ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുര്‍ മണ്ഡലത്തില്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കി. ഇത് വളരെയധികം കൂടിയാലോചനകള്‍ക്ക് ശേഷം എടുത്ത തീരുമാനമാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്‍റെ ശക്തികേന്ദ്രമായ ഗോരഖ്പൂര്‍ സീറ്റില്‍ നിന്ന് അദ്ദേഹം 2017 വരെ തുടര്‍ച്ചയായി അഞ്ച് തവണ  ലോക്സഭയിലെത്തിയിട്ടുണ്ട്. ഇതുവരെ ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലാത്ത യോഗി ആദിത്യനാഥ് അയോധ്യയിലോ മഥുരയിലോ മത്സരിക്കുമെന്ന് നേരത്തെ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഈ സീറ്റുകളില്‍ ഒന്നില്‍നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ബിജെപിയുടെ കോര്‍ ഗ്രൂപ്പ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

ഉത്തര്‍പ്രദേശ് ബിജെപിയിലെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം എന്നത് ശ്രദ്ധേയമാണ്.

Content Highlights: yogi adityanath will contest from his sronghold gorakhpur