ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ അടക്കം 125 സ്ഥാനാര്‍ഥികളാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. യുപിയുടെ ചുമതയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.

പ്രഖ്യാപിച്ച 125 പേരില്‍ 40 ശതമാനം സ്ത്രീകളാണ്. 40 ശതമാനം യുവാക്കളും. ഇതൊരു ചരിത്രപരമായ നീക്കമാണെന്നും സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതകളെ സ്ഥാനാര്‍ഥികളാക്കുമെന്ന പ്രിയങ്ക കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ഓണറേറിയം ഉയര്‍ത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ആശാ വര്‍ക്കര്‍ പൂനം പാണ്ഡെയും സ്ഥാനാര്‍ഥി പട്ടികയിലുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. 125-ല്‍ 50 വനിതാ സ്ഥാനാര്‍ഥികളുണ്ട്.