'ഇന്ത്യയുടെ രത്നം' എന്നാണ് അറിയപ്പെടുന്നതെങ്കിലും വിഘടനവാദവും ഭീകരവാദവും അസ്ഥിരതയും പേറുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ദേശത്തെ സമാധാനത്തിലേക്കും പുരോഗതിയിലേക്കും കൈപ്പിടിച്ചുയര്‍ത്തിയെന്ന ബിജെപിയുടെ അവകാശവാദം എത്രത്തോളം സത്യമായിരുന്നുവെന്ന വിധിയെഴുത്തുകൂടിയായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്. ഫെബ്രുവരി 27-നും മാര്‍ച്ച് 13-നുമായി രണ്ടു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.

എന്‍. ബിരെന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാ മേഖലയിലും വികസനം കൊണ്ടുവന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിനെ താന്‍ മണിപ്പൂരിന്റെ പടിവാതിലില്‍ എത്തിച്ചുവെന്ന മോദിയുടെ അവകാശവാദവും ഇതിന്റെ തുടര്‍ച്ചയാണ്.

എന്നാല്‍, മണിപ്പുരിനെ അശാന്തമായ കടല്‍ പോലെയാക്കി ബിജെപി മാറ്റിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ പാരാ സ്പെഷല്‍ ഫോഴ്സസ് കമാന്‍ഡോകളുടെ വെടിവെയ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം കോണ്‍ഗ്രസ് പ്രധാന തിരഞ്ഞെടുപ്പ് ആയുധമാക്കുന്നു. നിലവിലുള്ള പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പ പിന്‍വലിക്കണമെന്ന ആവശ്യം നിരന്തരം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ചിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്.

ബിശ്വജിത്തിനെ വിശ്വസിച്ച് ബിജെപി

തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയില്ലെങ്കിലും ഭരണം പിടിക്കുകയെന്ന അമിത്ഷായുടെ തന്ത്രത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ഇരയായിരുന്നു മണിപ്പുരിലെ കോണ്‍ഗ്രസ്. 2017-ലെ തിരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ 28 സീറ്റുനേടി കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷിയായത്. കേവലഭൂരിപക്ഷത്തിനു മൂന്നുസീറ്റുമാത്രം മതി. ബി.ജെ.പി.ക്ക് 21 സീറ്റുമാത്രം. എന്നാല്‍, ഫലമറിഞ്ഞതിനുപിന്നാലെ ബി.ജെ.പി. പ്രാദേശിക കക്ഷികളായ  നാഗാ പീപ്പിള്‍സ് ഫ്രന്റ് (എന്‍പിഎഫ്), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി), ലോക ജനക്തി പാര്‍ട്ടി എന്നിവരുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കി കോണ്‍ഗ്രസിനെ ഞെട്ടിച്ചു.

IMAGE
2017-ലെ കക്ഷി നില

ഇത്തവണ അധികാരം നിലനിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. എന്‍. ബീരെന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പ്രകടനത്തിന് അനുസരിച്ചാകും ജനങ്ങള്‍ ബിജെപിക്ക് വീണ്ടും വോട്ട് നല്‍കുക. ഇത്തവണ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. അസം മാതൃകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് പാര്‍ട്ടിയുടെ നീക്കം. 2016-ല്‍ അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ മുഖമായിരുന്നു സര്‍ബാനന്ദ സോനോവാള്‍. എന്നാല്‍ 2021-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി തന്ത്രം മാറ്റി. ഹിമന്ത ബിശ്വ ശര്‍മയ്ക്ക് ബാറ്റണ്‍ കൈമാറി. അതേ രീതിയാകും മണിപ്പൂരിലും പിന്തുടരുക.

നിലവിലെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജത്തിനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. ആര്‍എസ്എസിന്റെ ഗുഡ്ബുക്കില്‍ ഇടം പിടിച്ചുള്ള ബിശ്വജിത് 2017-ല്‍ മുഖ്യമന്ത്രിയാകാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ബീരെന്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കാന്‍ ദേശീയ നേതൃത്വം തിരുമാനിക്കുകയായിരുന്നു. ബീരെന്‍ സിങ്ങിനെ ബിജെപിയിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച നേതാവ് കൂടിയായ ബിശ്വജിത്ത് അന്ന് പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

