദക്ഷിണേന്ത്യയില്‍ അഡ്രസുണ്ടാവില്ലെന്നതാണ് വെല്ലുവിളി. തീപാറും പോരാട്ടമാണ് നടന്നത്. ചരിത്രത്തിലെ തന്നെ ഉയര്‍ന്ന വോട്ടിങ് നിലയാണ് ഇക്കുറി രേഖപ്പെടുത്തിയതും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ അട്ടിമറി വിജയത്തിനായി കരുക്കള്‍ ചലിപ്പിക്കേണ്ട ദിശയില്‍ ചലിപ്പിച്ചത് കര്‍ണാടക പിസിസി അധ്യക്ഷനായ ഡി.കെ ശിവകുമാര്‍ ആണെന്നതില്‍ സംശയമില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അത്താണി ആയിരുന്നു ഡി.കെ.

തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി നിറവേറ്റിയെന്നതില്‍ കോണ്‍ഗ്രസിനും തര്‍ക്കമില്ല. കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കോണ്‍ഗ്രസിന്റെ ജനകീയ നേതാവായി കളംനിറഞ്ഞു നിന്നപ്പോള്‍ തന്റെ പണിപ്പുരയില്‍ ഡികെ ശിവകുമാര്‍ കൂട്ടിയും കിഴിച്ചും തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. മുന്നിലുള്ള എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത്, ചെയ്യേണ്ടത് ചെയ്യേണ്ട പോലെ, കാണേണ്ടത് കാണേണ്ട പോലെ കണ്ട് അദ്ദേഹം കര്‍ണാടക കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായി മാറി. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പലപ്പോഴും രഹസ്യമായി അഭിപ്രായപ്പെട്ടപ്പോഴും 130ന് മുകളില്‍ സീറ്റുകള്‍ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുമെന്ന് യാതൊരു ആത്മവിശ്വാസക്കുറവുമില്ലാതെ ശിവകുമാര്‍ ആവര്‍ത്തിക്കുകയായിരുന്നു.

തനിക്കെതിരേ കല്ലെറിഞ്ഞവരെക്കൊണ്ടുപോലും ജയ് വിളിപ്പിക്കുന്ന ഡി.കെ. ശിവകുമാറിന്റെ മിടുക്ക് തിരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്ന കോണ്‍ഗ്രസിന്റെ വിശ്വാസം തരിമ്പുപോലും തെറ്റിയില്ല. നിലപാടുകള്‍കൊണ്ട് ഇടപെടലുകള്‍ കൊണ്ട് തന്ത്രങ്ങള്‍ കൊണ്ട് കര്‍ണാടക രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള നേതാവായി ഡികെ മാറി. കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടതുപോലും. ഡി.കെ.യില്‍ കോണ്‍ഗ്രസ് പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചിരുന്നു. വിജയത്തിനായി പ്രചാരണവും പണവും ആവോളം ചെലവഴിച്ചിരുന്നു കോണ്‍ഗ്രസ്. മാണ്ഡ്യയില്‍ പ്രചരണത്തിനിടെ പണം വാരിയെറിയുന്ന ഡികെയുടെ വീഡിയോ പുറത്തുവന്നത് നിയമനടപടിയിലേക്ക് നീങ്ങിയിട്ടും അതിനേയും മിടുക്ക് കൊണ്ട് മറികടക്കുകയായിരുന്നു ഡി.കെ.

