2024 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ട്രെയ്‌ലര്‍- 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ നിസംശയം ഇങ്ങനെ വിശേഷിപ്പിക്കാം. 2024 ല്‍ ഇന്ത്യ ആരു ഭരിക്കുമെന്ന സൂചന നല്‍കാന്‍ പോലും പ്രാപ്തമാണ് യു.പി നിയമസഭാ ഫലം. അതുകൊണ്ട് തന്നെയാണ് യു.പി തിരഞ്ഞെടുപ്പ് ഇത്രമേല്‍ ശ്രദ്ധേയമാകുന്നതും. ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടം ആണെങ്കില്‍ മാന്യമായ അക്കത്തിലേക്കെങ്കിലും എത്തി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ സൂക്ഷിക്കാനുള്ള കഠിന പരിശ്രമം ആണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ത്തുള്ള പരീക്ഷണം അമ്പേ പാളിയതോടെ ചെറുകക്ഷികളെ കൂട്ടി തിരിച്ചുവരവിന് കോപ്പുകൂട്ടുകയാണ് അഖിലേഷ് യാദവും എസ്.പിയും. യുപിയുടെ മത്സര ചിത്രം നിലവില്‍ ബിജെപിയും എസ്.പിയും തമ്മിലാണ്‌.

ഭരണത്തുടര്‍ച്ച നേടിയാല്‍ യോഗിയുടെ വാഴ്ചയാണ് പലരും പ്രവചിക്കുന്നത്. മോദിയുടെ പിന്‍ഗാമിയായി 2024 ലേക്ക് യോഗിയുടെ സാധ്യത കല്‍പിക്കുന്നവരും വിരളമല്ല.

വലിയ പ്രതീക്ഷയൊന്നുമില്ലാത്ത ബിഎസ്പിയും മായാവതിക്കും ഈ തിരഞ്ഞെടുപ്പിലും കാര്യമായി സീറ്റ് നേടാനായില്ലെങ്കില്‍ അപ്രസക്തമാകും. പ്രിയങ്ക രക്ഷിക്കുമെന്ന് സ്വപ്‌നം കാണുന്ന കോണ്‍ഗ്രസിനും 10 സീറ്റ് തികച്ച് കിട്ടുമോ എന്ന് ഉറപ്പിച്ച് പറയാന്‍ ധൈര്യമില്ല. എ.ഐ.സി.സി സെക്രട്ടറി ഇമ്രാന്‍ മസൂദ് എസ്.പിയില്‍ ചേക്കേറിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ആര്‍ക്കും ഒന്നും എളുപ്പമാകില്ല യു.പിയില്‍. അത് തുടര്‍ഭരണമാണെങ്കിലും അട്ടിമറിയാണെങ്കിലും.

543 ലോക്സഭ സീറ്റുകളില്‍ 80 എണ്ണം, 403 നിയമസഭ സീറ്റുകള്‍, 245 രാജ്യസഭ സീറ്റുകളില്‍ 31 എണ്ണം, 100 അംഗ നിയമസഭ കൗണ്‍സില്‍. 15കോടി വോട്ടര്‍മാര്‍ പങ്കെടുക്കുന്ന വമ്പന്‍ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ  യു.പി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നത് കേവലം ഒരു പ്രയോഗം മാത്രമല്ല. വസ്തവം തന്നെ ആണ്. 202 ആണ് സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ വേണ്ട മാന്ത്രിക സംഖ്യ. ഫെബ്രുവരി 10, 14, 20,  23, 27, മാര്‍ച്ച് 3, 7 തിയ്യതികളിലായി ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. 

ഉന്നാവോ മുതല്‍ ഒടുവില്‍ ലഖിംപുര്‍ വരെയുള്ള സംഭവ വികാസങ്ങള്‍, മോദി സര്‍ക്കാര്‍ പാസാക്കിയതും പിന്‍വലിച്ചതുമായ നിയമങ്ങളുടെ അനുരണനങ്ങള്‍, അഞ്ചാം വര്‍ഷത്തിന്റെ അവസാന ലാപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങളും കോടികളുടെ പദ്ധതി പ്രഖ്യാപനവും തുടങ്ങി ഉത്തര്‍പ്രദേശിന്റെ ജനവിധി നിശ്ചയിച്ചേക്കാവുന്ന നിരവധി ഘടകങ്ങളുണ്ട് ഈ തിരഞ്ഞെടുപ്പില്‍. 

