കര്‍ണാടക 'പരീക്ഷ' പാസായി, പാഠം ഹിമാചല്‍; ട്രാക്ക് മാറ്റി കോണ്‍ഗ്രസ്, അടുത്ത ലക്ഷ്യം മധ്യപ്രദേശ്


സ്വന്തം ലേഖകൻ

5 min read
Read later
Print
Share

കർണാടക ഫലത്തോടെ കോൺഗ്രസ് പാളയത്തിൽ അതിരറ്റ പ്രതീക്ഷകളാണ് ഉയർന്നിട്ടുള്ളത്. വരാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർണാടകയിൽ പ്രയോഗിച്ച സ്ട്രാറ്റജിയുമായിട്ടായിരിക്കും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക.

രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ | Photo: ANI

കൂട്ടായ നേതൃത്വം, ഐക്യം, വികസന മുദ്രാവാക്യം, ജനങ്ങളുടെ മനസറിഞ്ഞ വാഗ്ദനങ്ങൾ.... ഇതിലൂടെയാണ് കര്‍ണാടകം കോണ്‍ഗ്രസ് പിടിച്ചത്‌. മൂകമായിരുന്ന കോൺഗ്രസ് പാളത്തിലേക്ക് പ്രതീക്ഷയേകുന്ന ഫലം കൂടിയായിരുന്നു കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് പുറത്തുവന്നത്.

യഥാര്‍ഥത്തില്‍ ഹിമാചലില്‍ നിന്നാണ് കോണ്‍ഗ്രസ് ഈ പാഠം ഉള്‍ക്കൊണ്ടത്. അവിടെ പ്രാദേശിക വിഷയങ്ങളില്‍ മാത്രം ഊന്നിയാണ് കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ടുകൊണ്ടുപോയതും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും കവച്ചുവെക്കുന്ന വിജയം നേടിയതും

അധികാരവടംവലി, സീറ്റ് ചർച്ചകളിലെ പൊട്ടിത്തെറി, ഭിന്നത ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു കർണാടകയില്‍ ഇത്തവണത്ത കോൺഗ്രസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം. സ്ഥാനാർഥി പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ കോൺഗ്രസ് ജനപക്ഷംപിടിച്ചു കൊണ്ടുള്ള ചർച്ചകളായിരുന്നു തുടർന്നു പോന്നത്. ഒടുക്കം മുഖ്യമന്ത്രി സ്ഥാനാർഥിക്ക് വേണ്ടിയുള്ള വടംവലിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നപ്പോൾ ഡി.കെയും സിദ്ധരാമയ്യയും ചേർന്ന് ഒന്നിച്ച് കേക്ക് മുറിച്ച് ഡി.കെയുടെ പിറന്നാളാഘോഷിക്കുന്നതിന്റെ ചിത്രങ്ങളിൽ കൂടി മറുപടി പറയുകയും ചെയ്തു.

ഇതിനുപുറമെ, കോൺഗ്രസ് അധ്യക്ഷൻ 'ഗാന്ധി കുടുംബത്തിലെ കളിപ്പാവ മാത്രമാണ്' എന്ന ബി.ജെ.പിയുടെ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു കർണാടകയിൽ കഴിഞ്ഞദിവസം ചേർന്ന നിയമസഭാകക്ഷി യോഗം. യോഗത്തിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ ഉത്തരവാദിത്വം കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയ്ക്ക് നൽകിയതും. ഓരോ എം.എൽ.എ.മാരുടേയും കോൺഗ്രസ് നേതൃത്വത്തിന്റേയും മനസ്സറിഞ്ഞ ശേഷം മാത്രമായിരിക്കും മുഖ്യമന്ത്രിയെ നിയമിക്കുക എന്ന ജനാധിപത്യം കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇരുവരും കൈകോർത്ത് ഒന്നിച്ച് നീങ്ങുന്നുണ്ടെങ്കിലും ഡി.കെ. ശിവകുമാറിനും സിദ്ധരാമയ്യക്കും വേണ്ടി തെരുവിൽ മുദ്രാവാക്യങ്ങളുയരുന്നുണ്ട്. രണ്ടുപേരും കോൺഗ്രസിന് ഒരുപോലെ പ്രിയപ്പെട്ടവരും, ഒഴിച്ചുകൂടാൻ പറ്റാത്ത നേതാക്കൾ. തിരഞ്ഞെടുപ്പിലുടനീളം തന്ത്രങ്ങൾ മെനഞ്ഞ് കർണാടകയിലെ മുക്കിലും മൂലയിലും കോൺഗ്രസിന്റെ വിജയം ഉറപ്പിച്ച്, 'ഇത്തവണ ആരുടേയും പിന്തുണ കൂടാതെ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും' എന്ന് തുടക്കം മുതൽക്ക് തന്നെ ആത്മവിശ്വാസത്തിലായിരുന്ന കർണാടകയിലെ 'ചാണക്യൻ' ഡി.കെ. ശിവകുമാറും സംഘവും.

