മീററ്റ്: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടിയും മോഡലും മുന്‍ ബിക്കിനി ഇന്ത്യയുമായ അര്‍ച്ചന ഗൗതം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. മീററ്റിലെ ഹസ്തിനപുര്‍ മണ്ഡലത്തില്‍ നിന്നാകും അര്‍ച്ചന ജനവിധി തേടുക. 

2014ലെ മിസ് ഉത്തര്‍പ്രദേശായി തിരഞ്ഞെടുക്കപ്പെട്ട അര്‍ച്ചന 2018ലെ മിസ് ബിക്കിനി ഇന്ത്യ, മിസ് കോസ്‌മോ ടൈറ്റിലുകളും നേടിയിട്ടുണ്ട്. 2021 നവംബറിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

ഹസ്തിനപുറില്‍ വിജയിക്കാനായാല്‍ പ്രധാന പരിഗണന വികസനത്തിന് ആയിരിക്കുമെന്ന് അര്‍ച്ചന വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. "പുരാതന ക്ഷേത്രങ്ങളുള്ള ഹസ്തിനപുര്‍ ഒരു ടൂറിസ്റ്റ് സ്ഥലമാണ്. എന്നാല്‍ ഗതാഗത സൗകര്യങ്ങളുടെ പ്രശ്‌നം മൂലം പലര്‍ക്കും ഇവിടേക്ക് എത്താന്‍ സാധിക്കുന്നില്ല. എംഎല്‍എയായാല്‍ എന്റെ ആദ്യ പരിഗണന ബസ്റ്റ് സ്റ്റാന്റും റെയില്‍വേ സ്റ്റേഷനും നിര്‍മിക്കുകയാകും." - അവര്‍ പറഞ്ഞു. 

നേരത്ത യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റില്‍ വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച പാര്‍ട്ടി പുറത്തിറക്കിയ 125 പേരുടെ ആദ്യഘട്ടസ്ഥാനാര്‍ഥി പട്ടികയില്‍ 50 വനിതകളായിരുന്നു ഉള്‍പ്പെട്ടത്. 

Content Highlights: Congress Fields Actor-Model Archana Gautam From Hastinapur In UP Polls