എതിര്‍പാളയത്തിലുള്ളവരെ സ്വന്തം തട്ടകത്തില്‍ എത്തിച്ചതുമുതല്‍ തുടങ്ങുന്ന ഡി.കെയുടെ സാമര്‍ഥ്യം. വോട്ടെടുപ്പിന് ആഴ്ചകള്‍ മാത്രം ബിക്കിനില്‍ക്കെയാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാറിനെ കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തത്. ആവശ്യപ്പെട്ട മണ്ഡലം നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ അതൃപ്തി കൃത്യസമയത്ത് മുതലെടുക്കാനും സീറ്റ് വാഗ്ദാനം ചെയ്ത് ഒപ്പം ചേര്‍ക്കാനും ഡി.കെയ്ക്കും സംഘത്തിനായി. ലിംഗായത്ത് സമുദായത്തിലെ പ്രബല നേതാവായ ഷെട്ടാറിനെ ഒപ്പം ചേര്‍ത്തത് കോണ്‍ഗ്രസിന് പ്രചാരണത്തില്‍ കൂടുതല്‍ കരുത്ത് പകര്‍ന്നു, നിര്‍ണായക ഘട്ടത്തിലെ മുതിര്‍ന്ന നേതാവിന്റെ കൊഴിഞ്ഞുപോക്ക് ബിജെപിക്ക് വന്‍ തിരിച്ചടിയായി മാറി. ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന ലക്ഷ്മണ്‍ സാവഡിയേയും ഇതേ തന്ത്രത്തിലാണ് കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തത്. സിറ്റിങ് സീറ്റായ അത്തനി നിഷേധിച്ചതാണ് തര്‍ക്കത്തിലേക്കും രാജിയിലേക്കും നയിച്ചത്. സാവഡിയെ ഒപ്പം ചേര്‍ത്ത കോണ്‍ഗ്രസ് അത്തനി മണ്ഡലത്തില്‍ തന്നെ അദ്ദേഹത്തെ മത്സരിപ്പിച്ചു. യെദ്യൂരപ്പയുടെ വിശ്വസ്തനായിരുന്ന സാവഡിയുടെ കൂറുമാറ്റം കോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല സഹായിച്ചത്. സ്വന്തം മണ്ഡലമായ കനകപുരയില്‍ ജെഡിഎസ് നേതാക്കളെ ഡി.കെ ഒപ്പം ചേര്‍ത്തതും ഇതേ തന്ത്രത്തില്‍ തന്നെയായിരുന്നു.

പ്രചാരണം തുടങ്ങുന്നതിന് മുന്‍പേ തുടങ്ങിയിരിക്കുന്ന ശിവകുമാറിന്റെ മാജിക്. കനകപുരയില്‍ തനിക്കെതിരേ കഴിഞ്ഞതവണ മത്സരിച്ച ജെഡിഎസ് നേതാവ് നാരായണ ഗൗഡയെ സ്വന്തം പാളയത്തിലെത്തിച്ചാണ് അദ്ദേഹം തന്റെ കരുക്കള്‍ നീക്കിത്തുടങ്ങിയത്. ഗൗഡയെ ഒപ്പം നിര്‍ത്തുന്നതിലൂടെ ഇത്തവണത്തെ എതിരാളിയും ബിജെപി മന്ത്രിയുമായ ആര്‍ അശോക ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ കഴിയുമെന്നായിരുന്നു ഡികെയുടെ കണക്കുകൂട്ടല്‍. ഗൗഡയ്‌ക്കൊപ്പം ജെഡിഎസ് നേതാവായ പ്രഭാകര്‍ റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

സീറ്റ് നിഷേധിച്ച ജെഡിഎസ് നടപടിയിലുണ്ടായ ഗൗഡയുടെ അതൃപ്തിയെ മുതലെടുത്താണ് ഡി.കെ അദ്ദേഹത്തെ തനിക്കൊപ്പം കൂട്ടിയത്. സ്വന്തം മണ്ഡലം തനിക്കൊപ്പമുണ്ടായിരിക്കുമെന്നതില്‍ ഡി.കെ ശിവകുമാറിന് തരിമ്പ് പോലും സംശയമുണ്ടായിരുന്നില്ല. ചുരുക്കം മണിക്കൂറുകള്‍ മാത്രമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്വന്തം മണ്ഡലമായ കനകപുരയില്‍ ചെലവഴിച്ചതെങ്കിലും അദ്ദേഹത്തിന് വേണ്ടി സഹോദരന്‍ ഡികെ സുരേഷും ഭാര്യ ഉഷ ശിവകുമാറും ഫുള്‍ടൈം മണ്ഡലത്തില്‍ തന്നെയായിരുന്നു. ഒരോ മുക്കിലും മൂലയിലും കയറിയിറങ്ങി അവര്‍ ഡി.കെയ്ക്ക് വേണ്ടി വോട്ടുറപ്പിച്ചു. മുന്‍ മന്ത്രി കൂടിയായ ആര്‍ അശോകിനെ നിര്‍ത്തിയിട്ടും ഡി.കെ വന്‍ വിജയമാണ് കൊയ്തത്‌.

