ന്യൂഡല്‍ഹി: ബിജെപി പാമ്പിനെപ്പോലെയാണെന്നും ഉത്തര്‍പ്രദേശില്‍ നിന്ന് അവരെ തുടച്ചു നീക്കുന്നത് വരെ തളരാതെ പോരാടുന്ന കീരിയെപ്പോലെയാണ് താനെന്നും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച കാബിനറ്റ് മന്ത്രിയും പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുമായ സ്വാമി പ്രസാദ് മൗര്യ. തന്റെ രാജി ബി.ജെ.പി.യില്‍ ഭൂകമ്പം ഉണ്ടാക്കിയെന്ന് പറഞ്ഞതിന് പിന്നാലെയാണ്  മൗര്യയുടെ ട്വീറ്റ്. 

" ആര്‍എസ്എസ് മൂര്‍ഖനെപ്പോലെയാണ്. ബിജെപി പാമ്പിനെപ്പോലെയും. യുപിയില്‍ നിന്ന് ബിജെപിയെ തുടച്ചുനീക്കപ്പെടുന്നത് വരെ തളരാതെ പോരാടുന്ന കീരിയെപ്പോലെയാണ് സ്വാമി പ്രസാദ് മൗര്യ " - അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. 

തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് കാബിനറ്റ് മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിട്ടത്. ദളിത് പിന്നാക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പി. കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മൗര്യ സമുദായത്തില്‍ സ്വാധീനമുള്ള സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി. 

മകന്‍ ഉത്കര്‍ഷിന് നിയമസഭാസീറ്റ് നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് മൗര്യ രാജിവെച്ചതെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങള്‍ ആരോപിച്ചത്. ബി.എസ്.പി.യുടെ മുതിര്‍ന്നനേതാവും പ്രതിപക്ഷനേതാവുമായിരുന്ന സ്വാമി പ്രസാദ് മൗര്യ 2016-ലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. മായാവതി സീറ്റുകച്ചവടം നടത്തി എന്നാരോപിച്ചാണ് ബി.എസ്.പി. വിട്ടത്. 

ഇതിനിടെ സ്വാമി പ്രസാദ് മൗര്യക്ക് എതിരേ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഏഴുവര്‍ഷംമുമ്പത്തെ വിദ്വേഷപ്രസംഗ കേസില്‍ സുല്‍ത്താന്‍പുര്‍ കോടതിയാണ് നടപടിയെടുത്തത്. 2014-ല്‍ ബി.എസ്.പി. അംഗമായിരിക്കേ മൗര്യ നടത്തിയ പ്രസംഗത്തിലെ വിവാദപരാമര്‍ശങ്ങളില്‍ കേസ് നിലവിലുണ്ടായിരുന്നു. ഈ കേസില്‍ ബുധനാഴ്ച ഹാജരാകാന്‍ സുല്‍ത്താന്‍പുര്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മൗര്യ എത്തിയില്ല. തുടര്‍ന്നാണ് വാറന്റയച്ചത്.

Content Highlights: BJP Like A Snake, I Am The Mongoose That Wipes Them Out, says Swami Prasad Maurya