ലഖ്‌നൗ: രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിനെ 80 ഉം 20 ഉം തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ഹിന്ദു-മുസ്ലിം ജനസംഖ്യാ അനുപാതത്തെ സൂചിപ്പിച്ചുകൊണ്ടാണ് യോഗിയുടെ വിവാദ പ്രസ്താവനയെന്നാണ് വിമര്‍ശനം ഉയരുന്നത്‌.

ലഖ്‌നൗവില്‍ ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിക്കിടെ ബിജെപിക്ക് ലഭിക്കുന്ന ബ്രാഹ്മണ വോട്ടുകളെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തിനായിരുന്നു യോഗിയുടെ ഇത്തരത്തിലുള്ള മറുപടി.

'മത്സരം ഏറെ മുന്നോട്ട് പോയി. പോരാട്ടം ഇപ്പോള്‍ 80 ഉം 20 ഉം തമ്മിലാണ്' യുപി മുഖ്യമന്ത്രി പറഞ്ഞു.

ഈ സമയം അവതാരകന്‍ പറഞ്ഞു, എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പറയുന്നത് ഇത് 19 ശതമാനമാണെന്നാണ്. ഇടപ്പെട്ട് കൊണ്ട് യോഗി ആദിത്യനാഥ് തുടര്‍ന്നു.

'80 ശതമാനവും ദേശീയത, സദ്ഭരണം, വികസനം എന്നിവയെ പിന്തുണയ്ക്കുന്നവരാണ്. ഇത്തരം ആള്‍ക്കാര്‍ ബിജെപിക്ക് വോട്ട് ചെയ്യും. ഇതിനെ എതിര്‍ക്കുന്ന 15 മുതല്‍ 20 ശതമാനം ആളുകള്‍ മാഫിയകളേയും ക്രമിനലുകളേയും പിന്തുണക്കുന്നവരും കര്‍ഷക-ഗ്രാമ വിരുദ്ധരുമാണ്. അങ്ങനെയുള്ളവര്‍ മറ്റൊരു വഴി സ്വീകരിക്കും. അതിനാല്‍ 80-20 പോരാട്ടത്തില്‍ താമരയാണ് വഴി കാട്ടുക' യോഗി ആദിത്യനാഥ് പറഞ്ഞു.

Content Highlights : Uttar Pradesh Chief Minister Yogi Adityanath on Assembly Elections 2022