ഡി.കെ. ശിവകുമാർ, ബസവരാജ ബൊമ്മൈ, എച്ച്.ഡി. കുമാരസ്വാമി | Photo: ANI, PTI
ബെംഗളൂരു: 224 മണ്ഡലങ്ങള്‍, 2613 സ്ഥാനാര്‍ത്ഥികള്‍, ഇവരുടെ വിധി നിശ്ചയിക്കാന്‍ 5.3 കോടി വോട്ടര്‍മാര്‍. നിയമസഭയില്‍ 113 എന്ന മാജിക് നമ്പര്‍ തികയ്ക്കാന്‍ കളമറിഞ്ഞ് കരുനീക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. ഇരുകൂട്ടര്‍ക്കും ഇത് ഒരുപോലെ അഗ്‌നിപരീക്ഷ. കഴിഞ്ഞ തവണ പാളിപ്പോയ സഖ്യത്തിന്റെ അനുഭവത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും ഇടയില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ശ്രദ്ധയോടെ നീങ്ങുന്നു ജെ.ഡി.എസ് . ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കുകയെന്നത് തന്നെയാണ് ഇക്കുറി ജെ.ഡി.എസിന്റെയും ലക്ഷ്യം.
രാജഭരണം മുതല്‍ വിധാന്‍സൗദ വരെ സംഭവബഹുലമാണ് കര്‍ണാടകയുടെ അധികാര ചരിത്രം. അന്നുമുതല്‍ ഇന്നുവരെ വെട്ടിയും വീഴ്ത്തിയും മുന്നേറിയവരുടെതാണ് കന്നഡനാടിന്റെ മണ്ണ്. ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, ഡി.കെ. ശിവകുമാര്‍, സിദ്ധരാമയ്യ, എച്ച്.ഡി. ദേവഗൗഡ, മകന്‍ എച്ച്.ഡി. കുമാരസ്വാമി..... കര്‍ണാടക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഇവരില്‍ ആരു വീഴും ആര് വാഴും എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വാഗ്ദാനങ്ങളുടെ പെരുമഴയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍. നേതാക്കളുടെ വാക്‌പോരും വര്‍ഗീയതയുടെ കാര്‍ഡും മറ്റൊരു ഭാഗത്ത്. ഭരണവിരുദ്ധ വികാരം, മാറി മറയുന്ന ജാതി സമുദായ പിന്തുണ, ന്യൂനപക്ഷ സംവരണം നീക്കിയ നടപടി തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും വിധി നിര്‍ണയിക്കുക. ഇവ വോട്ടാക്കിമാറ്റാന്‍ പതിനെട്ടടവും പയറ്റുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ആരാവുമെന്ന സൂചനകള്‍ പോലും ഇല്ലാതെ മോദിയുടെ നേതൃത്വത്തില്‍ സര്‍വ വിധ സന്നാഹങ്ങളും പുറത്തെടുക്കയാണ് ബി.ജെ.പി.
ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ബി.ജെ.പി.
കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഓരോ വോട്ടും വിഭജിച്ചെടുക്കാനാണ് ബി.ജെ.പിയുടെ നീക്കം. പ്രചാരണം അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ബി.ജെ.പി. ആയുധമാക്കിയത് വര്‍ഗീയതയെന്ന കാര്‍ഡ്. അധികാരത്തില്‍ എത്തിയാല്‍ ബജ്‌രംഗ് ദളിനെ നിരോധിക്കും എന്ന കോണ്‍ഗ്രസിന്റെ പ്രചാരണ പത്രിക മാത്രം എടുത്തുകൊണ്ട് പ്രചാരണം കൊഴുപ്പിക്കുകയാണ് ബി.ജെ.പി. വോട്ടു ചെയ്യുമ്പോള്‍ പോലും മനസ്സില്‍ ജയ് ബജ്‌രംഗ് ബലി എന്നു പറയണമെന്നാണ് ബി.ജെ.പിയുടെ പ്രചാരണം.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കലാപാന്തരീക്ഷം ഉണ്ടാവുമെന്ന് പ്രചാരണത്തിന്റെ തുടക്കത്തിലും ബി.ജെ.പി. നേതാക്കള്‍ പരാമര്‍ശിച്ചിരുന്നു. ബി.ജെ.പിക്ക് കിട്ടിയിരുന്ന ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണയില്‍ ഇക്കുറി വിള്ളലുണ്ട്. ഇത് വലിയ വോട്ട് ചോര്‍ച്ച തന്നെയാണ് ബി.ജെ.പിക്ക് ഉണ്ടാക്കുക. നാല് ശതമാനം മുസ്‌ലിം സംവരണം എടുത്ത് കളഞ്ഞ ബി.ജെ.പിയുടെ തീരുമാനവും തിരിച്ചടിയാവും. സിദ്ധരാമയ്യ സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമ പദ്ധതികളില്‍ മാറ്റം വരുത്തിയതും പകരം മികച്ച പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിയാതെ പോയതും ഇവിടെ ബി.ജെ.പിക്ക് തിരിച്ചടിയാണ്. ഗ്രാമീണ മേഖലകളില്‍ പലയിടത്തും കര്‍ഷക സമരങ്ങളും ഉണ്ട്.
ഇതുവരെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും ബി.ജെ.പിക്ക് അനുകൂലമല്ല. 80 മുതല്‍ 85 വരെ സീറ്റുകളില്‍ ബി.ജെ.പി. ഒതുങ്ങുമെന്നാണ് ഇതുവരെ പുറത്ത് വന്ന സര്‍വേ ഫലങ്ങള്‍. പ്രതികൂല ഘടകങ്ങളുടെ പട്ടിക നീളുമ്പോള്‍ ഭൂരിപക്ഷം തികയ്ക്കാന്‍ മോദിയുടെ തണലില്‍ എല്ലാ അടവുകളും പയറ്റുന്നുണ്ട് ബി.ജെ.പി. മത്സരിക്കുന്ന സംസ്ഥാന നേതാക്കളത്രയും അവരുടെ മണ്ഡലങ്ങളിലും മറ്റ് മണ്ഡലങ്ങളിലും ഒരു പോലെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ്. മുക്കിലും മൂലയിലും എത്തുന്നുണ്ട് സ്ഥാനാര്‍ഥികള്‍. മൈസൂരു- ബെംഗളൂരു എക്‌സ്പ്രസ് പാത അടക്കം കേന്ദ്രഭരണ നേട്ടങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അങ്കം കൊഴുപ്പിക്കാന്‍ ജെ.പി. നദ്ദ, അമിത് ഷാ, സ്മൃതി ഇറാനി, നിര്‍മലാ സീതാരാമന്‍, യോഗി ആദിത്യനാഥ് തുടങ്ങി 40 അംഗ താര പ്രചാരകരും സംസ്ഥാനത്തുണ്ട്. ആയിരത്തിലധികം റോഡ് ഷോ, പൊതുസമ്മേളനങ്ങള്‍, 200ലധികം മഹാറാലികള്‍ ഇതിനോടകം തന്നെ പതിനായിരത്തിലേറെ പ്രചാരണങ്ങള്‍ ബിജെപി നടത്തി കഴിഞ്ഞു.
ഏറ്റവും ഒടുവില്‍ വരാനിരിക്കുന്നത് നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് റോഡ് ഷോയും പൊതുയോഗങ്ങളും മോദി തന്നെ നയിക്കും. വെള്ളിയാഴ്ച ബല്ലാരിയിലും തുമകൂരുവിലും പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. ബെംഗളൂരുവില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രധാനമന്ത്രിയുടെ 36 കിലോമീറ്റര്‍ റോഡ് ഷോ. നമ്മുടെ ബെംഗളൂരു, നമ്മുടെ അഭിമാനം' എന്ന പേരില്‍ ബെംഗളൂരുവിലെ 17 നിയോജക മണ്ഡലങ്ങളിലൂടെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്തും. രണ്ടുദിവസവും രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നരവരെയാണ് റോഡ് ഷോ. ശനിയാഴ്ച ന്യൂ തിപ്പസാന്ദ്രയിലെ കെംപഗൗഡ പ്രതിമയ്ക്കുസമീപത്തുനിന്ന് ആരംഭിച്ച് ബ്രിഗേഡ് റോഡിലെ യുദ്ധസ്മാരകത്തില്‍ സമാപിക്കും. നാലുമണിക്ക് ബദാമിയിലും ഏഴിന് ഹാവേരിയിലും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. ഞായറാഴ്ച ബ്രിഗേഡ് റോഡ് യുദ്ധസ്മാരകത്തില്‍നിന്ന് ആരംഭിച്ച് മല്ലേശ്വരം സാങ്കി തടാകത്തിനുമുമ്പില്‍ സമാപിക്കും. നാലുമണിക്ക് ശിവമോഗയിലും ഏഴിന് നഞ്ചന്‍കോട്ടും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് നഞ്ചന്‍കോട്ടെ ശ്രീകണ്‌ഠേശ്വരക്ഷേത്രത്തില്‍ മോദി ദര്‍ശനം നടത്തും.