2017 ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

പാര്‍ട്ടി സീറ്റ്
ബി.ജെ.പി  312
എസ്.പി 47
ബി.എസ്.പി 19
അപ്‌നദള്‍ 9
കോണ്‍ഗ്രസ് 7

മോദി തരംഗം ആഞ്ഞടിച്ച 2017ല്‍ 403 ല്‍ 325 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പോലും പ്രഖ്യാപിക്കാതെ ആയിരുന്നു അന്ന് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വന്‍വിജയത്തിന് ശേഷം അപ്രതീക്ഷിതമായാണ് യോഗി ആദിത്യനാഥിലേക്ക് മുഖ്യമന്ത്രി സ്ഥാനമെത്തിയത്. എന്നാല്‍ ഇത്തവണ കണ്ണുകളെല്ലാം യോഗി ആദിത്യനാഥിലേക്കാണ്. 35 വര്‍ഷത്തിന് ശേഷം ഒരു മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഭരണത്തുടര്‍ച്ച നേടിയാല്‍ യോഗിയുടെ വാഴ്ചയാണ് പലരും പ്രവചിക്കുന്നത്. മോദിയുടെ പിന്‍ഗാമിയായി 2024 ലേക്ക് യോഗിയുടെ സാധ്യത കല്‍പിക്കുന്നവരും വിരളമല്ല

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, കാശിക്ഷേത്ര നവീകരണം, മഥുരയില്‍ ക്ഷേത്രം നിര്‍മിക്കല്‍ തുടങ്ങിയ അജന്‍ഡകള്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസനകാര്‍ഡും ബി.ജെ.പി. പുറത്തിറക്കുന്നു. ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് ആക്കംകൂട്ടുന്ന മുദ്രാവാക്യങ്ങളായിരിക്കും അവരുയര്‍ത്തുക. മുത്തലാഖ് നിരോധനം, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍ ബില്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരെ രംഗത്തിറക്കി ബി.ജെ.പി പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. പതിനായിരക്കണക്കിന് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി യു.പിയില്‍ പ്രഖ്യാപിച്ചത്. രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചതിന് ശേഷമുള്ള തിരഞ്ഞെടുപ്പ് എന്നതും അനുകൂലമാവും എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

എന്നിരുന്നാലും ബി.ജെ.പിയ്ക്ക് അത്ര എളുപ്പമാവില്ല കാര്യങ്ങള്‍ എന്നുതന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷക സമരവും ലഖിംപുര്‍ഖേരി കൊലപാതകവും സൃഷ്ടിച്ച ഭരണവിരുദ്ധ വികാരം കണ്ടില്ലെന്ന് നടിക്കാനാവില്ല. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കന്‍മാര്‍ക്ക് കര്‍ഷക സമരം പിന്‍വലിച്ചതിന് ശേഷം മാത്രമാണ് സമാധാനത്തോടെ പൊതുപരിപാടികളില്‍ പങ്കെടുക്കാനായത്. കര്‍ഷക സമരത്താല്‍ തിളച്ചുമറിഞ്ഞ പശ്ചിമ യു.പിയിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാണ്. കോവിഡ് വ്യാപനം കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍ സംസ്ഥാനത്ത് വലിയ തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ്. തൊഴിലില്ലായ്മയില്‍ യുവാക്കള്‍ അസ്വസ്തരാണ്. അക്രമങ്ങളുടെ സംസ്ഥാനം എന്ന പേരുദോഷത്തില്‍ നിന്ന് കരകയറ്റാന്‍ യോഗി ആദിത്യനാഥിനും കഴിഞ്ഞിട്ടില്ല.