ഫലം വരാനിരിക്കേ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്നത് തടയാനും ശിവകുമാര്‍ കരുക്കള്‍ നീക്കി. ജയമുറപ്പിച്ചാല്‍ എംഎല്‍എമാരോട് ബെംഗളൂരുവിലെത്താനായിരുന്നു നിര്‍ദേശം. ഇവരെ റിസോര്‍ട്ടിലേക്ക് നീക്കുമെന്നാണ് സൂചന. ഇതിനായി ബെംഗളൂരുവിലേയും ഹൈദരബാദിലേയും റിസോര്‍ട്ടുകളെ മുന്‍പേതന്നെ ബന്ധപ്പെടുകപോലും ചെയ്തു. എല്ലാ മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അദ്ദേഹം നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. 2019ല്‍ സഖ്യസര്‍ക്കാരിന്റെ വിശ്വാസവോട്ടിന് മുമ്പും ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാരെ യെശ്വന്തപുരയിലെ താജ് വിവാന്തയിലേക്കും പ്രസ്റ്റീജ് ഗോള്‍ഫ്ഷൈറിലേക്കും മാറ്റിയിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരുന്നു വൊക്കലിഗ സമുദായത്തിന്റെ വോട്ടുകള്‍. 14 ശതമാനമാണ് കര്‍ണാടകത്തില്‍ വൊക്കലിഗയുടെ അംഗബലം. 60 ഓളം മണ്ഡലങ്ങളില്‍ വൊക്കലിഗ വോട്ട് നിര്‍ണായകമാണ്. ലിംഗായത്ത് കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രബലവിഭാഗമാണവര്‍. സ്വാതന്ത്ര്യത്തിന് ശേഷം ഒരു പ്രധാനമന്ത്രിയും ഏഴ് മുഖ്യമന്ത്രിമാരും ഉണ്ടായ സമുദായമാണിത്. ഓള്‍ഡ് മൈസൂരു മേഖലയാണ് വൊക്കലിഗ ശക്തികേന്ദ്രം. രാമനഗര, മാണ്ഡ്യ, മൈസൂരു, ചാരരാജ്‌നഗര്‍, കുടക്, കോലാര്‍, തുമകുരു, ഹാസന്‍ ജില്ലകളിലാണ് സമുദായവോട്ട് നിര്‍ണായകമാവുക. 58 മണ്ഡലങ്ങളാണ് ഈ ജില്ലകളിലുള്ളത്.

ജെഡി-എസും കോണ്‍ഗ്രസുമാണു മേഖലയിലെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍. വൊക്കലിഗ പരമ്പരാഗതമായി ജെഡിഎസ്സിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വിപരീതമായി ബിജെപി ശക്തമായി വൊക്കലിഗ കോട്ടയില്‍ പ്രചാരണത്തിനുണ്ടായിരുന്നു. എന്നാല്‍ പ്രചാരണത്തിനിടെയിണ്ടായ നാക്കുപിഴകളും വസ്തുതാപരമായ തെറ്റുകളും ബിജെപിയെ തിരിച്ചടിച്ചു. കോണ്‍ഗ്രസിനുള്ള സാധ്യത ഇതിലൂടെ ഇരട്ടിയായി മാറുകയും ചെയ്തു. ടിപ്പു സുല്‍ത്താനെ വധിച്ചത് ധീരന്മാരായ ഉറിഗൗഡ-നഞ്ചേഗൗഡ എന്ന വൊക്കലിഗ സമുദായക്കാരാണെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാല്‍ ചരിത്രപരമായ യാതൊരു തെളിവും ഇതിനുണ്ടായിരുന്നില്ല. വൊക്കലിഗ നേതാക്കളായ കുമാരസ്വാമിയും ഡികെ ശിവകുമാറും ഇതിനെതിരെ രംഗത്ത് വന്നു. ഇതോടെ ബിജെപി ശരിക്കും പ്രതിരോധത്തിലായി. വൊക്കലിഗ പുരോഹിതന്‍ ഈ വിഷയത്തില്‍ ബിജെപിക്ക് ഉപദേശവും നല്‍കി. അത് പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കി.

