കോൺഗ്രസ്, ബിജെപി നേതാക്കൾ
കേരളമടക്കമുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭരണം നേടുമെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. 'മിഷന്‍ ദക്ഷിണേന്ത്യ 2024' എന്ന പേരിട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടന്നു കയറാന്‍ ബിജെപി ഉയര്‍ത്തിയ സ്വപ്‌നത്തിന് ഒരു വര്‍ഷംതികയും മുമ്പേ ഇരുട്ടടി ലഭിച്ചിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി അധികാരത്തിലിരുന്ന ഏക സംസ്ഥാനവും കൈവിട്ടു.
ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ തിരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. അത് തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിട്ടും പാര്‍ട്ടിയെ കരയ്ക്കടുപ്പിക്കാന്‍ സാധിച്ചില്ല. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും തങ്ങളുടെ മുഖ്യപ്രചാരണ ആയുധങ്ങളായ ദേശീയതയും ദേശീയ സുരക്ഷയും ഹിന്ദത്വയും ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ അപ്പാടെ പാളിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
മോദി പ്രഭാവത്തിനേറ്റ തിരിച്ചടിയ്‌ക്കൊപ്പം മറ്റൊരു വലിയ സംസ്ഥാനത്തിന്റെ അധികാരം കൂടിയാണ് ബിജെപിക്ക് നഷ്ടമായിരിക്കുന്നത്. 2024-ലേ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തില്‍ കര്‍ണാടക ഫലം കോണ്‍ഗ്രസിന് പുതുജീവന്‍ കൂടി നല്‍കും. 2019ന് ശേഷം ഹിമാചല്‍ പ്രദേശിനെ കൂടാതെ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി മറ്റൊരു സംസ്ഥാനത്ത് കൂടി അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനായി എന്നതാണ് ശ്രദ്ധേയം.
ദക്ഷിണേന്ത്യയിലെ ബിജെപി സ്വപ്‌നത്തിന് തിരിച്ചടി
2019-ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഏറ്റവും കൂടുതല്‍ ശ്രദ്ധ കാണിച്ചത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കായിരുന്നു. ഹൈദരാബാദില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ മിഷന്‍ ദക്ഷിണേന്ത്യ എന്ന പേരില്‍ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യം മുഖ്യപ്രതിപക്ഷമാകുക, തുടര്‍ന്ന് ഭരണം പിടിക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ആകെ ഭരണത്തിലുള്ള കര്‍ണാടക കൈവിട്ടതോടെ ബിജെപിയുടെ മിഷന്‍ ദക്ഷിണേന്ത്യ ഇപ്പോള്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത് തെലങ്കാനയിലും എ.ഐഎഡിഎംകെയുടെ ക്ഷീണം ഉപയോഗിച്ച് തമിഴ്‌നാട്ടിലും അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം കര്‍ണാടകയെ തിരിച്ചുപിടിക്കാനുള്ള വഴികളും ബിജെപിക്ക് തേടേണ്ടി വരും. കര്‍ണാടക തിരഞ്ഞെടുപ്പിനിടെ ബിജെപി നേതാക്കള്‍ നടത്തിയ കേരളവിരുദ്ധ പരാമര്‍ശങ്ങള്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ ആയുധമാക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള വഴികളും തേടേണ്ടതുണ്ട്. ഒപ്പം കേരളത്തില്‍ അധികാരത്തിലേറുന്നതിന് ബിജെപി ലക്ഷ്യമിട്ടിരുന്ന ക്രിസ്ത്യന്‍ വിഭാങ്ങള്‍ക്കിടയില്‍ മണിപ്പൂരിലെ കലാപം അമര്‍ഷമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതും ദക്ഷിണേന്ത്യന്‍ മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തും.
അധികാരത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ തിരുച്ചുവരവ്
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം കര്‍ണാടകത്തില്‍ കൂടി കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ ലഭിച്ചിരിക്കുകയാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഭരണത്തില്‍ പങ്കാളിത്തമുള്ളതിന് പുറമെയാണിത്. മധ്യപ്രദേശില്‍ അധികാരം നേടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ വിള്ളലും ചാക്കിട്ടുപിടുത്തവും ഭരണം നഷ്ടപ്പെടുത്തി. മഹാരാഷ്ട്രയില്‍ സഖ്യംരൂപീകരിച്ച് അധികാരത്തിലേറിയെങ്കിലും ശിവസേനയിലെ പിളര്‍പ്പില്‍ അവിടെയും ഭരണംകൈവിട്ടു. പഞ്ചാബില്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ വടംവലി മൂലം അഞ്ചുവര്‍ഷത്തിന് ശേഷം നാമാവശേഷമായി. ഇതിനിടെ ബിഹാറില്‍ നിതീഷിനെ ബിജെപിയില്‍ നിന്നകറ്റി അധികാരത്തില്‍ കയറാന്‍ സാധിച്ചതും എടുത്ത് പറയേണ്ടതാണ്.
2014ന് ശേഷം ബിജെപിയും മോദിയും അപരാജിതനായി തുടരുന്നതിനിടെ തന്നെ എഴുതി തള്ളാനാവില്ലെന്ന് കോണ്‍ഗ്രസ് പലവട്ടം തെളിയിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഈ വര്‍ഷാവസനത്തോടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ വിജയം ഊര്‍ജം പകരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. അധികാരത്തില്‍ തുടരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. അതേ സമയം രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുകയാണ്.
Content Highlights: Backlash bjp mission south india-congress one more chief minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..