കർണാടക കഴിഞ്ഞു, അടുത്തത് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്

കർണാടക ഫലത്തോടെ കോൺഗ്രസ് പാളയത്തിൽ അതിരറ്റ പ്രതീക്ഷകളാണ് ഉയർന്നിട്ടുള്ളത്. വരാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർണാടകയിൽ പ്രയോഗിച്ച സ്ട്രാറ്റജിയുമായിട്ടായിരിക്കും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക.

ബിജെപിയുടെ സ്ട്രാറ്റജി

ഓരോ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തൊട്ടടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളായിരുന്നു 2014 മുതൽ ബി.ജെ.പി. സ്വീകരിച്ചു വന്നിരുന്നത്. ഒരു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിശ്രമിക്കാതെ തൊട്ടടുത്ത് ഏത് സംസ്ഥാനത്തിലെ തിരഞ്ഞെടുപ്പാണോ, അവിടം ചെന്നുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് പതിവ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ചർച്ചയാകുന്ന രീതിയിലുള്ള വികസനപ്രവർത്തനങ്ങളും മറ്റുമായി ചെന്ന് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും. എന്നാൽ വൈകിയെത്തുന്ന കോൺഗ്രസിന് പിന്നീട് അവിടെ ജനങ്ങൾക്കിടയിൽ ഇടം പിടിച്ചു വരിക എന്നത് ഏറെ പ്രയാസകരമായിരുന്നു. ഈ ഒരു പ്രതിസന്ധി കർണാടകയിൽ ആദ്യം കോൺഗ്രസ് തകർത്തതോടെ കോൺഗ്രസിന്റെ പാളയത്തിൽ ആദ്യം തന്നെ ഏറെ പ്രതീക്ഷകൾ നൽകി. ആദ്യം തന്നെ സ്ഥാനാർഥികളെ നിശ്ചയിക്കാൻ സാധിച്ചത് കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ മുൻതൂക്കം നൽകി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വെല്ലുവിളികൾ

രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് ആണ് ഇനി കോൺഗ്രസിന് മുമ്പിലുള്ള കടമ്പകൾ. സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഭിന്നത ഇല്ലാതാക്കുക എന്നതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജസ്ഥാനിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗഹ്ലോതും തമ്മിലുള്ള ചേരിപ്പോര് കോൺഗ്രസ് നേതൃത്വത്തെ ഏറെ അലട്ടുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് നടത്തുന്ന യാത്രയും കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഭരണത്തുടർച്ചയ്ക്ക് ചെറുതൊന്നുമല്ലാത്ത പ്രയത്നം തന്നെ രാജസ്ഥാനിൽ വേണ്ടി വരുമെന്നാണ് കോൺഗ്രസ് കരുതുന്നത്. പടലപ്പിണക്കം പരിഹരിക്കാനായില്ലെങ്കില്‍ രാജസ്ഥാന്‍ കൈവിട്ട് പോകാനുള്ള സാധ്യതയേറെയാണ്‌