അമുല്‍-കെഎംഎഫ് വിഷയത്തിലെ നിലപാടും ബിജെപിയെ തിരിച്ചടിച്ചു. അമുല്‍ ബെംഗളൂരുവിലേക്ക് വരുന്നതിനെ ബിജെപി നേതാക്കള്‍ ന്യായീകരിക്കുകയും ചെയ്തു. പ്രാദേശിക ഭരണകൂടങ്ങളെല്ലാം ക്ഷീര മേഖലയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ജനവികാരം എതിരാവാന്‍ ഇത് കാരണമായി. വൊക്കലിഗ മുഖ്യമന്ത്രി എന്ന കാര്‍ഡ് കൂടിയാണ് ഡികെ ഇത്തവണ ഇറക്കിയത്. ഞാന്‍ വൊക്കലിഗ സമുദായാംഗമാണ്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് വൊക്കലിഗ സമുദായത്തില്‍ നിന്ന് മുഖ്യമന്ത്രിയുണ്ടാകാന്‍ പോകുന്നത്. സോണിയ ഗാന്ധി തന്നെ പാര്‍ട്ടി അധ്യക്ഷനാക്കി. ഇനി നിങ്ങളുടെ ഊഴമാണ്. ഈ അവസരം നഷ്ടമാക്കരുത്' എന്നാണ് ഡികെ ശിവകുമാര്‍ വൊക്കലിഗ സമുദായത്തോട് ആവശ്യപ്പെട്ടത്. ദളിതര്‍ അവരില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. അതുപോലെ വൊക്കലിഗ സമുദായാംഗങ്ങളും ആഗ്രഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.വൊക്കലിഗ സമുദായക്കാരനായ ഡി.കെയുടെ മുഖ്യമന്ത്രി പദം സമുദായത്തെ ആകര്‍ഷിക്കുക കൂടി ചെയ്തതോടെ ബിജെപി വിരുദ്ധ വികാരങ്ങളെല്ലാം സമര്‍ഥമായി ഉപയോഗിക്കാനും വൊക്കാലിഗയുടെ വോട്ടുകള്‍ ബിജെപിയില്‍ നിന്നും ജെഡിഎസ്സില്‍ നിന്ന് വഴിതിരിച്ചുവിടാനും ഡികെയ്ക്ക് സാധിച്ചു.

മെയ് 13ലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ ഭാവിക്ക് മാത്രമല്ല, ഡികെ ശിവകുമാര്‍ എന്ന രാഷ്ട്രീയ നേതാവിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു. എതിരാളികളോട് മത്സരിച്ച് വിജയിക്കല്‍ മാത്രമല്ല, മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കുത്തിത്തിരുപ്പുകളെ കൂടി അദ്ദേഹത്തിന് മറികടക്കേണ്ടതായുണ്ട്, തിരഞ്ഞെടുപ്പ് സൂചനകള്‍ പുറത്തുവന്ന കാലം മുതല്‍ തന്നെ വട്ടമിട്ട് പറക്കുന്ന ഇ.ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ വലയത്തില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. അക്ഷരാര്‍ഥത്തില്‍ തന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു ഡി.കെയ്ക്ക് ഈ തിരഞ്ഞെടുപ്പ്.

അഹമ്മദ് പട്ടേലിന് ശേഷം കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായി ദേശീയ രാഷ്ട്രീയത്തിലും ഗ്രാഫ് ഉയര്‍ത്തുകയാണ് ഡി.കെ.

Content Highlights: DK Shivakumar, The trouble shooter in Karnataka Congress, karnataka assembly election

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sheeba ramachandran
Premium

13 min

'ഇരുവരേയും ചേര്‍ത്ത് നിര്‍ത്തി രാഹുല്‍ പറഞ്ഞു, നിങ്ങളൊന്നാണെന്ന് നമ്മള്‍ മാത്രമറിഞ്ഞാല്‍ പോരാ'

May 20, 2023


saree

വോട്ടിന് പകരം സാരിയും കോഴിയും; ബിജെപി നേതാവിന്റെ വീടിനു മുന്‍പില്‍ വലിച്ചെറിഞ്ഞ് സ്ത്രീ വോട്ടര്‍മാർ

May 12, 2023


Modi Kharge

1 min

'ഞാന്‍ പാമ്പ് തന്നെ'; ഖാര്‍ഗെയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി മോദി കോലാറില്‍ | VIDEO

Apr 30, 2023


Most Commented