'ബിജെപി ഒരു കുടുംബമാണ്. എന്നിലുള്ള വിശ്വാസത്തെ ഞാന്‍ വിലമതിക്കുന്നു. ഞങ്ങളുടെ കേന്ദ്ര നേതൃത്വം എനിക്കായി തീരുമാനിക്കുന്ന ഏത് റോളും ഞാന്‍ നിര്‍വഹിക്കും' അന്ന് ബിശ്വജിത് പ്രതികരിച്ചു. 2017 ല്‍ നേടിയ 21 സീറ്റുകളിലധികം നേടി ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. കഴിഞ്ഞ തവണ 1000 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട 12 സീറ്റുകള്‍ പാര്‍ട്ടിക്കുണ്ട്. 500 വോട്ടുകളില്‍ താഴെ മണ്ഡലം നഷ്ടപ്പെട്ട ആറു ഇടങ്ങളും. ഇത്തവണ കൃത്യമായി ഗൃഹപാഠത്തോടെയാണ് തിരഞ്ഞെടുപ്പിന് തങ്ങള്‍ ഒരുങ്ങുന്നതെന്നും ബിശ്വജിത്ത് കൂട്ടിച്ചേര്‍ത്തു.

വിരലുകളുടെ എണ്ണം കുറയുന്ന കൈപ്പത്തി

മണിപ്പൂരില്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ ബിജെപി ഭരണത്തിനിടയില് പാര്‍ട്ടി വിടുന്ന 15-ാമത്തെ എംഎല്‍എയാണ് അമോ.

മുതര്‍ന്ന കോണ്‍ഗ്രസ് നിയമസാഭംഗം ഡി കൊറുങ്താങ് ജനുവരി അഞ്ചിന് എന്‍പിഎഫില്‍ ചേര്‍ന്നിരുന്നു. 2021 നവംബറില്‍ എംഎല്‍എമാരായ ആര്‍കെ ഇമോ സിങ്ങും യാംതോഗ് ഹാക്കിപും എതിര്‍പാളയത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെ മുന്‍ സംസ്ഥാന പ്രസിഡന്റ് ഗോവിന്ദാസ് കോന്തൗജവും ബിജെപിയിലെത്തി. ഇപ്പോള്‍ 13 എം.എല്‍.എ.മാര്‍ മാത്രമാണ് കോണ്‍ഗ്രസ് ക്യാമ്പിലുള്ളത്.

73-കാരനായ ഒക്രം ഇബോബി സിങ്ങാണ് ഇപ്പോഴും മണിപ്പുരില്‍ പാര്‍ട്ടിയുടെ മുഖം. മൂന്നുതവണ മുഖ്യമന്ത്രിയായ അദ്ദേഹത്തിന് പ്രായത്തിന്റെ അവശതകളുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാകട്ടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ഇബോബിയെയും കുടുംബത്തെയും വിടാതെ പിന്തുടരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഇബോബി ഇതുവരെ വീടിനുപുറത്തിറങ്ങുകയോ ബി.ജെ.പി.ക്കെതിരേ വെടിപൊട്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു. ഹൈക്കമാന്‍ഡ് ഇപ്പോഴും ഇബോബിക്കൊപ്പമാണെന്നാണ് സൂചന.

ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍പിപി

ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എന്‍പിപി ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രിയായ വൈ ജോയ്കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ വിലപേശല്‍ ശക്തി കൂടുമെന്നും അന്ന് വേണമെങ്കില്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ ചേര്‍ന്ന് സഖ്യത്തിലെത്തി അധികാരം പങ്കിടാനാകുമെന്നും ജോയ്കുമാര്‍ പ്രതീക്ഷ പങ്കുവെച്ചിരുന്നു.

നാല് എംഎല്‍എമാരുള്ള എന്‍പിപി ബിജെപിയുമായി നല്ല ബന്ധത്തിലല്ല. നാല് എന്‍പിപി മന്ത്രിമാരില്‍ രണ്ടുപേരെ നേരത്തേ ക്യാബിനറ്റില്‍ നിന്നും ബിജെപി പുറത്താക്കിയിരുന്നു. ഇത് സഖ്യത്തിനുള്ളില്‍ വലിയ അതൃപ്തിക്ക് കാരണമായി. പിന്നീട് എന്‍പിപി ദേശീയ പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കൊണാര്‍ഡ് കെ. സാങ്മ മുന്‍കൈയെടുത്ത് അതൃപ്തികള്‍ പരിഹരിക്കുകയായിരുന്നു. 2020ലെ അധികാരത്തര്‍ക്കത്തിനിടെ എന്‍പിപി, ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് സഖ്യത്തില്‍ തിരിച്ചെത്തി.

എന്‍ഡിഎ സഖ്യത്തിനൊപ്പമുള്ള എന്‍പിഎഫ് ഒരു ഡസനോളം സ്ഥാനാര്‍ഥികളെ കളത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ബിജെപിയുമായി സഖ്യം തുടരുമോ എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.  

Content Highlights: Manipur Assembly Election 2022