അയോധ്യ: ഉത്തര്‍പ്രദേശില്‍ എവിടെയായിരിക്കും ഇക്കുറി യോഗി ആദിത്യനാഥ് മത്സരിക്കുന്നത് ? ചൂടുപിടിച്ചുവരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. എന്നാലിപ്പോള്‍ യോഗി ആദിത്യനാഥ് അയോധ്യയില്‍ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലാകും ഉണ്ടാകുക. ബി.ജെ.പി. കോര്‍ കമ്മറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും മത്സരിക്കാന്‍ യോഗി സന്നദ്ധത അറിയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. 

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഗോരഖ്പുരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു യോഗി. തുടര്‍ന്ന് മുഖ്യമന്ത്രിയായ ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായാണ് അദ്ദേഹം നിയമനിര്‍മാണ സഭയില്‍ തുടരുന്നത്. എന്നാല്‍ ഇപ്രാവശ്യം യോഗി അയോധ്യയില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന പൊതുവികാരം. യോദി അയോധ്യയില്‍ മത്സരിക്കുകയാണെങ്കില്‍ ഉത്തര്‍പ്രേദേശില്‍ വലിയ മുന്‍തൂക്കമാണ് ബിജെപി പ്രതീക്ഷിക്കുന്നതും. 

ഗോരഖ്പുരാണ് യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകം. കിഴക്കന്‍ യു.പി.യില്‍ വേരോട്ടമുള്ള നേതാവുമാണ് യോഗി. ഗോരഖ്പുരിന് പുറമേ മഥുരയും അദ്ദേഹത്തിന്റെ പേരില്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇക്കുറി അയോധ്യയില്‍ മത്സരിക്കണമെന്നാണ് ബി.ജെ.പി.യില്‍ വലിയൊരു വിഭാഗം അദ്ദേഹത്തോട് ആവശ്യപ്പെടുന്നത്. ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ ശക്തമായ സന്ദേശമാകും അയോധ്യ നല്‍കുകയെന്നും അവര്‍ പറയുന്നു.

നിലവില്‍ അയോധ്യയില്‍നിന്നുള്ള ബി.ജെ.പി. നിയമസഭാംഗമായ വേദ്പ്രകാശ് ഗുപ്തയും യോഗിയെ അങ്ങോട്ട് സ്വാഗതം ചെയ്യുകയാണ്. യോഗി മത്സരരംഗത്തുണ്ടായാല്‍ അത് അയോധ്യയുടെ അഭിമാനമാകുമെന്നും യു.പി.യില്‍ കഴിഞ്ഞ തവണത്തെപ്പോലെ വമ്പന്‍ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബി.ജെ.പി.ക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു.

യോഗി അയോധ്യയില്‍ മത്സരിക്കണമെന്ന വികാരമാണ് എല്ലാവരില്‍നിന്നുമുണ്ടായതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. സംഘപരിവാറിലെ മറ്റുസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ അനുകൂലനിലപാടാണ്. മുഖ്യമന്ത്രിയെ അയോധ്യയില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചാല്‍ അത് മണ്ഡലത്തിനുമാത്രമാവില്ല, ഉത്തര്‍പ്രദേശിനുമുഴുവന്‍ ഗുണകരമാവുമെന്ന് വി.എച്ച്.പി. മേഖലാവക്താവ് ശരദ് ശര്‍മ പറഞ്ഞിരുന്നു. 

മുഖ്യമന്ത്രി അയോധ്യയില്‍ മത്സരിക്കണമെന്നാണ് ഭൂരിഭാഗം സന്ന്യാസിമാരുടെയും താത്പര്യമെന്നും ജനവികാരം മാനിക്കാന്‍ ബി.ജെ.പി. തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീരാമജന്മഭൂമി ക്ഷേത്രട്രസ്റ്റിന്റെ ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ പിന്‍ഗാമി മഹന്ത് കമല്‍ നയന്‍ ദാസ് പറഞ്ഞിരുന്നു. 

Content Highlights: Yogi Adityanath likely to contest assembly polls from Ayodhya