വാഗ്ദാനങ്ങളുടെ പെരുമഴയും വീഴ്ത്തിക്കഴിഞ്ഞു കര്‍ണാടകയില്‍ ബി.ജെ.പി. കര്‍ണാടകയെ ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനം ആക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒപ്പം ജനക്ഷേമ പദ്ധതികളുടെ നീണ്ടനിര. ഓരോ വാര്‍ഡിലും അടല്‍ ആഹാര എന്ന പേരില്‍ മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുന്നതടക്കം അന്ന എന്ന പേരില്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി. ഉത്സവ സീസണില്‍ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറും പ്രതിദിനം അര ലിറ്റര്‍ പാലും, സര്‍ക്കാര്‍ സ്‌കൂളുകളുടെ ഉന്നമനം, തൊഴില്‍ നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ട് അക്ഷര പദ്ധതി, ബംഗളൂരു നഗരത്തില്‍ അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അഭിവൃദ്ധി പദ്ധതി തുടങ്ങിയവയാണ് ബി.ജെ.പി. അവതരിപ്പിച്ചിരിക്കുന്നത്.
ഭരണ വിരുദ്ധ വികാരം വോട്ടാക്കാന്‍ കോണ്‍ഗ്രസ്
ഭരണവിരുദ്ധ വികാരം വോട്ടാക്കി സീറ്റുകള്‍ തൂത്തുവാരാന്‍ ഒരുങ്ങി ഇറങ്ങിയതാണ് കോണ്‍ഗ്രസ്. ഗ്രാമങ്ങളിലാണ് പ്രചാരണത്തിന് ഊന്നല്‍. ഇതുവരെ പുറത്ത് വന്ന സര്‍വേ ഫലങ്ങളും കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണ്. 119 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച സര്‍വേകള്‍ ഉണ്ട്. ഇതിനും മേലെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷ 140 സീറ്റുകള്‍ വരെ നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കളും അണികളും.
സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച്, പ്രചാരണത്തിലും വ്യക്തമായ മുന്നേറ്റം നടത്തിയെങ്കിലും പ്രചാരണ പത്രികയിലെ ബജ്‌രംഗ്ദള്‍ പരാമര്‍ശവും മോദി വിഷപ്പാമ്പ് ആണെന്ന ഖാര്‍ഗെയുടെ പരാമര്‍ശവും കോണ്‍ഗ്രസിന് തിരിച്ചടിയായി, അതിനെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ പാര്‍ട്ടി. മോദി പരാമര്‍ശം മനപ്പൂര്‍വം അല്ലെന്ന് ഖാര്‍ഗെ തന്നെ തിരുത്തി. കൂടുതല്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ എത്തി. ഒപ്പം ഹനുമാന്‍ ക്ഷേത്ര ദര്‍ശനവും നടത്തി. വിലക്കയറ്റം, കാര്‍ഷിക വിളകളുടെ വിലയിടിവ്, ഇനിയും പരിഹരിക്കപ്പെടാത്ത കര്‍ഷക സമരങ്ങള്‍ അങ്ങനെ പലതുണ്ട് കോണ്‍ഗ്രസിന് വോട്ടാക്കി മാറ്റാന്‍.
ബി.ജെ.പി. വികസനമെന്ന് ചൂണ്ടിക്കാണിക്കുന്ന മൈസൂര്‍- ബെംഗളൂരു എക്‌സ്പ്രസ് പാത തങ്ങള്‍ക്ക് അനുകൂലമാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. പാത വന്നതോടെ ഉപജീവനം മുട്ടിയ പഴയ പാതയുടെ ഇരുവശത്തുമുളള കച്ചവടക്കാര്‍, വീതിയേറിയ റോഡ് വന്നതോടെ ഉപജീവനം പ്രതിസന്ധിയിലായ കര്‍ഷകര്‍ എന്നിവയാണ് കോണ്‍ഗ്രസ് വോട്ടാക്കാന്‍ ശ്രമിക്കുന്നത്. ഒപ്പം ബി.ജെ.പിയില്‍നിന്ന് ചോര്‍ന്ന ലിംഗായത്ത് വോട്ടുകളിലുള്ള പ്രതീക്ഷയും. 17 ശതമാനമാണ് ലിംഗായത്ത് വോട്ടുകള്‍. ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവദി എന്നിവര്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്നത് കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഒപ്പം നിന്ന 30 മണ്ഡലങ്ങള്‍ തിരിച്ചെടുക്കാമെന്ന പ്രതീക്ഷയേറ്റുന്നു. ഹിജാബ് വിവാദംകത്തി ഉഡുപ്പിയും കോണ്‍ഗ്രസിന് അനുകൂലം. അധികാരത്തില്‍ എത്തിയാല്‍ മുസ്‌ലിം സംവരണം പുനസ്ഥാപിക്കും എന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.
ഓപ്പറേഷന്‍ താമരയ്ക്ക് യാതൊരു പഴുതും കൊടുക്കാതെ വന്‍ ഭൂരിപക്ഷം നേടാന്‍ തന്നെയാണ് ശ്രമം. മോദിയേയോ ബി.ജെ.പിയുടെ രാഷ്ട്രീയത്തെയോ കടന്നാക്രമിക്കാതെ പ്രാദേശികപ്രശ്‌നം പറയുന്ന പാര്‍ട്ടിയാവുകയാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്. ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ വീഴ്ചകളാണ് പ്രചാരണത്തില്‍ ഉടനീളം ഉയര്‍ത്തിക്കാട്ടുന്നത്. 40 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍ എന്നാണ് പ്രചാരണം. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍നിന്നെല്ലാം കരാറുകാരില്‍നിന്ന് കമ്മിഷന്‍ അടിച്ചുമാറ്റി കീശ വീര്‍പ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനം. സര്‍ക്കാരിന്റെ അഴിമതി താഴെത്തട്ടില്‍ തുറന്നുകാണിക്കാന്‍ ഉള്ള ശ്രമങ്ങള്‍ വിജയം കാണും എന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംസ്ഥാനത്ത് ഉടനീളം പ്രചാരണങ്ങളിലുണ്ട്, അവസാന ദിവങ്ങളില്‍ വാടക ഹെലികോപ്ടറില്‍ സംസ്ഥാനത്ത് ഉടനീളം പറന്നിറങ്ങി പ്രചാരണം നടത്തുകയാണ് ഡി.കെ. ശിവകുമാര്‍. സിദ്ധരാമയ്യയാണ് മറ്റൊരു തുറുപ്പുചീട്ട്. ബി.ജെ.പി. മുക്ത ദക്ഷിണേന്ത്യ തന്നെയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി വികസന വാഗ്ദാനങ്ങളും നിരവധി. 10 കിലോ അരി, വനിതകള്‍ക്കായി ഗൃഹലക്ഷ്മി പദ്ധതി, ഗൃഹനാഥയായ വനിതയ്ക്ക് 2000 രൂപ, തൊഴില്‍ അന്വേഷകരായ യുവാക്കള്‍ക്ക് സഹായധനം, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര, 500 കോടിയുടെ വസ്ത്ര നിര്‍മാണ പദ്ധതി.... തുടങ്ങി നീണ്ട പ്രഖ്യാപനങ്ങള്‍. 215 സീറ്റില്‍ സി.പി.ഐയുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്.
കിങ് മേക്കറാവുമോ ജെ.ഡി.എസ്.
കര്‍ണാടകത്തില്‍ തൂക്കുസഭയെന്ന് പ്രവചിക്കുന്നതാണ് മറ്റ് സര്‍വേകള്‍. 35 സീറ്റ് വരെ ജെ.ഡി.എസ്. നേടുമെന്നാണ് കരുതപ്പെടുന്നത്. ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന കിങ് മേക്കറാവും ജനതാദള്‍ എന്നാണ് സര്‍വേ ഫലങ്ങള്‍. എന്നാല്‍ എല്ലാ ഫലങ്ങളേയും പിന്തള്ളിയാണ് ജെ.ഡി.എസിന്റെ പ്രചാരണം. 2018-ല്‍ 37 സീറ്റ് നേടിയ പാര്‍ട്ടിയാണ് ജെ.ഡി.എസ്. ഫലപ്പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തുന്ന പതിവ് ഇക്കുറി ഉണ്ടാവില്ലെന്നാണ് ജെ.ഡി.എസിന്റെ ആത്മവിശ്വാസം. കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും പിന്തള്ളി ഒരു പ്രദേശിക പാര്‍ട്ടിക്ക് ഇക്കുറി കന്നഡികര്‍ അവസരം നല്‍കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു പാര്‍ട്ടി. 224-ല്‍ 211 ഇടത്തും ജെ.ഡി.എസിന് സ്ഥാനാര്‍ഥികളുണ്ട്. ബാഗേപ്പള്ളിയില്‍ സി.പി.എമ്മിന് പിന്തുണയും നല്‍കുന്നുണ്ട്. മറ്റിടങ്ങളില്‍ സി.പി.എമ്മിന്റെ പിന്തുണ ജെ.ഡി.എസിനാണ്. തൂക്കുമന്ത്രിസഭ ഉണ്ടാവില്ലെന്നും ജെ.ഡി.എസ്. ഭൂരിപക്ഷം തെളിയിക്കുമെന്നും എച്ച്.ഡി. ദേവഗൗഡ തന്നെ പറയുന്നു. സംവരണവിഷയം അടക്കം ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷം നേടാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് ജെ.ഡി.എസ്. വൊക്കലിഗ സമുദായവും കര്‍ഷകരുമാണ് പാര്‍ട്ടിയുടെ ശക്തി.
Content Highlights: congress and bjp tries to gain majority while jds plans to be the kingmaker karnataka election 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..