തുടര്‍ച്ചയായി രണ്ടാം തവണയും മൃഗീയ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഏഴ് വര്‍ഷത്തിനിടെ ആദ്യമായിമാപ്പ് പറയേണ്ടി വന്നത് കര്‍ഷകര്‍ക്ക് മുന്നിലാണ്. സമാനതകളില്ലാത്ത ഒന്നരവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന്റെ നട്ടെല്ലായിരുന്നു പഞ്ചാബിലെ കര്‍ഷകര്‍. കലങ്ങി മറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം നിലനില്‍ക്കുന്ന പഞ്ചാബ്, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ കര്‍ഷക സമരം തന്നെയാണ് മുഖ്യവിഷയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വഴി തടഞ്ഞ് തിരിച്ചയക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്ന ഘട്ടത്തില്‍ പഞ്ചാബ് ഇത്ര കാലം കണ്ട തിരഞ്ഞെടുപ്പ് ആയിരിക്കില്ല ഇത്തവണത്തേതെന്ന് ഉറപ്പാണ്. 

കര്‍ഷക രോഷത്തിന്റെ തിരിച്ചടി ബിജെപി ഭയക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞതോടെ അതിന്റെ ആഘാതം കുറയ്ക്കാനാകുമെന്ന ബിജെപി പ്രതീക്ഷ എത്രത്തോളം ഫലം കാണും, കണ്ടറിയണം. മോദിയുടേയും ഷായുടേയും എല്ലാ പ്രതീക്ഷയും ക്യാപ്റ്റനിലാണ്. അപമാനിച്ച് ഇറക്കിവിട്ടതിന്റെ കണക്ക് തീര്‍ക്കാനുള്ള ക്യാപ്റ്റന്റെ രോഷം കോണ്‍ഗ്രസിനോടാണ്. ജീവന്‍മരണ പോരാട്ടമാണ് ശിരോമണി അകാലിദളിന്. ഇനി ഒരു തോല്‍വി മിക്കവാറും പാര്‍ട്ടിയുടെ നിലനില്‍പിനെ തന്നെ ബാധിച്ചേക്കും. കോണ്‍ഗ്രസ് ചന്നിയെ അവരോധിച്ചതോടെ ബിഎസ്പി സഹായം അകാലിദളിന് ഉദ്ദേശിച്ച ഫലം നല്‍കുമോ, സംശയമാണ്. 2017 ല്‍ കന്നി അങ്കത്തില്‍ മുഖ്യപ്രതിപക്ഷമാകാന്‍ കഴിഞ്ഞ എഎപി ഇത്തവണ ഭരണം സ്വപ്‌നം കാണുന്നു. ഇടക്കാലത്ത് നേതാക്കള്‍ കൊഴിഞ്ഞുപോയെങ്കിലും ഭരണവിരുദ്ധ വികാരം സീറ്റുകള്‍ എഎപിക്ക് സീറ്റുകള്‍ സമ്മാനിക്കുമെന്ന് അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നു.

കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രതികൂല കാലവസ്ഥയിലും 2017-ല്‍ കോണ്‍ഗ്രസിന് അധികാരം തിരിച്ചുപിടിച്ച് നല്‍കിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ ഒപ്പം നിര്‍ത്താന്‍ സാധിച്ചതാണ് ബിജെപിക്കുള്ള ഏക ആത്മവിശ്വാസം. ഒപ്പം പ്രധാനമന്ത്രിയുടെ യാത്ര തടഞ്ഞ് വന്‍ സുരക്ഷാ വീഴ്ച വരുത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ മുഖ്യപ്രചാരണായുധമാക്കാനും ബിജെപി ശ്രമിച്ചുവരികയാണ്. 

കര്‍ഷക പ്രക്ഷോഭത്തിന്റെ മുഖ്യ ഗുണഭോക്താവായി മാറുക ഭരണകക്ഷിയായ കോണ്‍ഗ്രസോ മുഖ്യപ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിയോ എന്നത് തന്നെയാകും കാര്യങ്ങള്‍ തീരുമാനിക്കുക. അനുകൂല സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി പോര് തന്നെയാണ് ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് നേരിയ സാധ്യത കല്‍പിക്കുന്നതിന്റെ കാരണം. അടുത്തിടെ നടന്ന ഛണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എഎപി സൃഷ്ടിച്ച മുന്നേറ്റവും ഒരു ചൂണ്ടുപലകയാണ്‌.

അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണകക്ഷിയെ മാറ്റുന്ന ശീലമാണ് പഞ്ചാബിന്. കഴിഞ്ഞ 52 വര്‍ഷത്തിനിടെ ഒരിക്കല്‍മാത്രമേ അക്കാര്യത്തില്‍ മാറ്റമുണ്ടായിട്ടുള്ളൂ. ഏറ്റവുമൊടുവില്‍ 2017-ല്‍ ശിരോമണി അകാലിദള്‍ സര്‍ക്കാരിനെ താഴെയിറക്കിയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണംപിടിച്ചത്. ഭരണകക്ഷിയോട് സ്‌നേഹം കാണിക്കാത്ത പഞ്ചാബിന്റെ ചരിത്രത്തിനൊപ്പം പാര്‍ട്ടിയിലെ ചേരിപ്പോരുകളും കോണ്‍ഗ്രസിന് തലവേദനയാകും.

2017 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

പാർട്ടി  സീറ്റ് 
കോണ്‍ഗ്രസ് 77
ആം ആദ്മി പാര്‍ട്ടി 20
ശിരോമണി അകാലിദള്‍ 15
ബിജെപി 3
ലോക് ഇന്‍സാഫ് പാര്‍ട്ടി 2

 

സെപ്റ്റംബറിലാണ് ക്യാപ്റ്റനെ മാറ്റിക്കൊണ്ട് കോണ്‍ഗ്രസ് ചരണ്‍ജീത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ അതൊരു ഇടക്കാല നടപടിമാത്രമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ചന്നിക്കെതിരേ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ ഇതിന് ശക്തിപകരുന്നുമുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്.

PM MODI
പഞ്ചാബ് സന്ദര്‍ശനത്തിനിടെ കര്‍ഷക പ്രക്ഷോഭകര്‍ തടഞ്ഞതിനെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ കുടുങ്ങിയ പ്രധാനമന്ത്രിയുടെ വാഹനം |ഫോട്ടോ:ANI

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടാതെയാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. എങ്കിലും കര്‍ഷകസമരത്തിലെ അനുകൂലതരംഗം മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2017-ല്‍ ആകെയുള്ള 117 സീറ്റുകളില്‍ 77 സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ 20 സീറ്റുകളോടെ രണ്ടാംസ്ഥാനത്തെത്തിയ ആം ആദ്മി പാര്‍ട്ടിയും പ്രതീക്ഷയിലാണ്. ഭഗവന്ത് സിങ് മാന്‍ ഉള്‍പ്പെടെയുള്ളവര്‍ കുപ്പായം തയ്ച്ചിരിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ അവരും പ്രഖ്യാപിച്ചിട്ടില്ല. ഈയിടെ ചണ്ഡീഗഢ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായതിന്റെ ആത്മവിശ്വാസത്തിലാണ് എ.എ.പി.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷകസമരമുണ്ടാക്കിയ കയ്പ് മാറുംമുന്‍പാണ് ബി.ജെ.പി.യുടെ പടയൊരുക്കം. അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയുമായി സഖ്യത്തിലാണ് ബി.ജെ.പി. ക്യാപ്റ്റന്റെ വ്യക്തിപ്രഭാവവും കേന്ദ്രപദ്ധതികളുടെ നേട്ടവും പ്രധാനമന്ത്രിക്ക് പഞ്ചാബിലുണ്ടായ സുരക്ഷാവീഴ്ചയുമെല്ലാം ബി.ജെ.പി.യുടെ ആവനാഴിയിലുണ്ട്.

കഴിഞ്ഞതവണ പടിയിറങ്ങേണ്ടിവന്ന ശിരോമണി അകാലിദളിന്റെ പ്രതീക്ഷ കര്‍ഷകസമരത്തിന്റെ ഊര്‍ജമാണ്. എന്നാല്‍, ബി.ജെ.പി.യുമായി സഖ്യം അവസാനിപ്പിച്ച അവര്‍ക്ക് 2022-ലെ തിരിച്ചുവരവ് എളുപ്പമാകില്ല.