ചെറുപാര്‍ട്ടികളായ അപ്നാദള്‍, നിഷാദ് പാര്‍ട്ടി എന്നിവയാണ് ഇത്തവണ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍. ബി.ജെ.പി സംസ്ഥാനത്ത് നേരിടുന്ന വലിയ ഭീഷണികളിലൊന്നും ഇത്തരം ചെറു പാര്‍ട്ടികളുടെ സാന്നിധ്യമാണ്. 2002 തിരഞ്ഞെടുപ്പിന് ശേഷം നിരവധി ചെറുപാര്‍ട്ടികളാണ് സംസ്ഥാനത്ത് രൂപപ്പെട്ടത്. മിനിമം വോട്ട് ലഭിക്കാത്തതിനാല്‍ ഇവയ്ക്ക് പലതിനും സംസ്ഥാന പാര്‍ട്ടി പദവികള്‍ പോലുമില്ല. പക്ഷെ പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ ഇവയുടെ പങ്ക് നിര്‍ണായകമാണ്. പല പാര്‍ട്ടികള്‍ക്കും പ്രത്യേക ജാതി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്.

ഇക്കാര്യം നന്നായറിവുന്ന സമാജ് വാദി പാര്‍ട്ടി പതിനഞ്ചോളം ചെറുപാര്‍ട്ടികളുമായി മുന്നണി രൂപീകരിച്ചാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. രാഷ്ട്രീയ ലോക്ദള്‍ ഒ.പി. രാജ്ഭറിന്റെ നേതൃത്വത്തിലുള്ള സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി.), ശിവപാല്‍ യാദവ് നേതൃത്വം നല്‍കുന്ന പ്രഗതി ശീല്‍ സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പതിനഞ്ചോളം പാര്‍ട്ടികളുമായാണ് എസ്.പി സഖ്യം രൂപീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എസ്.പി തന്നെയാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ എതിരാളി. പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബി.ജെ.പിയ്ക്ക് തൊട്ട് പിറകിലായി തന്നെ അഖിലേഷുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തിരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിലും അഖിലേഷിന് സാധിച്ചിട്ടുണ്ട്.

മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി. ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. കഴിഞ്ഞ ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകളിലെ പരാജയങ്ങളുടെ ക്ഷീണം ബി.എസ്.പിയ്ക്ക് മാറിയിട്ടുമില്ല. പ്രിയങ്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ യു.പിയിലെ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വസമൊന്നും കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസും ഇത്തവണ തനിച്ച് തന്നെയാണ് മത്സരിക്കുന്നത്. എ.ഐ.സി.സി സെക്രട്ടറി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധിയുടെ വിലയിരുത്തല്‍ കൂടി ആവും ഈ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ വനിതാ വോട്ടു ബാങ്കാണ് പ്രിയങ്ക ലക്ഷ്യം വെച്ചിരിക്കുന്നത്. വമ്പന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് യു.പിയിലെ വനിതകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. റാലികളും പ്രചാരണപരിപാടികളുമായി കോണ്‍ഗ്രസ് സജീവമായി രംഗത്തുണ്ട്.

എ.എ.പി, ത്രിണമൂല്‍, ഇടത് പാര്‍ട്ടികള്‍, ഒവൈസിയുടെ എ.ഐ.എം.ഐ.എം എന്നീപാര്‍ട്ടികളും ചെറിയ സ്വപ്നങ്ങളുമായി രംഗത്തുണ്ട്. അഭിപ്രായ സര്‍വെകളിലും പ്രചാരണ രംഗത്തും ബി.ജെ.പിക്ക് തന്നെയാണ് മുന്‍തൂക്കം. കോവിഡ് മൂന്നാം തരംഗം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. റോഡ് ഷോകള്‍ക്കും വലിയ പ്രചാരണ പരിപാടികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രചാരണങ്ങള്‍ പരമാവധി ഡിജിറ്റലാക്കാനും നിര്‍ദേശമുണ്ട്. പക്ഷെ ഇതൊന്നും തിരഞ്ഞെടുപ്പിന്റെ ആവേശത്തെ ബാധിക്കാനിടയില്ല. കാരണം നിര്‍ണയിക്കപ്പെടുന്നത് യു.പിയുടെ മാത്രം വിധിയല്ല,  ഈ രാജ്യത്തിന്റേത് കൂടിയാണ്. 

Content Highlights: Uttar Pradesh legislative assembly election 2022, BJP, SP, BSP, Congress, Yogi Adityanath, Priyanka Gandhi Vadra