ലഖ്‌നൗ: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് മന്ത്രിയുടെ രാജി. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ ചൊവ്വാഴ്ച മന്ത്രിസ്ഥാനം രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഏതാനും ചില എം.എല്‍.എമാരും അദ്ദേഹത്തോടൊപ്പം എസ്.പിയില്‍ ചേക്കേറുമെന്നാണ് സൂചന. 

രാജിക്കത്ത് പുറത്തെത്തുന്നതിന് മുന്നെ തന്നെ അദ്ദേഹം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദര്‍ശിക്കുകയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തു. പല തവണ എം.എല്‍.എയായിട്ടുള്ള മൗര്യ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ്. 2016 ല്‍ മായാവതിയുടെ ബിഎസ്പി വിട്ടാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്‌

ദളിതരോടും പിന്നാക്കവിഭാഗങ്ങളോടുമുള്ള യു.പി. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കര്‍ഷകരെയും ചെറുകിട സംരംഭകരെയും തൊഴിലില്ലാത്ത യുവാക്കളെയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അതേസമയം, മന്ത്രിയുടെ രാജിയെ സംബന്ധിച്ച് മറ്റുചില വിവരങ്ങളും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വാമി പ്രസാദ് മൗര്യ ഒരുസീറ്റ് കൂടി അധികമായി ചോദിച്ചെന്നും ഈ ആവശ്യം പാര്‍ട്ടി തള്ളിയതാണ് രാജിക്ക് കാരണമെന്നും ബി.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഫെബ്രുവരി ഏഴ് മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്താം തീയതിയാണ് വോട്ടെണ്ണല്‍. 

Content Highlights: up cabinet minister swami prasad maurya resigned