ചന്നിയുടെ സ്വീകാര്യത

1967 മുതല്‍ പഞ്ചാബില്‍ കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയായത് 21 ശതമാനമുള്ള ജാട്ട് സിഖ്‌ വിഭാഗത്തില്‍നിന്നാണ്. ഇതിലൊരു വ്യത്യാസം 1972 മുതല്‍ 1977 വരെ മുഖ്യമന്ത്രിയായിരുന്ന ഗ്യാനി സെയില്‍ സിങ്ങാണ്. 31 ശതമാനത്തോളമുള്ള മറ്റു പിന്നാക്ക സമുദായത്തില്‍ (ഒ.ബി.സി.)പ്പെടുന്ന രാംഗഡിയ സമുദായത്തില്‍നിന്നുള്ള ആളായിരുന്നു അദ്ദേഹം.

33 ശതമാനംവരുന്ന പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍നിന്ന് ഒരു മുഖ്യമന്ത്രിയുണ്ടാകുന്നത് കഴിഞ്ഞ സെപ്റ്റംബറില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മാറ്റി കോണ്‍ഗ്രസ്‌ ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കുമ്പോഴാണ്. ചാംകൂര്‍ സാഹിബ് എന്നാണ് അദ്ദേഹത്തെ ആദരപൂര്‍വം വിളിക്കുന്നത്.

Charanjit Singh Channi

മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ ജനസമ്മതിയിലാണ് കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ (33 ശതമാനം) ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. മാത്രമല്ല, താരതമ്യേന ചെറുപ്പവുമാണ്. ജനങ്ങളുമായി നന്നായി ഇടപഴകും. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതോടെ ശിരോമണി അകാലിദള്‍ ബിഎസ്പിയെ കൂട്ടുപിടിച്ചുള്ള പരീക്ഷണത്തിന്റെ മുനയൊടിക്കാനായെന്നാണ്‌ കോണ്‍ഗ്രസ് അവകാശവാദം. എ.എ.പി.യുടെ വോട്ട്ബാങ്കിലെ നല്ലൊരു ഭാഗവും ദളിതരാണ്. അവിടെയും സ്വാധീനം ചെലുത്താന്‍ ചന്നിയുടെ മുഖ്യമന്ത്രി പദവി സഹായകമാവുമെന്നാണ് അഭിപ്രായസര്‍വേ പ്രവചനത്തെ മറികടന്നുള്ള കോണ്‍ഗ്രസ് പ്രതീക്ഷ.

ദളിത്‌ വിഭാഗം കഴിഞ്ഞാല്‍ ഏറ്റവും വലിയ വിഭാഗം 31.3 ശതമാനം വരുന്ന പിന്നാക്കസമുദായമാണ് (ഒ.ബി.സി.). സവര്‍ണര്‍ 30 ശതമാനം വരും. സിഖ്, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നീ എല്ലാമതത്തിലും ഉള്‍പ്പെട്ടതാണ് ഈ കണക്ക്. സിഖുകാരാണ് ഏറ്റവും വലിയ മതവിഭാഗം (59 ശതമാനം) ഹിന്ദുക്കള്‍ 38 ശതമാനവും മുസ്ലിങ്ങള്‍ 1.93 ശതമാനവും.

സിദ്ദു ഘടകം

കോണ്‍ഗ്രസില്‍ എത്തിയതുമുതല്‍ അന്നത്തെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും നവജോത് സിങ് സിദ്ദുവും തമ്മില്‍ അടിയായിരുന്നു. ക്യാപ്റ്റനെ മാറ്റിയപ്പോള്‍ മുഖ്യമന്ത്രി ചന്നിക്കെതിരേ തിരിഞ്ഞു പി.സി.സി. പ്രസിഡന്റ് സിദ്ദു. ചന്നിയെ ചെറുതാക്കിക്കാണിക്കാനാണ് സിദ്ദുവിന്റെ ശ്രമം. ചന്നിയുടെ ജനസമ്മതിയെ മറികടന്ന് തനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലല്ലോ എന്നാണ് സിദ്ദുവിന്റെ സങ്കടം. എ.എ.പി.യെ പുകഴ്ത്തി തിരഞ്ഞെടുപ്പനന്തര രാഷ്ട്രീയത്തിലേക്ക് ഒരു കാല്‍ അവിടെയും വെച്ചിട്ടുണ്ട് സിദ്ദു. അതുകൊണ്ടാണ് കോണ്‍ഗ്രസ് സിദ്ദുവിനെ പുറത്താക്കാതിരിക്കുന്നത്. അദ്ദേഹം രാജിവെച്ചിട്ടും കൈവിടാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കോണ്‍ഗ്രസ് വിട്ടാല്‍ സിദ്ദു എ.എ.പി. പ്ളാറ്റ്‌ഫോമിലെത്തും. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഭയം. എന്നാല്‍, സിദ്ദു ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ടിരിക്കയാണ്.

