ഇംഫാൽ: അഞ്ചുവർഷത്തെ ബി.ജെ.പി. ഭരണം മണിപ്പുരിൽ കോൺഗ്രസിനെ ശോഷിച്ചനിലയിലാക്കി. അതുകൊണ്ടുതന്നെ ഹൈക്കമാൻഡ് തിരിഞ്ഞുനോക്കുന്ന പതിവുമില്ലായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം പുറത്തുവന്ന എ.ബി.പി.-സിവോട്ടർ സർവേയിൽ മണിപ്പുരിൽ ബി.ജെ.പി.യും കോൺഗ്രസും ബലാബലം എന്നാണ് പറയുന്നത്. ഇതോടെ കോൺഗ്രസ് ക്യാമ്പ് ആവേശഭരിതമായി.

തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയില്ലെങ്കിലും ഭരണം പിടിക്കുകയെന്ന അമിത്ഷായുടെ തന്ത്രത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഇരയായിരുന്നു മണിപ്പുരിലെ കോൺഗ്രസ്. 2017-ലെ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 28 സീറ്റുനേടി കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷിയായത്.

കേവലഭൂരിപക്ഷത്തിനു മൂന്നുസീറ്റുമാത്രം മതി. ബി.ജെ.പി.ക്ക് 21 സീറ്റുമാത്രം. എന്നാൽ, ഫലമറിഞ്ഞതിനുപിന്നാലെ ബി.ജെ.പി. പ്രാദേശികകക്ഷികളുടെ സഹായത്തോടെ സർക്കാരുണ്ടാക്കി കോൺഗ്രസിനെ ഞെട്ടിച്ചു. അഞ്ചുവർഷത്തെ ഭരണത്തിനിടെ കോൺഗ്രസിന്റെ കുറെ എം.എൽ.എ.മാരെയും നേതാക്കളെയും ബി.ജെ.പി. സ്വന്തം പാളയത്തിലെത്തിക്കുകയും ചെയ്തു. ഇപ്പോൾ 15 എം.എൽ.എ.മാർ മാത്രമാണ് കോൺഗ്രസ് ക്യാമ്പിലുള്ളത്. 73-കാരനായ ഒക്രം ഇബോബി സിങ്ങാണ് ഇപ്പോഴും മണിപ്പുരിൽ പാർട്ടിയുടെ മുഖം. മൂന്നുതവണ മുഖ്യമന്ത്രിയായ അദ്ദേഹത്തിന് പ്രായത്തിന്റെ അവശതകളുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാകട്ടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഇബോബിയെയും കുടുംബത്തെയും വിടാതെ പിന്തുടരുന്നു.

തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടും ഇബോബി ഇതുവരെ വീടിനുപുറത്തിറങ്ങുകയോ ബി.ജെ.പി.ക്കെതിരേ വെടിപൊട്ടിക്കുകയോ ചെയ്തിട്ടില്ലെന്ന്‌ ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു. ഹൈക്കമാൻഡ് ഇപ്പോഴും ഇബോബിക്കൊപ്പമാണെന്നാണ് സൂചന. പഴയ ഫുട്ബോൾതാരവും പത്രപ്രവർത്തകനുമായ ബിരേൻ സിങ്ങാണ് മണിപ്പുരിലെ മുഖ്യമന്ത്രി. കോൺഗ്രസിലായിരുന്ന അദ്ദേഹം, 2017-ലാണ് ബി.ജെ.പി.യിലേക്ക് കൂടുമാറിയത്. ഇക്കുറി അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി തിരഞ്ഞെടുപ്പ്‌ നേരിടുന്നത്.