ന്യൂഡല്‍ഹി: പുതുവര്‍ഷ ദിനത്തില്‍ നടക്കുന്ന കൂറ്റന്‍ റാലിയോടെ പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. എല്ലാ കാലത്തും പഞ്ചാബില്‍ കാഴ്ചക്കാരുടെ റോളില്‍ മാത്രമായിരുന്ന ബി.ജെ.പി, ഇത്തവണ ചരിത്രം മാറ്റിയെഴുതാനാണ് ലക്ഷ്യംവെക്കുന്നതെന്ന സൂചനയാണ് പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവരെ രംഗത്തിറക്കുന്നതിലൂടെ നല്‍കുന്നത്. സംസ്ഥാനത്തെ പുതിയ സഖ്യങ്ങളും കാര്‍ഷിക നിയമം പിന്‍വലിച്ചതും കോണ്‍ഗ്രസിനുള്ളിലെ കലാപവുമെല്ലാം വോട്ടാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.  

ഉത്തര്‍പ്രദേശില്‍ നടത്തിയപോലെ തിരഞ്ഞെടുപ്പ് റാലിക്കിടെ പഞ്ചാബിലും മോദി വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചന. പഞ്ചാബിനൊപ്പം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി ആയിരക്കണക്കിന് കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബിലെ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് ബി.ജെ.പി തയ്യാറാക്കുന്നതെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതിയ മുദ്രാവാക്യവും ബി.ജെ.പി ക്യാമ്പ് പുറത്തിറക്കി. 'പുതിയ പഞ്ചാബ് ബി.ജെ.പിയോടൊപ്പം' (നവാ പഞ്ചാബ്-ബിജെപി ദേ നാള്‍) എന്നതാണ് ബി.ജെ.പിയുടെ പഞ്ചാബിലെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. 

പഞ്ചാബില്‍ ഇനിവരുന്ന സർക്കാർ ബി.ജെ.പിയുടെ പിന്തുണയില്ലാതെ ആര്‍ക്കും രൂപവത്കരിക്കാനാവില്ലെന്ന് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രതികരിച്ചു. അകാലിദളുമായുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള സഖ്യം അവസാനിപ്പിച്ചതിന് ശേഷം ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ മുഴുവന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങുമായുള്ള സഖ്യത്തിലാണ്. 

ആകെയുള്ള 117 സീറ്റില്‍ ബി.ജെ.പി ഇത്തവണ 70 സീറ്റില്‍ മത്സരിച്ചേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അകാലിദളുമായുള്ള സഖ്യത്തില്‍ കേവലം 23 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് ലഭിച്ചിരുന്നത്. അമരീന്ദര്‍ സിങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസിന് 30-35 സീറ്റുകളും സുഖ്‌ദേവ് സിങ് ദിന്‍സയുടെ പാര്‍ട്ടിക്ക് 15 സീറ്റും ലഭിച്ചേക്കും.

കോണ്‍ഗ്രസില്‍ നിന്നും അകാലിദളില്‍ നിന്നും എ.എ.പിയില്‍ നിന്നും നേതാക്കളെ തിരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ ചാടിച്ച് പാര്‍ട്ടിയില്‍ എത്തിക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷക വോട്ടുകളെ സ്വാധീനിക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. ഹിന്ദു വോട്ടുകള്‍ തന്നെയാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. സിഖ് വോട്ടുകള്‍ സഖ്യ കക്ഷികളും നേടിയാല്‍ പഞ്ചാബില്‍ കാര്യങ്ങള്‍ പഴയതുപോലെ ആയിരിക്കില്ലെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

Content Highlights: PM's Punjab Rally, Poll Slogan In BJP's New Year Campaign Launch