കർണാടക സ്ട്രാറ്റജി

കർണാടകയിൽ, ധ്രുവീകരണ രാഷ്ട്രീയം , നരേന്ദ്രമോദിയുടെ റോഡ് ഷോ, കേരളവിരുദ്ധ പരാമർശങ്ങൾ, ചേരിതിരിവ് തുടങ്ങിയവ ചർച്ചയാക്കിയ ബി.ജെ.പിയെ കോൺഗ്രസ് നേരിട്ടത് പ്രകടന പത്രികയിലെ വികസനപ്രവർത്തന വാഗ്ദാനങ്ങളും ജനക്ഷേമ പദ്ധതികളും മുൻനിർത്തിയായിരുന്നു. നേരത്തെ തന്നെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനം ഉണ്ടാക്കി. ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനങ്ങളിൽ അധികം ചർച്ചകളൊന്നം വേണ്ടി വന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു. ഇതുകൂടാതെ ജനങ്ങളെ അഭിമൂഖീകരിക്കുന്ന കാര്യങ്ങളിൽ മുൻതൂക്കം നൽകി, പോസിറ്റീവായുള്ള കാര്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള പ്രചാരണ പരിപാടികളായിരുന്നു കോൺഗ്രസിന്റേത്. കോൺഗ്രസിന്റെ അജണ്ടയിൽ ബി.ജെ.പി. വീണു എന്ന് വേണമെങ്കിൽ പറയാം. കോൺഗ്രസ് പറയുന്ന കാര്യങ്ങൾക്ക് മറുപടി പറഞ്ഞു പോകുക എന്നതായിരുന്നു കർണാടകിയിലെ ബി.ജെ.പി. പ്രചാരണങ്ങളിൽ കണ്ടത്. മാത്രമല്ല, ഭരണത്തിൽ അസ്വസ്ഥരായ ജനങ്ങളെ തൃപ്തിപ്പെടുത്താനും ബി.ജെ.പിക്ക് സാധിക്കാതെ പോയി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ | Photo: AP

മോദി എന്ന താരപ്രചാരകൻ

മോദി എന്ന നേതാവിനെ മാത്രം മുൻനിർത്തി ബി.ജെ.പി. പ്രചാരണ പരിപാടികൾ നയിച്ചപ്പോൾ കോൺഗ്രസിൽ, നേതൃത്വം എന്നതിലുപരി എല്ലാവർക്കും തുല്യ പ്രാധാന്യം നൽകി. രാഹുൽ, പ്രിയങ്ക, ഖാർഗെ, ഡി.കെ., സിദ്ധരമായ്യ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. ഓരോരുത്തരും കർണാടക പ്രചാരണങ്ങളിൽ താരപ്രചാരകരായി. ഒടുവിൽ കർണാടകയിൽ കോൺഗ്രസിന്റെ ഒത്തൊരുമയ്ക്കുള്ള ഫലവും കണ്ടു.

കുതിരക്കച്ചവടത്തിനിരയായ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് വീണ്ടും

കുതിരക്കച്ചവടത്തിൽകൂടി അധികാരം നഷ്ടപ്പെട്ട മധ്യപ്രദേശ് തിരിച്ചു പിടിക്കണം, നേതൃപോര് ഒടുങ്ങാത്ത രാജസ്ഥാനിൽ ഭരണം നിലനിർത്തണം, ഛത്തീസ്ഗഢിൽ ഭരണം നിലനിർത്തണം. കോൺഗ്രസിന് മുമ്പിലുള്ളത് വലിയ കടമ്പകൾ തന്നെയാണ്.

നേരത്തെ തന്നെ പ്രചാരണ പരിപാടികൾക്ക് തുടക്കമിടുക എന്ന തന്ത്രം കോൺഗ്രസ് പൂർണ്ണമായും ഏറ്റെടുത്തു കഴിഞ്ഞു എന്ന് വേണം പറയാൻ. ഇതിനകം തന്നെ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നിയോഗിച്ച ആളുകൾ സംസ്ഥാനത്ത് എത്തി. എ.ഐ.സി.സി. നിരീക്ഷകരായ കുൽദീപ് റാത്തോഡ്, അർജുൻ മോദ്‌വാദിയ, സുഭാഷ് ചോപ്ര, പ്രദീപ് തംത തുടങ്ങിയ നേതാക്കൾ ഭോപ്പാലിലെത്തി. എം.പി.സി.സി. അധ്യക്ഷന്‍ കമൽ നാഥുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയ് പ്രകാശ് അഗർവാൾ ചർച്ച നടത്തി