ആം ആദ്മി പാര്‍ട്ടി

കര്‍ഷകരുടെ ബി.ജെ.പി.വിരുദ്ധ വികാരത്തെയും അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ പാളിച്ചകളെയും മുതലെടുക്കാനാണ് എ.എ.പി. ശ്രമിക്കുന്നത്. സമരരംഗത്തുണ്ടായിരുന്ന കര്‍ഷകരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എ.എ.പി.യുടെ സ്ഥാനാര്‍ഥികളില്‍ പലരും കര്‍ഷകനേതാക്കളില്‍നിന്നാകാന്‍ സാധ്യതയുണ്ട്. 

2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ നാല് ലോക്‌സഭാ സീറ്റാണ് ജയിച്ചത്. ഒപ്പം 34 അസംബ്ളി സീറ്റില്‍ ഒന്നാംസ്ഥാനത്തും ഏഴുസീറ്റില്‍ രണ്ടാംസ്ഥാനത്തുമെത്തി അവര്‍ പഞ്ചാബിനെ ഞെട്ടിച്ചു. അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ ഈറ്റില്ലമായ ഡല്‍ഹിയില്‍ അവര്‍ ഒരുസീറ്റും നേടിയില്ല. 2017-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ അവര്‍ 20 സീറ്റുനേടിക്കൊണ്ട് എസ്.എ.ഡി.യെ പിന്തള്ളി നിയമസഭയില്‍ രണ്ടാംസ്ഥാനത്തെത്തി. പക്ഷേ, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുസീറ്റേ നേടാനായുള്ളൂ.

Arvind Kejriwal

2017-ല്‍ 77 സീറ്റുമായി മൂന്നില്‍രണ്ട് ഭൂരിപക്ഷംനേടിയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരമേറ്റത്. എ.എ.പി.യില്‍നിന്നടക്കമുള്ള ഏഴുപേര്‍കൂടി ചേര്‍ന്നപ്പോള്‍ ഭരണകക്ഷിയുടെ പിന്തുണ 84 ആയി.

പഞ്ചാബ് വികാരം

പഞ്ചാബിന്റെ അഭിമാനമായ നേതാവാകണം എ.എ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന ശക്തമായ ആവശ്യം പഞ്ചാബിലെ എ.എ.പി.യില്‍ വന്നിട്ടുണ്ട്. പുറത്തുനിന്നുള്ള ഒരാളെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് പഞ്ചാബുകാര്‍ക്ക് സംശയമുണ്ട്. 2017-ലെ തിരഞ്ഞെടുപ്പില്‍ കെജ്രിവാളിന് പഞ്ചാബില്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. ആ അതിമോഹം തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ പരാതിയുയര്‍ന്നതാണ്. ആ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ജയിച്ച പത്തുപേരോളം പാര്‍ട്ടിവിട്ടുപോയത്.

