ന്യൂഡല്‍ഹി: മണിപ്പൂരില്‍ കോണ്‍ഗ്രസിന് 15 വര്‍ഷത്തെ തുടര്‍ഭരണം നഷ്ടമായത് 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. 60 അംഗ സഭയില്‍ 28 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷി ആയെങ്കിലും ഭൂരിപക്ഷം ലഭിച്ചില്ല.

സ്വന്തം നിലയ്ക്ക് 21 സീറ്റുനേടിയ ബി.ജെ.പി., കോണ്‍ഗ്രസിനെ പിളര്‍ത്തി. എട്ടുപേര്‍ പാര്‍ട്ടി വിട്ടു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും പിന്തുണകൂടി ലഭിച്ചപ്പോള്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമായി.

മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന എന്‍. ബിരേന്‍ സിങ് ബി.ജെ.പി.യുടെ മുഖ്യമന്ത്രി ആയത് അങ്ങനെയാണ്. 2016-ലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയത്. മണിപ്പൂരില്‍ ഭരണം നിലനിര്‍ത്തുകയെന്നത് ബി.ജെ.പി.ക്ക് നിര്‍ണായകമാണ്.

നിലവിലെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജത്തിനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. ആര്‍എസ്എസിന്റെ ഗുഡ്ബുക്കില്‍ ഇടം പിടിച്ചുള്ള ബിശ്വജിത് 2017-ല്‍ മുഖ്യമന്ത്രിയാകാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു.

Content Highlights: Manipur Assembly Election 2022 BJP Congress