ന്യൂഡല്‍ഹി: പിന്നാക്കവിഭാഗം നേതാക്കളുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്ക് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. സംസ്ഥാനത്ത് നിര്‍ണായകമായ ഒ.ബി.സി. വിഭാഗത്തില്‍നിന്ന് മൂന്നു നേതാക്കളടക്കം ഒമ്പത് പ്രമുഖരാണ് മൂന്നുദിവസത്തിനിടെ പാര്‍ട്ടിവിട്ടത്. യാദവര്‍ക്കൊപ്പം ഇതര പിന്നാക്കവിഭാഗത്തെയും ഒപ്പംനിര്‍ത്താനുള്ള സമാജ്വാദി പാര്‍ട്ടിയുടെ തന്ത്രങ്ങളാണ് ഇതിലൂടെ ഫലംകാണുന്നത്. 2016 മുതല്‍ ബി.ജെ.പി.ക്കൊപ്പം നില്‍ക്കുന്ന ഈ നേതാക്കള്‍ പിന്നാക്കവിഭാഗത്തിലെ മൗര്യ, കുശ്‌വാഹ തുടങ്ങിയ സമുദായങ്ങളില്‍ പരക്കെ സ്വാധീനമുള്ളവരാണ്.

സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതിനിശ്ചയിക്കുന്നത് 35-37 ശതമാനം വരെയുള്ള പിന്നാക്ക (ഒ.ബി.സി.) വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളില്‍ 10-12 ശതമാനംവരെയുള്ള യാദവസമുദായമാണ് പ്രധാനം. ഈ വോട്ടുകളിലേറെയും സമാജ്വാദി പാര്‍ട്ടിക്കാണ് കാലങ്ങളായി ലഭിക്കുന്നത്. ബാക്കിയുള്ള യാദവേതര വോട്ടുകള്‍ തന്ത്രപരമായി സ്വന്തമാക്കിയാണ് സമാജ്വാദി പാര്‍ട്ടിയെ അട്ടിമറിച്ച് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പുമുതല്‍ ബി.ജെ.പി. സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കിയത്.

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെയും മായാവതിയുടെയും ജാതിവോട്ടുബാങ്കുകളെ ബി.ജെ.പി. സമര്‍ഥമായി മുറിച്ചു. 2017-ല്‍ സമാജ്വാദി പാര്‍ട്ടിക്ക് യാദവവോട്ടുകളില്‍ 66 ശതമാനം ലഭിച്ചെങ്കില്‍ യാദവേതര പിന്നാക്ക വോട്ടുകളില്‍ 60 ശതമാനം ബി.ജെ.പി.യാണ് സ്വന്തമാക്കിയത്. ദളിത് വോട്ട് അടിത്തറയില്‍പ്പെട്ട ജാടവവോട്ടുകളില്‍ 86 ശതമാനവും ജാടവ ഇതര വോട്ടുകളില്‍ 43 ശതമാനവും മായാവതിക്കൊപ്പംനിന്നെങ്കിലും ജാടവ ഇതര വോട്ടുകളില്‍ 31 ശതമാനം ബി.ജെ.പി. ചോര്‍ത്തി. ആദ്യമായാണ് ജാടവ ഇതര വോട്ടുകള്‍ ബി.ജെ.പി. നേടുന്നത്.

പാര്‍ട്ടിയുടെ ഉറച്ചവോട്ടുകളായ ഉയര്‍ന്നസമുദായത്തിനൊപ്പം ഈ വോട്ടുകളും സംഭരിച്ചാണ് 2017-ല്‍ ബി.ജെ.പി. ഭരണംപിടിച്ചത്. ഈ വോട്ടുബാങ്കില്‍നിന്ന് ഇപ്പോള്‍ ചോര്‍ച്ച നേരിടുന്നതാണ് ബി.ജെ.പി. കേന്ദ്ര-സംസ്ഥാന നേതാക്കളെ അസ്വസ്ഥരാക്കുന്നത്. കൂടുതല്‍ നേതാക്കള്‍ കൊഴിയാതിരിക്കാന്‍ സമവായചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.