അമരീന്ദര്‍സിങ്

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റുകിട്ടാത്തവരും നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരുമായ കോണ്‍ഗ്രസുകാര്‍ അവസാനഘട്ടത്തില്‍ അമരീന്ദറിന്റെ കുടക്കീഴില്‍ അണിനിരക്കാനിടയുണ്ട്. സിഖ് വികാരങ്ങളോട് എപ്പോഴും ചേര്‍ന്നുനിന്ന മുതിര്‍ന്നനേതാവെന്ന നിലയിലും പട്യാല മഹാരാജാവ് എന്ന പ്രതാപമുള്ള നിലയിലും അമരീന്ദര്‍സിങ്ങിന് വലിയ ആരാധകവൃന്ദമുണ്ട്. സംസ്ഥാനത്തെ പല ശക്തികേന്ദ്രങ്ങളും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹം ചെലുത്തുന്ന ഭീഷണി അത്ര നിസ്സാരമായി കോണ്‍ഗ്രസിന് തള്ളിക്കളയാനാവില്ല.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പതിമ്മൂന്നുമാസം തങ്ങളെ റോഡില്‍ കിടത്തിയതിന്റെ ദേഷ്യമുണ്ടെങ്കിലും അവസാനം നിയമങ്ങള്‍ പിന്‍വലിച്ചല്ലോയെന്ന് സമാധാനിക്കുകയും നന്ദി പറയുകയും ചെയ്യുന്ന കര്‍ഷകരുമുണ്ട്. ബി.ജെ.പി.-അമരീന്ദര്‍ സിങ് കൂട്ടുകെട്ടിന് പ്രതീക്ഷിക്കാവുന്ന വോട്ടുകളാണിത്.

amarinder singh-AMIT SHAH

അമരീന്ദര്‍ സിങ്-ബി.ജെ.പി. സഖ്യവും ചേരുന്നമുറയ്ക്ക് 2022 തിരഞ്ഞെടുപ്പ് ചതുഷ്‌കോണമത്സരമാകുകയാണ്. എങ്കിലും പ്രധാന മത്സരം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാവാനാണ് സാധ്യത.

ശിരോമണി അകാലിദള്‍

വിവാദ കാര്‍ഷികനിയമങ്ങളുടെ പേരില്‍ സഖ്യംവിടുകയും കേന്ദ്രസര്‍ക്കാരില്‍നിന്ന് രാജിവെക്കുകയുംചെയ്ത ശിരോമണി അകാലിദള്‍ (ബാദല്‍) നിയമം പിന്‍വലിച്ചിട്ടും ബി.ജെ.പി. സഖ്യത്തിലേക്ക് തിരിച്ചുചെല്ലാന്‍ തയ്യാറാകാത്തത്, കേന്ദ്രസര്‍ക്കാരിനോട് കൃഷിക്കാര്‍ക്കുള്ള വെറുപ്പ് മാറിയിട്ടില്ല എന്നറിയുന്നതുകൊണ്ടാണ്. ബി.ജെ.പി. സഖ്യത്തിലേക്ക് തിരിച്ചുചെല്ലുന്നതിനുപകരം ബി.എസ്.പി.യുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തത്. എന്നാല്‍, തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാരുണ്ടാക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ശിരോമണി അകാലിദള്‍ പഴയ ബി.ജെ.പി. സഖ്യത്തിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധ്യമല്ല.

ബി.ജെ.പി.

ബി.ജെ.പി.യുടെ രാഷ്ട്രീയതന്ത്രം പതിവുപോലെ ഹിന്ദുവികാരം അടിസ്ഥാനമാക്കിയും രാജ്യസുരക്ഷയെ ഉയര്‍ത്തിക്കാട്ടിയുമായിരിക്കും. അതിര്‍ത്തിസംസ്ഥാനമെന്നനിലയ്ക്ക് രാജ്യരക്ഷ വലിയ വികാരമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ഇത്തരത്തിലൊരു രാഷ്ട്രീയ നാടകമാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.

MODI
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടയുന്ന കര്‍ഷകസമരക്കാര്‍ |ഫോട്ടോ:PTI

കര്‍ഷകസമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സിഖുകാരായിരുന്നു. കോണ്‍ഗ്രസിനെ നയിക്കുന്നത് സിഖുകാരാണ്. മുഖ്യമന്ത്രി ചന്നിയും സിഖ്, പി.സി.സി. പ്രസിഡന്റ് സിദ്ദുവും സിഖ്. ഇതിനെതിരേ ഹിന്ദുവികാരം മുതലെടുക്കാന്‍ ബി.ജെ.പി. മടിക്കാനിടയില്ല. തിരഞ്ഞെടുപ്പുകഴിഞ്ഞുള്ള ചാക്കിടലായിരിക്കും ബി.ജെ.പി.യുടെ മറ്റൊരു തന്ത്രം. ഒരു കൂട്ടുകക്ഷി സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ പിന്‍ബലം അവര്‍ക്ക് സഹായകമാവാം

Content Highlights : Punjab Assembly Election 2022-Political Analysis