ചണ്ഡീഗഢ്: പരമസാധുവെന്നു കരുതിയാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിക്കസേരയില്‍ പ്രതിഷ്ഠിച്ചത്. പക്ഷേ, കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്. സംസ്ഥാനത്ത് മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആരെന്ന് പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ചന്നി തുറന്നടിച്ചു. 'തിരഞ്ഞെടുപ്പു കഴിഞ്ഞ് മുഖ്യമന്ത്രി'യെന്ന ഹൈക്കമാന്‍ഡ് പ്രഖ്യാപനത്തിനു വിരുദ്ധമാണിത്.

മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് നേരിട്ടപ്പോഴെല്ലാം കോണ്‍ഗ്രസിനു പരാജയമായിരുന്നെന്ന് ചന്നി പറയുന്നു. അദ്ദേഹം ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. വീണ്ടും അധികാരം ലഭിച്ചാല്‍ അണിയാനായി മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ചു കാത്തിരിക്കുന്ന സംസ്ഥാനകോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവിനെത്തന്നെ.

2017-ല്‍ അമരീന്ദര്‍സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങിയത്. അന്ന് അധികാരം പിടിക്കാനായി. അതിനുമുമ്പ് അമരത്ത് ആരുമില്ലാതെ മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം- ചന്നി വിശദീകരിക്കുന്നു.

മുഖ്യമന്ത്രിസ്ഥാനാര്‍ഥി താങ്കള്‍തന്നെയാകുമോ എന്ന ചോദ്യത്തിന് ചന്നി നേരിട്ടുള്ള മറുപടി നല്‍കുന്നില്ല. ''അക്കാര്യം ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. ഞാനൊരു ജനകീയ നേതാവുതന്നെയാണ്. എവിടെച്ചെന്നാലും ജനങ്ങള്‍ ആവേശത്തോടെ എനിക്കുനേരെ കൈവീശുന്നുണ്ട്'' -മുഖ്യമന്ത്രി പറയുന്നു.

എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയുടെ നിലപാടിന്റെ വിരുദ്ധധ്രുവത്തിലായ സിദ്ദുവിന് പക്ഷേ, ഇക്കാര്യത്തില്‍ യോജിപ്പാണ്. തിരഞ്ഞെടുപ്പിനുമുമ്പേ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നതാണ് തന്റെയും നിലപാടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, അതാരായിരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല, താന്‍തന്നെയാണ് ആ കസേരയ്ക്ക് അനുയോജ്യനെന്ന് തുറന്നുപറയാന്‍ മടിയുമില്ല.

എന്തായാലും പഞ്ചാബില്‍ ചേരിപ്പോര് തിരഞ്ഞെടുപ്പുകാലത്തും കോണ്‍ഗ്രസ് നേതൃത്വത്തിനു കടുത്ത തലവേദനായാകുമെന്ന കാര്യം ഉറപ്പ്.