ന്യൂഡല്‍ഹി: പഞ്ചാബില്‍ തനിക്കുണ്ടായ സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണംചെയ്യുമെന്ന് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച് കാല്‍ലക്ഷം പേരില്‍ നടത്തിയ അഭിപ്രായസര്‍വേയ്ക്കുശേഷമാണ് വിലയിരുത്തല്‍.

ജനുവരി അഞ്ചിന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റോളം കുടുങ്ങിയിരുന്നു. തുടര്‍ന്ന് യാത്രയുപേക്ഷിച്ച് ഭട്ടിന്‍ഡ വിമാനത്താവളത്തിലെത്തിയ മോദി, താന്‍ ജീവനോടെ എത്തിയതില്‍ നിങ്ങളുടെ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞേക്കൂവെന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

പഞ്ചാബികളുടെയും കര്‍ഷകരുടെയും രക്ഷകനായാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാനമന്ത്രിക്ക് സംസ്ഥാനത്ത് ഭീഷണിയുണ്ടായെന്ന ആരോപണം മൊത്തം പഞ്ചാബികള്‍ക്കെതിരാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

പ്രകടനപത്രികയ്ക്കും പ്രചാരണത്തിനും സമിതികള്‍

പഞ്ചാബില്‍ തിരഞ്ഞെടുപ്പു പ്രകടനപത്രിക തയ്യാറാക്കാന്‍ പ്രതാപ് സിങ് ബജ്‌വ എം.പി.യുടെ നേതൃത്വത്തില്‍ ഇരുപതംഗ സമിതിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചൊവ്വാഴ്ച നിയമിച്ചു. മന്‍പ്രീത് ബാദല്‍ ഉപാധ്യക്ഷനും അമര്‍സിങ് എം.പി. കണ്‍വീനറുമാണ്. സുനില്‍ ഝാക്കറുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചംഗ പ്രചാരണസമിതിക്കും രൂപംനല്‍കി. അമര്‍ പ്രീത് സിങ് ലല്ലി ഉപാധ്യക്ഷനും രവ്‌നീത് ബിട്ടു കണ്‍വീനറുമാണ്.