ലക്‌നൗ:കഴിഞ്ഞ ദിവസം ബിജെപിയില്‍നിന്ന് രാജിവെച്ച എംഎല്‍എയെ അദ്ദേഹത്തിന്റെ സഹോദരന്‍ തട്ടിക്കൊണ്ടുപോയി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ത്തതാണെന്ന ആരോപണവുമായി മകള്‍ രംഗത്ത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് എംഎല്‍എയും രംഗത്തെത്തി.

ഉത്തര്‍പ്രദേശിലെ ബിധുനാ മണ്ഡലത്തിലെ എംഎല്‍എ വിനയ് ശാക്യയെ സമാജ്‌വാദി പാര്‍ട്ടി നേതാവായ സഹോദരന്‍ ദേവേഷ് ശാക്യ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് എംഎല്‍എയുടെ മകള്‍ റിയ ശാക്യയാണ് ആരോപിച്ചത്. 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മൂന്നു വര്‍ഷമായി ശാക്യ എറ്റവായിലെ വീട്ടില്‍ കിടപ്പിലാണ്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ശാക്യ കിടക്കയില്‍ കിടന്നുകൊണ്ട് വാര്‍ത്താസമ്മേളനം വിളിച്ച് മകളുടെ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. 'എന്റെ മകളുടെ ആരോപണത്തില്‍ യാതൊരു വസ്തുതയുമില്ല'  എന്ന് എഴുതി തയ്യാറാക്കിയ കുറിപ്പ് ശാക്യ വായിച്ചു. എന്നാല്‍ ഈ ആരോപണത്തിന് പിന്നില്‍ എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. 

ശാക്യയുടെ അമ്മ ദ്രൗപതി ദേവിയും  സഹോദര ഭാര്യയും റിയയുടെ ആരോപണം നിഷേധിച്ചിട്ടുണ്ട്. ആരുടേയോ സമ്മര്‍ദ്ദത്തിലാണ് റിയ കള്ളം പറയുന്നതെന്ന് ദ്രൗപതി വ്യക്തമാക്കി. റിയയുടെ ആരോപണം തെറ്റാണെന്ന വിശദീകരണവുമായി എറ്റവാ ജില്ലാ പോലീസ് മേധാവിയും രംഗത്തെത്തി. 

'ഞങ്ങള്‍ ബിജെപി പ്രവര്‍ത്തകരാണ്. എല്ലാ കാലത്തും ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കും. അച്ഛന് വയ്യാതായപ്പോള്‍ യോഗി ആദിത്യനാഥ് ഒഴികെ മറ്റാരും ഞങ്ങളെ സഹായിച്ചില്ല. ഞങ്ങളുടെ വീട്ടില്‍ നിന്ന് അച്ഛനെ തട്ടിക്കൊണ്ടുപോയി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ത്തു. അമ്മാവനാണ് ഇതിനു കൂട്ടുനിന്നത്.'-വീഡിയോ സന്ദേശത്തില്‍ റിയ പറയുന്നു.

ശാക്യ കിടപ്പിലായതോടെ ഈ വര്‍ഷം തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുകയായിരുന്നു റിയ. ഇതിനിടേയാണ് അച്ഛന്‍ പാര്‍ട്ടി മാറിയത്. കഴിഞ്ഞദിവസം രാജിവെച്ച മുന്‍ ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യയുമായി അടുത്ത ബന്ധം പുല്‍ത്തുന്നവരാണ് ശാക്യയും സഹോദരനും.

Content Highlights:  As UP MLA Vinay Shakya quits BJP daughter claims he is kidnapped father denies charge