ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ഒരു മന്ത്രി കൂടി രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധാരാസിങ് ചൗഹാന്‍. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ തൊഴില്‍മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ ഇന്നലെ രാജിവെച്ചിരുന്നു. 

മധുഭന്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ധാരാസിങ് ചൗഹാന്‍ നേരത്തെ ബി.എസ്.പി അംഗമായിരുന്നു. 2015ലാണ് ബിജെപിപിയിലെത്തിയത്‌. ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധാരാ സിങ് ചൗഹാനെ അമിത് ഷാ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഡല്‍ഹില്‍ അദ്ദേഹം മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

നേരത്തെ, ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കാബിനറ്റ് മന്ത്രിയും പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുമായ സ്വാമി പ്രസാദ് മൗര്യയും രോഷന്‍ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാക്യ എന്നീ നാല് എം.എല്‍.എ.മാരും പാര്‍ട്ടിവിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍ കൂടുമാറുമെന്ന സൂചനയും പുറത്തുവന്നിരുന്നു. 

ദളിത് പിന്നാക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പി. കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മൗര്യ സമുദായത്തില്‍ സ്വാധീനമുള്ള സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മൗര്യ രാജിവെച്ചതെന്തിനെന്ന് അറിയില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചത്. 

Content Highlights: UP Assembly Elections 2022: Set back for BJP, Uttar Pradesh Minister Dara Singh Chauhan resigns from Yogi Cabinet