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമായും പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ, സ്ഥാനാർഥി നിര്‍ണയത്തില്‍ യുവാക്കളെ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ ചർച്ചയായതായാണ് വിവരം. പ്രായം അമ്പതിൽ താഴെയുള്ള ആളുകൾക്ക് അമ്പത് ശതമാനത്തോളം സീറ്റുകൾ നൽകുക എന്ന പ്രഖ്യാപനം നേരത്തെ കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. വരുംതിരഞ്ഞെടുപ്പിൽ ഇതും പ്രായോഗികതലത്തിലെത്തിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയുടെ കാലുമാറ്റത്തോടെയായിരുന്നു കമൽനാഥ് സർക്കാർ താഴെ പോയത്. ഇത്തരത്തിൽ ഒരു വീഴ്ച ഇനി പറ്റാതിരിക്കാനുള്ള മുൻകരുതലും സ്ഥാനാർഥി നിശ്ചയം മുതൽക്കു തന്നെ മധ്യപ്രദേശിൽ കോൺഗ്രസ് നേതൃത്വം എടുത്തേക്കും.

സ്ട്രാറ്റജി നിർണയത്തിന് സുനിൽ കനുഗുലുവും സംഘവും

വരും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ട്രാറ്റജി നിശ്ചയിക്കുക സുനിൽ കനുഗുലുവും സംഘവും തന്നെ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിന് പിന്നിലുള്ള ശക്തമായ സ്ട്രാറ്റജിയ്ക്ക് പിന്നിൽ പ്രവർത്തിച്ചയാളാണ് തിരഞ്ഞെടുപ്പുതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന സുനിൽ കനുഗുലു.

ഡി.കെ. ശിവകുമാറും സുനിൽ കനുഗുലുവും| Photo: https://twitter.com/Supriya23bh

2014-ലെ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ പ്രധാനികളിലൊരാളാണ് സുനിൽ കനുഗുലു. 2017-ൽ ബി.ജെ.പി. മിന്നുന്ന വിജയംനേടിയ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും തന്ത്രങ്ങൾ മെനഞ്ഞത് സുനിലും സംഘവുമാണ്.

ഛത്തീസ്ഗഢിലെ ഒരുക്കം

ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവും മുൻ മാധ്യമപ്രവർത്തകനുമായ വിനോദ് വർമ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശികാടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കൽ, ജനങ്ങളുടെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കൽ, സ്ഥാർനാർഥികൾ തുടങ്ങിയ ചർച്ചകൾക്കും തുടക്കമിട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്രതീക്ഷയോടെ കോൺഗ്രസ്

വരാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും നേരിടാനുള്ള ശക്തമായ ഊർജ്ജമാണ് കോൺഗ്രസിന് കർണാടക ഫലത്തിൽ കൂടി ലഭിച്ചിരിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ സോണിയാ, പ്രിയങ്ക, രാഹുൽ അടക്കമുള്ള നേതാക്കൾ സമൂഹ മാധ്യമങ്ങളിലോ മറ്റു മാധ്യമങ്ങളിൽ കൂടിയോ അമിതാവേശമോ അത്യാഹ്ലാദമോ കാണിക്കാതെ, വരും തിരഞ്ഞെടുപ്പിലേക്കുള്ള ചർച്ചകളുമായി മുന്നോട്ട് പോയതും ശ്രദ്ധേയമാണ്.

അധ്യക്ഷനായി ആറ് മാസത്തിനുള്ളില്‍ മിന്നും വിജയം

കർണാടകയിൽ ആദ്യ സ്ഥാനാര്‍ഥി പട്ടിക തിരഞ്ഞെടുപ്പിന് 45 ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രഖ്യാപിക്കാൻ സാധിച്ചു എന്നത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും മികച്ച നീക്കമായാണ്‌ കണക്കാക്കുന്നത്.

മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും | Photo: PTI

Content Highlights: Congress toying with Karnataka template for poll bound states

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented