ബാഗെപള്ളിയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി, മൂന്നാം സ്ഥാനം മാത്രം; കോൺഗ്രസ് വിജയത്തിലേക്ക്


2 min read
Read later
Print
Share

Photo: Mathrubhumi

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് നേട്ടം കൊയ്യുമ്പോൾ പ്രതീക്ഷിച്ച സീറ്റിൽ അപ്രതീക്ഷിത തിരിച്ചടി ഏറ്റുവാങ്ങി സിപിഎം. ബാഗെപള്ളിയിൽ സിപിഎം സ്ഥാനാർഥി ഡോ. അനിൽ കുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാർഥിയാണ് ഇവിടെ വിജയത്തിലേക്ക് മുന്നേറുന്നത്.

പാർട്ടി സ്വാധീനം അടക്കം ഏറെ അനുകൂല സാഹചര്യങ്ങളുള്ള ബാഗെപള്ളിയിൽ ഡോ. അനിൽ കുമാറിന് ജെ.ഡി.എസിന്റെ പിന്തുണയുമുണ്ടായിരുന്നു. എന്നാൽ ഇവിടെ സിപിഎം തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 2018-ലെ തിരഞ്ഞെടുപ്പിൽ 31.43 ശതമാനം വോട്ടു നേടി രണ്ടാമതായിരുന്നു ഇവിടെ സി.പി.എം. എന്നാൽ ഇത്തവണ ജെ.ഡി.എസ്. സഖ്യം പോലും സിപിഎമ്മിനെ തുണച്ചില്ല.

അനുകൂല സാഹചര്യങ്ങളെല്ലാം ഒത്തുവന്നാൽ കഴിഞ്ഞതവണ 39.94 ശതമാനം വോട്ടുനേടിയ കോൺഗ്രസിനെ ഇത്തവണ പരാജയപ്പെടുത്താൻ സാധിക്കുമെന്ന വിശ്വാസമായിരുന്നു സിപിഎമ്മിനുണ്ടായിരുന്നത്. എന്നാൽ, ആ പ്രതീക്ഷ പാളി. ബി.ജെ.പിയ്ക്ക് കാര്യമായ സ്വാധീനം പോലും ഇല്ലാത്ത മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി. വൻ മുന്നേറ്റമാണ് നടത്തിയത്. 36 ശതമാനത്തിലേറെ വോട്ടുനേടി ബി.ജെ.പി സ്ഥാനാർഥി സി. മുനിരാജു കോൺഗ്രസിനു തൊട്ടുപിന്നിലെത്തി. പതിനാല് ശതമാനത്തോളം വോട്ട് മാത്രമേ സി.പി.എമ്മിന് നേടാൻ സാധിച്ചുള്ളൂ. കോൺഗ്രസിനാകട്ടെ 45 ശതമാനത്തിലേറെ വോട്ട് ലഭിക്കുകയും ചെയ്തു.

2018-ൽ ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ മണ്ഡലമാണ് ബാഗെപള്ളി. ശക്തരായ കോൺഗ്രസ്, ജെ.ഡി.എസ്. സ്ഥാനാർഥികളോട് മത്സരിച്ച് സി.പി.എമ്മിലെ ജി.വി. ശ്രീരാമ റെഡ്ഡി 51,697 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 14,013 വോട്ടിയനായിരുന്നു സി.പി.എം. ഇവിടെ 2018-ൽ തോറ്റത്. നേരത്തെ 1994, 2004 വർഷങ്ങളിൽ ജിവി ശ്രീരാമ റെഡ്ഡി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണ ഡോ. അനിൽ കുമാറിനെയായിരുന്നു സി.പി.എം. മത്സര രംഗത്തിറക്കിയത്. ഡോക്ടർ എന്ന ജനകീയത മുൻനിർത്തിയായിരുന്നു സ്ഥാർഥിത്വം. എന്നാൽ സി.പി.എമ്മിന് കൈയെത്താ ദൂരത്തായിരുന്നു ജയം.

കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തെത്തിയ ജെ.ഡി.എസിന്റെ പിന്തുണയോടെ ആയിരുന്നു സി.പി.എം. തിരഞ്ഞെടുപ്പിനെ നേരിട്ടത്. മണ്ഡലത്തില്‍ 23.28 ശതമാനം വോട്ട് ജെ.ഡി.എസിനുണ്ട്. അവരുടെ പിന്തുണകൂടി ലഭിച്ചതോടെ സി.പി.എമ്മിന്റെ പ്രതീക്ഷ വാനോളമുയർന്നിരുന്നു.

കർഷകർക്കും തൊഴിലാളികൾക്കും വലിയനിലയിൽ സ്വാധീനമുള്ള മണ്ഡലത്തിൽ വൻതോതിലുള്ള പ്രചാരണപരിപാടികളായിരുന്നു സി.പി.എം. നടത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജന്റെ നേതൃത്വത്തിൽ 2022-ൽ ബഹുജനറാലി അടക്കം നടത്തിയിരുന്നു. വൻ ജനപങ്കാളിത്തമുണ്ടായിരുന്ന റാലിയിൽ കർണാടകയിലെ ന്യൂനപക്ഷവിരുദ്ധ നീക്കങ്ങൾക്കെതിരേ പിണറായി ശക്തമായ ഭാഷയിൽ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.

Content Highlights: bhageppally karnataka election result 2023

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented